
കൊച്ചി: ദക്ഷിണ നാവിക കമാന്‍ഡില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പരേഡ് അരങ്ങേറി. എല്ലാ ധീരജവാന്മാര്ക്കും ആദരാഞ്ജലി അര്‍പ്പിച്ച് ദക്ഷിണ നാവിക കമാന്‍ഡിലെ ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് വൈസ് അഡ്മിറല്‍ വി ശ്രീനിവാസ് യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയ സ്വാതന്ത്ര്യത്തിന്റെ ദീര്‍ഘവും പ്രയാസകരവുമായ യാത്രയെക്കുറിച്ച് അദ്ദേഹം വിവരിച്ചു. കൊളോണിയലിസത്തിന്റെ ചാരത്തില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി രാജ്യം ഉയര്‍ന്നുവന്നത് ആഗോള ക്രമത്തില്‍ ഇന്ത്യയുടെ സ്ഥാനം പുനര്നിര്വചിക്കുന്നതായും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതില്‍ ഇന്ത്യന്‍ സായുധ സേനയുടെ പങ്ക് എടുത്തുപറയുകയും ചെയ്തു.
ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിലെ നിര്‍ണായക നിമിഷമായ ഓപ്പറേഷന് സിന്ദൂര്‍ സംയുക്തവും തന്ത്രപരവുമായ ദീര്‍ഘവീക്ഷണത്തിന്റെ ശക്തി പ്രകടമാക്കിയതായി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. സങ്കീര്‍ണ്ണമായ ഭീഷണിയുള്ള അന്തരീക്ഷത്തില്‍ മള്‍ട്ടി ഡൊമെയ്ന്‍ ശേഷി സാധൂകരിക്കുന്നതിനൊപ്പം സമ്പൂര്‍ണ്ണ സമുദ്ര ആധിപത്യം ഉറപ്പിക്കുന്നതില്‍ ഇന്ത്യന്‍ നാവികസേന നിര്‍ണായക പങ്ക് വഹിച്ചു.
വിവിധ പ്രവര്‍ത്തന, പരിശീലന മുന്നണികളില്‍ ദക്ഷിണ നാവിക കമാന്‍ഡിന്റെ സംഭാവനയെ അദ്ദേഹം എടുത്തുകാണിച്ചു.
നാവിക ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ നാവികസേനയുടെ ഓപ്പറേഷണല്‍ ഡെമോ ഡിസംബര്‍ നാലിന് തിരുവനന്തപുരത്ത് നടക്കുമെന്ന് പ്രസംഗത്തിനിടെ പ്രഖ്യാപിച്ചു.
പരേഡില്‍ ത്രിവര്‍ണ്ണ പതാക പ്രദര്‍ശിപ്പിച്ചുകൊണ്ട് നാവിക ഡോര്ണിയേഴ്സും ഹെലികോപ്റ്ററുകളും നടത്തിയ ഉജ്ജ്വലമായ ഫ്ളൈ പാസ്റ്റും നടന്നു. വൈസ് അഡ്മിറല്‍ ശ്രീനിവാസ് പങ്കെടുത്തവരുമായും അവാര്‍ഡ് നേടിയ സംഘങ്ങളുമായും സംവദിച്ചു.
സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ നാവിക കപ്പലുകളും സിഗ്നല്‍ പതാകകള്‍ ധരിച്ച് അണിഞ്ഞൊരുങ്ങി. ഹര് ഘര്‍ തിരംഗ കാമ്പെയ്നിന്റെ ഭാഗമായി വിവിധ യൂണിറ്റുകളും സ്ഥാപനങ്ങളും ദേശീയ പതാക പറത്തി.
Photo Courtesy - Google








