
ഡ്രാഗണും ആനയും ഒരുമിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ചൈനീസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. രണ്ടു രാജ്യങ്ങളുടെയും വളർച്ചക്ക് പരസ്പര സഹകരണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന എസ്‌സിഒ ഉച്ചകോടിയോടനുബന്ധിച്ചാണ് പ്രദാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും കൂടിക്കാഴ്ച്ച നടത്തിയത്.
ചൈനയും ഇന്ത്യയും പൗരസ്ത്യ ലോകത്തെ രണ്ട് പുരാതന നാഗരികതകളാണെന്ന് ഉബയകക്ഷി ചർച്ചയിൽ ചൈനീസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ. ഇരുരാജ്യങ്ങളിലെയും ജനതയുടെയും ക്ഷേമം മെച്ചപ്പെടുത്തുക, വികസ്വര രാജ്യങ്ങളുടെ ഐക്യദാർഢ്യവും പുനരുജ്ജീവനവും പ്രോത്സാഹിപ്പിക്കുക, മനുഷ്യസമൂഹത്തിൻ്റെ പുരോഗതിക്ക് നേതൃത്വം നൽകുക എന്നീ ചരിത്രപരമായ ഉത്തരവാദിത്വങ്ങൾ ഇരു രാജ്യങ്ങളും വഹിക്കുന്നു. നല്ല അയൽബന്ധവും സൗഹൃദബന്ധവുമുള്ള സുഹൃത്തുക്കളായി പരസ്പരം വിജയത്തിന് വഴിയൊരുക്കുന്ന പങ്കാളികളാകണമെന്നും ഡ്രാഗണും ആനയും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ചൈന-ഇന്ത്യ നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികമാണ്. തന്ത്രപരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ കാഴ്ചപ്പാടോടെ ഇരു രാജ്യങ്ങളും ബന്ധത്തെ സമീപിക്കേണ്ടതുണ്ട്. ഏഷ്യയിലും ലോകമെമ്പാടും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കണം. അദ്ദേഹം പറഞ്ഞു. പരസ്പര വിശ്വാസം, ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്ന് ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു.
ഏഴ് വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദിയുടെ ചൈന സന്ദർശിക്കുന്നത്. ലഡാക്ക് സംഘർഷത്തിന് ശേഷം 2018-ലായിരുന്നു അദ്ദേഹത്തിന്റെ അവസാന സന്ദർശനം. ഇന്ത്യ-യുഎസ് ബന്ധം വഷളാവുകയും ഇന്ത്യയും ചൈനയും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ ഉച്ചകോടിക്ക് വലിയ പ്രാധാന്യമുണ്ട്.











