
പാലാ: പാലാ നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം നിഷേധിച്ചതിൽ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ബിനു പുളിക്കക്കണ്ടം വിജയിച്ചു. ബിനുവിനൊപ്പം സഹോദരൻ ബിജു പുളിക്കക്കണ്ടവും മകൾ ദിയയും സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചു. പാലാ നഗരസഭയിലെ 13, 14, 15 വാർഡുകളിലാണ് മൂവരും ജയിച്ചത്.
കഴിഞ്ഞ 20 വർഷമായി നഗരസഭാ കൗൺസിലറായ ബിനു പുളിക്കക്കണ്ടം വിവിധ രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ വിജയം നേടിയിട്ടുള്ള വ്യക്തിയാണ്. ഒരു തവണ ബിജെപി ടിക്കറ്റിലും, ഒരു തവണ സിപിഎം ടിക്കറ്റിലും, രണ്ട് തവണ സ്വതന്ത്രനായും അദ്ദേഹം മുൻപ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിലെ നഗരസഭയിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഏക അംഗമായിരുന്നു ബിനു. കേരള കോൺഗ്രസ് (എം) യുമായുള്ള അഭിപ്രായഭേദങ്ങളെ തുടർന്ന് സിപിഎം അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
ബിനുവിന്റെ സഹോദരനായ ബിജു പുളിക്കക്കണ്ടം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി അടുത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് രേഖപ്പെടുത്തിയതും ശ്രദ്ധ നേടിയിരുന്നു. കന്നി തിരഞ്ഞെടുപ്പിൽ തന്നെ വിജയിച്ച ദിയയ്ക്ക് 21 വയസ്സാണ്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിഎ ബിരുദം നേടിയ ദിയ, ഇപ്പോൾ എംബിഎ പഠനത്തിനായി തയ്യാറെടുക്കുകയാണ്.
ബിനുവിന്റെയും ബിജുവിന്റെയും പിതാവ് പി.വി. സുകുമാരൻ നായർ നാല് പതിറ്റാണ്ട് കാലം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു.











