11:44pm 03 July 2026
NEWS
അവസാന പ്രതീക്ഷയാണ്; ചീഫ് ജസ്റ്റിസിന് അയച്ച ആറ് പേജുള്ള കത്ത് പുറത്തുവിട്ട് കോൺഗ്രസ്
03/07/2026  07:30 PM IST
nila
അവസാന പ്രതീക്ഷയാണ്; ചീഫ് ജസ്റ്റിസിന് അയച്ച ആറ് പേജുള്ള കത്ത് പുറത്തുവിട്ട് കോൺഗ്രസ്

ന്യൂഡൽഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണവുമായി ഇന്ത്യ സഖ്യം ചീഫ് ജസ്റ്റിസിന് നൽകിയ കത്തിന്റെ പൂർണ്ണരൂപം കോൺഗ്രസ് പുറത്തുവിട്ടു. ആറ് പേജുകളുള്ള കത്തിൽ 23 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും ഒരു സ്വതന്ത്ര എംപിയും ഒപ്പുവെച്ചിട്ടുണ്ട്.

സാധാരണ സാഹചര്യങ്ങളിൽ ചീഫ് ജസ്റ്റിസിന് ഇത്തരത്തിൽ കത്തയക്കാറില്ലെന്നും, എന്നാൽ രാജ്യത്തെ ജനാധിപത്യം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് അസാധാരണമായ ഈ നടപടി സ്വീകരിച്ചതെന്നും കത്തിൽ വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സംഭവങ്ങൾ വർധിച്ചുവരികയാണെന്നും, ഇത്തരം ആശങ്കകളിൽ സുപ്രീം കോടതി ഇടപെടാതിരുന്നാൽ അത് ജനാധിപത്യത്തിന്റെ സമ്പൂർണ തകർച്ചയിലേക്ക് നയിക്കുമെന്നുമാണ് ഇന്ത്യ സഖ്യത്തിന്റെ മുന്നറിയിപ്പ്. "മറ്റെല്ലാ സംവിധാനങ്ങളും പരാജയപ്പെട്ടാലും ജനങ്ങൾക്ക് അവസാന പ്രതീക്ഷ കോടതിയാണ്. എന്നാൽ കോടതിയും പ്രതികരിക്കാതിരുന്നാൽ ജനാധിപത്യത്തിന്റെ അടിത്തറ തന്നെ തകരും" എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കോടതിയെ വിമർശിക്കുകയല്ല ലക്ഷ്യമെന്നും, മറിച്ച് ജനങ്ങളുടെ വിശ്വാസം നിലനിർത്താൻ ഭരണഘടനാപരമായ ഉത്തരവാദിത്തം കോടതി നിർവഹിക്കണമെന്ന അഭ്യർഥനയാണിതെന്നും കത്തിൽ പറയുന്നു. നിയമനിർമാണ-ഭരണ സംവിധാനങ്ങൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങൾ നീതിക്കായി കോടതിയെ സമീപിക്കുമെന്നും, അവിടെയും പരിഹാരം ലഭിക്കാത്ത സാഹചര്യം വലിയ ആശങ്കയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ മാസം 28-നാണ് ഇന്ത്യ സഖ്യം ചീഫ് ജസ്റ്റിസിന് കത്തയച്ചത്. തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടുകയാണെന്നാണ് പ്രധാന ആരോപണം. സുപ്രീം കോടതിയെ സമീപിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും, കോടതി ഇടപെട്ട് തിരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള ജനവിശ്വാസം സംരക്ഷിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു.

കത്ത് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് സുതാര്യത ഉറപ്പാക്കാനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനവിശ്വാസം നിലനിർത്താൻ സുപ്രീം കോടതി ആവശ്യമായ ഇടപെടൽ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img