
ന്യൂഡൽഹി: ഇന്ത്യൻ കരസേനയ്ക്കായി പുതിയ AH-64E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ കൊണ്ടുവന്നിരുന്ന വിമാനത്തിന് തുർക്കി വ്യോമപാത നിഷേധിച്ചെന്ന് റിപ്പോർട്ട്. അന്റോനോവ് An-124 എന്ന ചരക്കുവിമാനത്തിനാണ് തുർക്കി വ്യോമപാത ഉപയോഗിക്കാൻ അനുമതി നിഷേധിച്ചത്. ബോയിങ് നിർമ്മിച്ച മൂന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകൾ കരസേനയ്ക്ക് കൈമാറാനുള്ള യാത്രയാണ് ഇതോടെ മുടങ്ങിയത്.
ജർമനിയിലെ ലൈപ്സിഗിൽ നിന്ന് അരിസോണയിലെ മെസാ ഗേറ്റ്‌വേ വിമാനത്താവളത്തിൽ എത്തി ഹെലികോപ്റ്ററുകൾ ഏറ്റുവാങ്ങിയ വിമാനം ബ്രിട്ടനിലെ ഈസ്റ്റ് മിഡ്‌ലാൻഡ്‌സിൽ ഇന്ധനം നിറയ്ക്കാനിറങ്ങിയ ശേഷമാണ് ഇന്ത്യയിലേക്കുള്ള യാത്ര തടസ്സപ്പെട്ടത്. തുർക്കിയിൽ നിന്ന് അനുമതി ലഭിക്കാതെ എട്ടുദിവസം വിമാനത്താവളത്തിൽ കാത്തുനിന്ന ശേഷം വിമാനം മടങ്ങിപ്പോയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ തവണ അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോൾ തുർക്കി വ്യോമപാത അനുവദിച്ചിരുന്നെങ്കിലും, ഇപ്പോഴത്തെ തീരുമാനമാറ്റം കൈമാറ്റപ്രക്രിയ വൈകാൻ ഇടയാക്കുമെന്നാണ് സൈനികവൃത്തങ്ങളുടെ വിലയിരുത്തൽ. ബോയിങ് വഴിയൊരുക്കുന്ന പുതിയ ഹെലികോപ്റ്ററുകൾ ഇന്ത്യയിലെത്തിക്കാൻ മറ്റുവ്യോമപാതകൾ ഉപയോഗിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്.











