10:11pm 26 June 2026
NEWS
വിയറ്റ്‌നാമിനും ഇൻഡൊനീഷ്യയ്ക്കും ബ്രഹ്‌മോസ്; ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി രം​ഗം കൂടുതൽ ശക്തമാകുന്നു
23/12/2025  01:22 PM IST
nila
വിയറ്റ്‌നാമിനും ഇൻഡൊനീഷ്യയ്ക്കും ബ്രഹ്‌മോസ്; ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി രം​ഗം കൂടുതൽ ശക്തമാകുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി രം​ഗം കൂടുതൽ ശക്തമാകുന്നു. വിയറ്റ്‌നാമിനും ഇൻഡൊനീഷ്യയ്ക്കും ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ വിൽക്കാനുള്ള കരാർ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏകദേശം 4,000 കോടി രൂപ മൂല്യമുള്ള ഈ ഇടപാട് യാഥാർഥ്യമാകുന്നതോടെ ആസിയാൻ മേഖലയിലെ ഇന്ത്യയുടെ പ്രതിരോധ സ്വാധീനം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.

ബ്രഹ്‌മോസ് മിസൈൽ പദ്ധതിയിലെ പങ്കാളിയായ റഷ്യ ഈ കയറ്റുമതിക്ക് അനുമതി നൽകിക്കഴിഞ്ഞു. ഇതോടെയാണ് കരാറിന് വഴിതെളിഞ്ഞത്. ഡിസംബർ 4-ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവും നടത്തിയ ചർച്ചയിലാണ് റഷ്യ വാക്കാൽ സമ്മതം അറിയിച്ചത്. ഔദ്യോഗിക അനുമതി പത്രം ഉടൻ മോസ്‌കോയിൽ നിന്ന് ലഭിക്കുമെന്നാണ് സൂചന.

ദക്ഷിണ ചൈനാ കടലിൽ ചൈനയുടെ വർധിച്ച സാന്നിധ്യം വിയറ്റ്‌നാമിനെയും ഇൻഡൊനീഷ്യയെയും ആശങ്കയിലാക്കിയ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ നിന്നുള്ള മിസൈൽ വാങ്ങൽ. സമുദ്രപരിധി തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തീരസുരക്ഷ ഉറപ്പാക്കാനാണ് ഇരുരാജ്യങ്ങളും ഇന്ത്യയെ പ്രതിരോധ പങ്കാളിയായി തിരഞ്ഞെടുക്കുന്നത്.

ശബ്ദത്തേക്കാൾ ഏകദേശം മൂന്നിരട്ടി വേഗതയിൽ (Mach 2.8) സഞ്ചരിക്കുന്ന ബ്രഹ്‌മോസ്, ലോകത്തിലെ ഏറ്റവും ശക്തമായ സൂപ്പർസോണിക് ക്രൂസ് മിസൈലുകളിലൊന്നാണ്. 290 കിലോമീറ്റർ ദൂരപരിധിയുള്ള പതിപ്പുകളാണ് കയറ്റുമതിക്കായി നൽകുന്നത്. ഇന്ത്യയിൽ നിന്നു ബ്രഹ്‌മോസ് വാങ്ങിയ ആദ്യ വിദേശരാജ്യം ഫിലിപ്പീൻസ് ആയിരുന്നു. അതിന് പിന്നാലെ മറ്റ് രാജ്യങ്ങളും താത്പര്യം പ്രകടിപ്പിക്കുകയാണ്.

2024 മെയ് മാസത്തിൽ നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നടപടിയിൽ ബ്രഹ്‌മോസിന്റെ പ്രഹരശേഷി വ്യക്തമായിരുന്നു. സുഖോയ്-30 എംകെഐ യുദ്ധവിമാനത്തിൽ നിന്ന് വിക്ഷേപിച്ച മിസൈലുകൾ പാക് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതോടെ ബ്രഹ്‌മോസ് ആഗോള ശ്രദ്ധ നേടി. 2028-ഓടെ 800 കിലോമീറ്റർ ദൂരപരിധിയുള്ള പുതിയ പതിപ്പും പുറത്തിറക്കാനാണ് പദ്ധതി.

ബ്രഹ്‌മോസിന് പുറമെ ഇന്ത്യ വികസിപ്പിച്ച ആകാശ് വ്യോമപ്രതിരോധ സംവിധാനം, പിനാക മൾട്ടിബാരൽ റോക്കറ്റ് സംവിധാനം, അഡ്വാൻസ്ഡ് ടോയ്ഡ് ആർട്ടിലറി ഗൺ എന്നിവയ്ക്കും അന്താരാഷ്ട്ര തലത്തിൽ വലിയ ആവശ്യമാണ്. അർമേനിയ ഇതിനകം ആകാശും പിനാകയും സ്വന്തമാക്കിയിട്ടുണ്ട്. വിയറ്റ്‌നാം, ബ്രസീൽ, യുഎഇ തുടങ്ങിയ രാജ്യങ്ങളും പിനാകയിൽ താൽപര്യം അറിയിച്ചിട്ടുണ്ട്. ഫ്രഞ്ച് സൈന്യവും ഇന്ത്യ വികസിപ്പിക്കുന്ന നവീകരിച്ച പിനാക പതിപ്പിനെ ശ്രദ്ധാപൂർവം വിലയിരുത്തുന്നുണ്ട്.

2024–25 സാമ്പത്തിക വർഷത്തിൽ, ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 23,622 കോടി രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഈ മേഖലയിൽ 31 ഇരട്ടി വളർച്ച രേഖപ്പെടുത്തി. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി 2029-ഓടെ കയറ്റുമതി 50,000 കോടി രൂപയാക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img