
'സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം' എന്ന പേരിലാണ് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.
ന്യൂഡൽഹി: സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈൽ പിക്ച്ചർ ത്രിവർണ്ണ പതാകയിലേക്ക് മാറ്റാൻ പൗരന്മാരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും പ്രൊഫൈൽ പിക്ച്ചർ ദേശീയ പതാകയാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. 'ഹർ ഘർ തിരംഗ' പ്രചാരണത്തിന്റെ ഭാഗമായാണ് സമൂഹ മാധ്യമങ്ങളിലും പ്രൊഫൈൽ പിക്ച്ചർ ത്രിവർണ പതാകയാക്കി മാറ്റുന്നത്.
ഓഗസ്റ്റ് 13 മുതൽ 15 വരെ നടക്കുന്ന ‘ഹർ ഘർ തിരംഗ’ പ്രചാരണത്തിൽ പങ്കെടുക്കാനും പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. "#HarGharTiranga കാമ്പയിനിന്റെ ഭാഗമായി, നമുക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി മാറ്റാം, നമ്മുടെ പ്രിയപ്പെട്ട രാജ്യവും നമ്മളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്ന ഈ അതുല്യമായ ശ്രമത്തിന് പിന്തുണ നൽകാം."- മോദി എക്‌സിൽ കുറിച്ചു.
കൂടാതെ ത്രിവർണ്ണ പതാകയ്‌ക്കൊപ്പമുള്ള ഫോട്ടോകൾ www.hargartiranga.com-ൽ അപ്‌ലോഡ് ചെയ്യാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. 75 വർഷം പൂർത്തിയാകുമ്പോൾ 'സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം' എന്ന പേരിലാണ് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.
















