
യുവാക്കളുടെ പ്രിയനഗരമായി ത്വരിതഗതിയിൽ വികസിക്കുന്ന ബംഗളുരു മയക്കുമരുന്ന് വ്യാപാരത്തിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ദിവസേനെയെന്നോണമാണ് ചെറുതും വലുതുമായ മയക്കുമരുന്ന് കടത്തുകാരും വില്പന സംഘങ്ങളും പിടിയിലാവുന്നത്. പല കേസ്സുകളിലും മലയാളി യുവാക്കൾ ഉൾപ്പെടുകയും അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. യുവതികളും സംഘത്തിലുണ്ട്. ഈ വർഷം ആദ്യരണ്ടുമാസം 2378 കേസ്സുകളാണ് സംസ്ഥാന നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ്( NDPS) ആക്ട് പ്രകാരം പിടികൂടിയത്. 2024 ൽ 4187 ഉം 2025 ൽ 6825 ഉം കേസ്സുകളാണ് രജിസ്റ്റർ ചെയ്തത്. ഈ വർഷത്തെ പോക്ക് കാണുമ്പോൾ കേസ്സുകളുടെ എണ്ണം 15000 കടക്കുമെന്നാണ് സൂചന. രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ അത്രയും മയക്കുമരുന്ന് കേസ്സുകൾ പ്രതിവർഷം രജിസ്റ്റർ ചെയ്യപ്പെടുന്നത്. "കർണാടകത്തിൽ മയക്കുമരുന്ന് വ്യാപാരം വർധിക്കുന്നതിന്റെ സൂചനയായി ഇത് കാണുന്നവരുണ്ട്. എന്നാൽ വസ്തുത അതല്ല. പോലീസിലെ ആന്റി നാർക്കോട്ടിക് സെൽ ഊർജ്ജിതമായി അന്വേഷണം നടത്തുന്നതിനാലാണ് കേസ്സുകളുടെ എണ്ണം വർധിക്കുന്നത്. ഈ സാമൂഹിക വിപത്തിന്റെ അടിവേര് പിഴുതുകളയുകയാണ് പോലീസിന്റെ ലക്ഷ്യം." ഡി ജി ആൻഡ് ഐ ജി പി, എം എ സലീം പറഞ്ഞു. കഴിഞ്ഞ വർഷം ആന്റി നാർക്കോട്ടിക് സെൽ നടത്തിയ പ്രവർത്തനം അദ്ദേഹം വിശദീകരിച്ചു. ഈ വർഷം ഒന്നുകൂടി കാര്യക്ഷമമാക്കിയിട്ടുണ്ട്. ബംഗളുരുവിലാണ് മയക്കുമരുന്ന് ബിസ്സിനസ്സ് കൂടുതലായി കേന്ദ്രീകരിച്ചിട്ടുള്ളത്. ചില കോളേജുകളും യുവസങ്കേതങ്ങളും മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന് ആന്റി നാർക്കോട്ടിക് സെൽ കണ്ടെത്തിയിട്ടുണ്ട്.
Photo Courtesy - Google











