
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മണ്ണിനടിയിൽ നിക്ഷേപമായി കിടക്കുന്ന ടൺ കണക്കിന് സ്വർണം പുറത്തെടുക്കാൻ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. സ്വർണഖനന മേഖലയിലേക്ക് കൂടുതൽ കമ്പനികളെയും നിക്ഷേപകരെയും ആകർഷിക്കുന്നതിനായി പുതിയ നയരൂപരേഖ തയ്യാറാക്കുകയാണ് കേന്ദ്രം. ഇതുസംബന്ധിച്ച നിർദേശങ്ങൾ നിതി ആയോഗ് വൈകാതെ അവതരിപ്പിച്ചേക്കും. സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നതിനൊപ്പം നിലവിലുള്ള ഖനന ചട്ടങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്താനാണ് ആലോചന.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായിട്ടായിരിക്കും പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുക. ഖനനമേഖലയിൽ നിക്ഷേപം നടത്തുന്നതിന് തടസ്സമായ നിരവധി പ്രശ്നങ്ങൾ പരിഹരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഖനനസാധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളുടെ അഭാവം, ആവശ്യമായ സർവേകൾ നടക്കാത്തത്, വ്യക്തമായ നയരൂപരേഖയില്ലായ്മ, ഖനികളുടെ ലേല നടപടികളിലെ പോരായ്മകൾ, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ പ്രശ്നങ്ങൾ എന്നിവയാണ് പ്രധാന വെല്ലുവിളികൾ.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 600 ടൺ സ്വർണനിക്ഷേപം ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ ഏറ്റവും വലിയ പങ്ക് ബിഹാറിലാണ്. ആകെ നിക്ഷേപത്തിന്റെ 44–45 ശതമാനവും ബിഹാറിലാണെന്നാണ് വിലയിരുത്തൽ. രാജസ്ഥാനിൽ 25 ശതമാനവും കർണാടകയിൽ 21 ശതമാനവും സ്വർണനിക്ഷേപമുണ്ട്. പശ്ചിമബംഗാൾ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ മൂന്ന് ശതമാനം വീതവും ജാർഖണ്ഡിൽ രണ്ട് ശതമാനവുമാണ് കണക്കാക്കുന്നത്.
സ്വർണത്തിന്റെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കേണ്ടത് ഇന്ത്യയുടെ സാമ്പത്തിക നിലയ്ക്ക് നിർണായകമാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. പ്രതിവർഷം ശരാശരി 800 ടൺ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നതോടെ ഇറക്കുമതിക്കായി ചെലവഴിക്കേണ്ട തുകയും വർധിച്ചു. ഇത് വ്യാപാരക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും ഉയരുന്നതിനും രൂപയുടെ മൂല്യത്തിൽ സമ്മർദമുണ്ടാകുന്നതിനും കാരണമായിട്ടുണ്ട്.
ആഭ്യന്തര ഖനനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിദേശത്തുനിന്നുള്ള സ്വർണവാങ്ങൽ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം ഇറക്കുമതി നിയന്ത്രിക്കുന്നതിനുള്ള നടപടികളും കേന്ദ്രം തുടരുകയാണ്. നേരത്തേ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തിയിരുന്നു. അനിവാര്യമല്ലാത്ത സാഹചര്യങ്ങളിൽ സ്വർണം വാങ്ങുന്നത് മാറ്റിവയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.
വീടുകളിലും മറ്റ് സ്ഥാപനങ്ങളിലുമായി സൂക്ഷിച്ചിരിക്കുന്ന സ്വർണം സാമ്പത്തിക പ്രവർത്തനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള 'സ്വർണം പണമാക്കൽ' പദ്ധതിയും വീണ്ടും സജീവമാക്കാൻ കേന്ദ്രം ആലോചിക്കുന്നുണ്ട്. ഇതേസമയം, നടപ്പുവർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ രാജ്യത്തെ സ്വർണ ഇറക്കുമതിയിൽ 40 ശതമാനം കുറവുണ്ടായതായാണ് കണക്ക്. ഖനന മേഖലയിലെ പുതിയ പരിഷ്കാരങ്ങൾ യാഥാർഥ്യമായാൽ ആഭ്യന്തര സ്വർണ ഉൽപാദനത്തിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.











