
ദോഹ: വെറും ഏഴാം വയസ്സിൽ തന്നെ അത്ഭുതകരമായ ഓർമ്മശക്തിയും നിരീക്ഷണ കഴിവും തെളിയിച്ച് ഖത്തറിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി യാഫി ഐമൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് പട്ടികയിൽ ഇടം നേടി.
വെറും മൂന്ന് മിനിറ്റ് 49 സെക്കൻഡ് സമയത്തിനുള്ളിൽ 150 കാറുകളുടെ ബ്രാൻഡുകളും മോഡലുകളും കൃത്യമായി തിരിച്ചറിഞ്ഞ് പറഞ്ഞതാണ് യാഫിയെ
ഈ നേട്ടത്തിന് അർഹനാക്കിയത്. ലാപ്‌ടോപ്പ് സ്‌ക്രീനിൽ കാറുകളുടെ ചിത്രങ്ങൾ കണ്ടുകൊണ്ടാണ് പരീക്ഷണം നടന്നത്.
2025 ജൂലൈ 8-ന് ‘IBR Achiever’ എന്ന തലക്കെട്ടിൽ ഈ നേട്ടം ഔദ്യോഗികമായി അംഗീകരിച്ചു.
ഗൾഫ് ടൈംസ് ജീവനക്കാരനായ സമീർ സി.പി., ഫാത്തിമ ഷഹ്നാസ് ദമ്പതികളുടെ മകനായ യാഫിക്ക് ബാല്യകാലം മുതൽ തന്നെ കാറുകളോടുള്ള ആകർഷണമുണ്ട്. കുടുംബയാത്രകളിലും പരസ്യങ്ങളിലും മാഗസിനുകളിലുമുള്ള കാറുകൾ ഉടൻ തിരിച്ചറിയുന്ന കഴിവാണ് യാഫിയെ വേറിട്ടുനിർത്തുന്നത്.
കോഴിക്കോട് സ്വദേശിയായ യാഫിയുടെ നേട്ടം ഖത്തറിലെയും സ്വന്തം നാട്ടിലെയും സമൂഹത്തിന് അഭിമാനമായി.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിന്റെ മാനേജ്‌മെന്റും അധ്യാപകരും വിദ്യാർത്ഥികളും യാഫിയെ പ്രശംസിച്ചു.











