08:43pm 25 June 2026
NEWS
ഇന്ത്യയുടേത് ലോകത്തെ മുൻനിര നാവികസേന: കേന്ദ്ര മന്ത്രി
13/02/2025  04:23 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യയുടേത് ലോകത്തെ മുൻനിര നാവികസേന: കേന്ദ്ര മന്ത്രി

 ബെംഗളൂരു: കഴിഞ്ഞ പത്ത് വർഷക്കാലയളവ് സാമ്പത്തിക ശക്തിയെന്ന നിലയിലുള്ള ഇന്ത്യയുടെ വളർച്ചയ്ക്കൊപ്പം ലോകത്തെ മുൻനിര നാവികസേനയെന്ന നിലയിലുള്ള ഇന്ത്യൻ നാവികസേനയുടെ വളർച്ചയ്ക്കും രാജ്യം സാക്ഷ്യം വഹിച്ചതായി കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്. 
2047 ഓടെ പൂർണ്ണമായും സ്വയം പര്യാപ്തമാവുക എന്ന ലക്ഷ്യത്തോടെ നാവിക സേന പുറത്തുവിട്ട ഇന്ത്യൻ നേവൽ ഏവിയേഷൻ - ടെക്നോളജിക്കൽ റോഡ് മാപ്പ് 2047  വിഷനെക്കുറിച്ച് എയ്റോ ഇന്ത്യയിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ഭൂമിശാസ്ത്രപരമായ കിടപ്പ് മൂലം ഇന്ത്യൻ സമുദ്രത്തിൻ്റെ സുരക്ഷയുടെയും സമാധാനത്തിൻ്റെയും കാര്യത്തിൽ ഇന്ത്യയ്ക്ക്  നിർണ്ണായക പങ്ക് വഹിക്കാനുണ്ടെന്ന് സഞ്ജയ് സേത്ത് ചൂണ്ടിക്കാട്ടി. ആ പങ്ക് നിറവേറ്റുന്നതിന് നാവികസേന എല്ലാ നിലയ്ക്കും സ്വയം പര്യാപ്തത കൈവരിക്കേണ്ടതുണ്ട്. നാവികസേന തയ്യാറാക്കിയ വിഷൻ 2047 പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് പൂർണ്ണ അർത്ഥത്തിൽ കൈവരിക്കാൻ സഹായകമാകുന്നതാണ്. ഇന്ത്യയിലെ വിവിധ കപ്പൽശാലകളിലായി നാവിക സേനയ്ക്ക് വേണ്ടി 60 ഓളം യുദ്ധക്കപ്പലുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ തദ്ദേശിയമായി വികസിപ്പിച്ച 39 കപ്പലുകളും അന്തർവാഹിനികളും കമ്മിഷൻ ചെയ്തു. ഇതെല്ലാം കണക്കെടുക്കുമ്പോൾ ആത്മനിർഭർ ഭാരതിൻ്റെ ശരിക്കുള്ള അംബാസിഡറായി നാവിക സേനയെ വിശേഷിപ്പിക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
 അനുദിനം മാറിമറിയുന്ന യുദ്ധതന്ത്രങ്ങൾ ഏവിയേഷൻ മേഖലയിൽ പുത്തൻ സാങ്കേതിക വിദ്യകൾ സ്വയത്തമാക്കേണ്ടതിൻ്റെ പ്രാധാന്യം വർദ്ധിപ്പിച്ചിരിക്കുകയാണെന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി പറഞ്ഞു. നാവിക സേനയുടെ ഏവിയേഷൻ വിഭാഗം പരമ്പരാഗതമായ രഹസ്യ നിരീക്ഷണത്തിനുമപ്പുറം പുതിയ സാങ്കേതികാധിഷ്ഠിത ദൗത്യങ്ങളിലേക്ക് കുതിച്ചു ചാട്ടം നടത്തിയിരിക്കുകയാണ്. ഭാവിയിൽ നാവിക സേന നിർമ്മിക്കുന്ന പോർവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, എയർബോൺ സംവിധാനങ്ങൾ, ആയുധങ്ങൾ എന്നിവയെല്ലാം 2047 ഓടെ പൂർണ്ണമായി സ്വയം പര്യാപ്തത കൈവരിക്കുക എന്ന നാവിക സേനയുടെ  ലക്ഷ്യത്തിന് അനുസൃതമായി രൂപകൽപ്പന ചെയ്യുമെന്നും നാവിക സേനാ മേധാവി പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img