
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാസഖ്യം പ്രതിഷേധം ശക്തമാക്കുന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേസമയം, ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് കേരള നിയമസഭ ഇന്ന് പ്രത്യേക പ്രമേയം പാസാക്കും.
പ്രതിഷേധത്തിന്റെ ഭാഗമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് സംയുക്ത നിവേദനം നൽകാനാണ് പ്രതിപക്ഷ നേതാക്കൾ ശ്രമിച്ചത്. വൈകിട്ട് നാലിന് കൂടിക്കാഴ്ചയ്ക്ക് സമയം തേടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കത്തുനൽകിയിരുന്നു. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ചീഫ് ജസ്റ്റിസ് അനുമതി നൽകിയില്ല.
വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാൽ നിവേദനത്തിനു പകരം ഹർജി സമർപ്പിക്കാനാണ് ചീഫ് ജസ്റ്റിസ് നിർദേശിച്ചത്. ഹർജി നൽകിയാൽ നാളെ പരിഗണിക്കാമെന്നും മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ ഏതൊരു പൗരനും സമീപിക്കുന്നതിനായി സുപ്രീം കോടതി 24 മണിക്കൂറും തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
ഡൽഹിയിൽ പ്രതിഷേധം തുടരും
ഇന്നത്തെ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽനിന്നുള്ള യൂത്ത് കോൺഗ്രസ് ഭാരവാഹികളും ഡൽഹിയിലെത്തിയിട്ടുണ്ട്. നാളെയും പ്രതിഷേധം തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം. വിവിധ സംസ്ഥാനങ്ങളിലെ എംഎൽഎമാർ, സംസ്ഥാന ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ എന്നിവരോട് നാളെ ഡൽഹിയിലെത്താൻ നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ സംസ്ഥാനത്തെ എംഎൽഎമാർക്ക് ഇതിൽ ഇളവ് നൽകിയിട്ടുണ്ട്.
ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്നവർക്ക് പ്രതിഷേധത്തിൽ പങ്കുചേരാമെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്. ഡൽഹിയിൽ സമരരംഗത്തുള്ള യുവാക്കൾക്ക് പാർട്ടി പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള നിയമസഭയിൽ ഇന്ന് നിർണായക പ്രമേയം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ ഇന്ന് പ്രത്യേക പ്രമേയം പാസാക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശനാണ് പ്രമേയം അവതരിപ്പിക്കുക. സർക്കാർ കൊണ്ടുവരുന്ന പ്രമേയത്തെ പ്രതിപക്ഷമായ എൽഡിഎഫ് പൂർണമായി പിന്തുണയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ മാറ്റണമെന്നാവശ്യപ്പെട്ട് ഒരു സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് ആദ്യമായാണെന്നാണ് റിപ്പോർട്ട്.










