
ന്യൂഡൽഹി: പ്രതിപക്ഷ സഖ്യവും ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ്.ബി.സുദർശൻ റെഡ്ഡിയാണ് ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. അടുത്ത മാസം ഒമ്പതിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയെ നേരത്തേ ബിജെപി പ്രഖ്യാപിച്ചിരുന്നു. സി.പി.രാധാകൃഷ്ണനാണ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി.
1971 ഡിസംബർ 27-നാണ് ബി.സുദർശൻ റെഡ്ഡി ആന്ധ്രാപ്രദേശ് ബാർ കൗൺസിലിന് കീഴിൽ ഹൈദരാബാദിൽ അഭിഭാഷകനായി എന്റോൾ ചെയ്തത്. ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ റിട്ട്, സിവിൽ വിഷയങ്ങളിൽ പ്രാക്ടീസ് ചെയ്തു. 1988-90 കാലഘട്ടത്തിൽ ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡറായി സേവനമനുഷ്ഠിച്ചു.
1990-ൽ 6 മാസക്കാലം കേന്ദ്രസർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിംഗ് കോൺസലായും പ്രവർത്തിച്ചു. ഉസ്മാനിയ സർവകലാശാലയുടെ ലീഗൽ അഡൈ്വസറും സ്റ്റാൻഡിംഗ് കോൺസലുമായിരുന്നു. 1995-ൽആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിതനായി. 2005-ൽ ഗുവാഹത്തി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായി. 2007-ൽ സുപ്രീം കോടതിയിൽ ജഡ്ജിയായി നിയമിതനായി അദ്ദേഹം 2011-ന് വിരമിച്ചു. ഗോവയിലെ ആദ്യത്തെ ലോകായുക്തയും കൂടിയായിരുന്നു സുദർശൻ റെഡ്ഡി.











