
ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ ഒരു പ്രത്യേക സമിതി രൂപീകരിക്കാൻ ധാരണയായി. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർണായക തീരുമാനം.
ഇതുവരെ വടക്കൻ അതിർത്തി മേഖലയിൽ മാത്രമുണ്ടായിരുന്ന തർക്ക പരിഹാര സംവിധാനങ്ങൾ ഇനി കിഴക്കൻ, മദ്ധ്യ മേഖലകളിലേക്കും വ്യാപിപ്പിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കാനും ടൂറിസ്റ്റ് വിസകൾ വേഗത്തിൽ ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്.
സഹകരണത്തിന്റെ പുതിയ അധ്യായം
ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കും. കൈലാസ് മാനസരോവർ യാത്ര കൂടുതൽ സുഗമമാക്കാനും, ലിപുലേഖ് പാസ്, ഷിപ്കില പാസ്, നാഥു ലാ പാസ് വഴിയുള്ള വ്യാപാര ബന്ധങ്ങൾ പുനരാരംഭിക്കാനും ധാരണയായിട്ടുണ്ട്.
2026-ൽ ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് എത്തുമെന്നാണ് റിപ്പോർട്ടുകൾ. 2024 ഒക്ടോബറിൽ റഷ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷീ ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ചയാണ് ഈ പുരോഗതിക്ക് വഴി തുറന്നതെന്ന് അജിത് ഡോവൽ പറഞ്ഞു.
നിലവിൽ ഇരു രാജ്യങ്ങൾക്കും പൊതുവായ വെല്ലുവിളികളുണ്ടെന്നും, അതിനാൽ പരസ്പര സഹകരണം പ്രധാനമാണെന്നും ഡോവൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മോദി ഉടൻ ചൈന സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബന്ധം മെച്ചപ്പെടുന്നത് ഇരു രാജ്യങ്ങൾക്കും ഗുണകരം
ഇന്ത്യയും ചൈനയും തമ്മിലുള്ള അകൽച്ച ആർക്കും ഗുണം ചെയ്യില്ലെന്ന് വാങ് യി പറഞ്ഞു. 2024-ലെ മോദി-ഷീ കൂടിക്കാഴ്ച അതിർത്തിയിലെ സാഹചര്യം മെച്ചപ്പെടുത്താൻ സഹായിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ആരോഗ്യകരമായ ബന്ധം ഇരു രാജ്യങ്ങളുടെയും ദീർഘകാല താൽപര്യങ്ങൾക്ക് അത്യന്താപേക്ഷിതമാണെന്ന് ചരിത്രം തെളിയിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020-ലെ ഗാൽവൻ സംഘർഷത്തിന് ശേഷം വഷളായ ബന്ധം സാധാരണ നിലയിലാക്കാൻ ഒരു വർഷമായി ചർച്ചകൾ നടന്നുവരികയാണ്. നിലവിൽ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ഇരു രാജ്യങ്ങളും പതിനായിരക്കണക്കിന് സൈനികരെ വിന്യസിച്ചിട്ടുണ്ട്.











