
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിലവറകളിൽനിന്ന് 102 ടൺ സ്വർണം അതീവ സുരക്ഷാ സംവിധാനങ്ങളോടെ ഇന്ത്യയിലെത്തിച്ചു. റിസർവ് ബാങ്കിന്റെ കരുതൽ ശേഖരമായി വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വർണത്തിൽ നിന്നാണ് ഇത്രയേറെ സ്വർണം രാജ്യത്തേക്ക് തിരികെ എത്തിച്ചിരിക്കുന്നത്. പ്രത്യേക വിമാനത്തിൽ ഇന്ത്യയിലെത്തിച്ച 1,02,000 കിലോഗ്രാം സ്വർണം സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്.
സെപ്റ്റംബർ അവസാനം വരെ 855 ടൺ സ്വർണമാണ് ഇന്ത്യ കരുതിവെച്ചിട്ടുള്ളതെന്ന് ആർബിഐ അടുത്തിടെ പുറത്തിറക്കിയ ഫോറിൻ എക്‌സ്‌ചേഞ്ച് റിസർവ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ 510.5 ടൺ ഇന്ത്യയിൽതന്നെയാണ് നിലവിൽ സൂക്ഷിച്ചിട്ടുള്ളത്.
1697 മുതൽ ആഗോള തലത്തിൽ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾക്കായി സ്വർണം സൂക്ഷിക്കുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആണ്. ഇന്ത്യക്ക് പുറത്ത് നിലവിൽ 324 ടൺ സ്വർണമാണുള്ളത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്‌സ് എന്നിവയുടെ സുരക്ഷിത സങ്കേതിങ്ങളിലാണ് ഇത്രയും സ്വർണം സൂക്ഷിച്ചിട്ടുള്ളത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സ്വർണം ഇന്ത്യയിൽ സൂക്ഷിക്കാനുള്ള തീരുമാനത്തിന് ഏറെ പ്രസക്തിയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.