
ന്യൂഡൽഹി: മൂന്നു വർഷത്തിനിടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ആയേക്കുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മോർഗൻ സ്റ്റാൻലിയാണ് 2028 ആകുമ്പോഴേക്കും സാമ്പത്തിക മേഖലയിൽ ഇന്ത്യ ജർമനിയെ മറികടക്കുമെന്ന് പ്രവചിക്കുന്നത്. 2026 ആകുമ്പോൾ 4.7 ട്രില്യൺ ഡോളർ എന്ന ലക്ഷ്യത്തിലെത്തുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് മുന്നിൽ യു.എസ്, ചൈന, ജർമനി എന്നീ രാജ്യങ്ങൾക്ക് പിന്നിലെത്തും. 2028ൽ 5.7 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയുമായി ജർമനിക്ക് മുന്നിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിലെ രീതിയിൽ വളർച്ച തുടർന്നാൽ 2035 ആകുമ്പോഴേക്കും ഇന്ത്യൻ സമ്പദ് വ്യവസ്ഥ 6.6 ട്രില്യൺ ഡോളറിലെത്തും. 1990-ൽ ഇന്ത്യ ലോകത്തെ 12-ാമത്തെ സാമ്പദ്‌വ്യവസ്ഥയായിരുന്നു. പത്ത് വർഷത്തിനപ്പുറം 2000 ആയപ്പോഴേക്കും ഇന്ത്യ 13-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. എന്നാൽ 2020 ആപ്പോഴേക്കും ഇന്ത്യ ഒമ്പതാമത്തെ വലിയ സാമ്പദ്‌വ്യവസ്ഥയായി മാറി. 2023 ആയപ്പോഴേക്കും ലോകത്തെ അഞ്ചാമത്തെ സാമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറി.