02:43pm 09 November 2026
NEWS
ജൂലൈ 31 അവസാന അവസരം; ശമ്പള വരുമാനക്കാർ ആദായ നികുതി റിട്ടേൺ വൈകിക്കരുത്
27/07/2026  12:52 PM IST
nila
ജൂലൈ 31 അവസാന അവസരം; ശമ്പള വരുമാനക്കാർ ആദായ നികുതി റിട്ടേൺ വൈകിക്കരുത്

ശമ്പള വരുമാനമുള്ളവർക്കും ടാക്സ് ഓഡിറ്റ് ബാധകമല്ലാത്ത വ്യക്തികൾക്കും ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31. ഈ സമയപരിധിക്കുള്ളിൽ റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് പിഴയും കുടിശ്ശിക നികുതിക്ക് പലിശയും അടയ്ക്കേണ്ടി വരും. ഇത്തവണ സമയപരിധി വീണ്ടും നീട്ടാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഐടിആർ ഫോമുകളും ഫയലിങ് യൂട്ടിലിറ്റികളും നേരത്തേ ലഭ്യമായിരുന്നു. അതിനാൽ നികുതിദായകർക്ക് റിട്ടേൺ തയ്യാറാക്കി സമർപ്പിക്കാൻ കൂടുതൽ സമയം ലഭിച്ചു. കൂടാതെ, മുൻവർഷങ്ങളിൽ പോർട്ടലിൽ അനുഭവപ്പെട്ടിരുന്ന സാങ്കേതിക പ്രശ്നങ്ങളോ ലോഗിൻ തടസ്സങ്ങളോ ഇത്തവണ റിപ്പോർട്ട് ചെയ്തിട്ടില്ല. വിവിധ വിഭാഗം നികുതിദായകർക്ക് വ്യത്യസ്ത സമയപരിധി നിശ്ചയിച്ചതും അവസാന നിമിഷ തിരക്ക് കുറയ്ക്കാൻ സഹായിക്കുന്ന ഘടകമാണ്.

റിട്ടേൺ വൈകിയാൽ എന്ത് സംഭവിക്കും?

സമയപരിധി കഴിഞ്ഞ് റിട്ടേൺ സമർപ്പിക്കുന്നവർക്ക് വൈകിയതിനുള്ള പിഴ ഈടാക്കും. മൊത്തവരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയാണെങ്കിൽ പരമാവധി 1,000 രൂപ വരെയും അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ 5,000 രൂപ വരെയും പിഴ അടയ്ക്കേണ്ടിവരും.

ഇതിന് പുറമെ, കുടിശ്ശിക നികുതിക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 234A പ്രകാരം പ്രതിമാസം ഒരു ശതമാനം പലിശയും ബാധകമാണ്. മുൻകൂർ നികുതി അടയ്ക്കുന്നതിൽ വീഴ്ച വന്നാൽ സെക്ഷൻ 234B, 234C പ്രകാരമുള്ള പലിശയും നൽകണം.

റിട്ടേൺ വൈകിയാൽ ബിസിനസ് നഷ്ടമോ മൂലധന നഷ്ടമോ ഭാവിയിലേക്ക് കൈമാറാനുള്ള ആനുകൂല്യവും നഷ്ടമാകും. ഇത് തുടർന്നുള്ള വർഷങ്ങളിലെ നികുതി ബാധ്യത വർധിപ്പിക്കാനും ഇടയാക്കും.

വിവിധ വിഭാഗങ്ങൾക്കുള്ള അവസാന തീയതികൾ
ITR-1, ITR-2 (ഓഡിറ്റ് ആവശ്യമില്ലാത്ത വ്യക്തികളും HUF-ഉം) – ജൂലൈ 31
ITR-3 (നോൺ-ഓഡിറ്റ്) – ഓഗസ്റ്റ് 31
ITR-4 (നോൺ-ഓഡിറ്റ്/പ്രെസമ്പ്റ്റീവ് ടാക്സേഷൻ) – ഓഗസ്റ്റ് 31
ITR-3 (ടാക്സ് ഓഡിറ്റ് ബാധകം) – ഒക്ടോബർ 31
ITR-4 (ടാക്സ് ഓഡിറ്റ് ബാധകം) – ഒക്ടോബർ 31
ട്രാൻസ്ഫർ പ്രൈസിംഗ് ബാധകമായവർ – നവംബർ 30
വൈകിയ റിട്ടേൺ – ഡിസംബർ 31
പരിഷ്കരിച്ച റിട്ടേൺ – മാർച്ച് 31

ഏത് ഫോം തിരഞ്ഞെടുക്കണം?

ITR-1 (സഹജ്): വാർഷിക വരുമാനം 50 ലക്ഷം രൂപ വരെ ഉള്ള ഇന്ത്യൻ താമസക്കാർക്ക്. ശമ്പളം, പെൻഷൻ, ഒരു വീടിൽ നിന്നുള്ള വരുമാനം, പലിശ ഉൾപ്പെടെയുള്ള മറ്റ് വരുമാനങ്ങൾ ഉള്ളവർക്ക് അനുയോജ്യം.

ITR-2: ബിസിനസ് വരുമാനമില്ലാത്ത വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും. ഓഹരി നിക്ഷേപത്തിൽ നിന്നുള്ള മൂലധന നേട്ടം, വിദേശ ആസ്തികൾ, ഒന്നിലധികം വീടുകൾ എന്നിവയുള്ളവർ ഈ ഫോം ഉപയോഗിക്കണം.

ITR-4 (സുഗം): സെക്ഷൻ 44AD, 44ADA, 44AE എന്നിവ പ്രകാരമുള്ള പ്രെസമ്പ്റ്റീവ് ടാക്സേഷൻ പദ്ധതിയിൽ ഉൾപ്പെടുന്ന ചെറുകിട ബിസിനസുകാരും പ്രൊഫഷണലുകളും ഉപയോഗിക്കേണ്ട ഫോമാണ്.

ശമ്പള വരുമാനക്കാർക്ക് ജൂലൈ 31 വരെ മാത്രമാണ് സമയം. അതേസമയം, ഓഡിറ്റ് ബാധകമല്ലാത്ത ചെറുകിട ബിസിനസുകാരും പ്രൊഫഷണലുകളും ഓഗസ്റ്റ് 31 വരെ റിട്ടേൺ സമർപ്പിക്കാം. നിലവിൽ ITR-1, ITR-2, ITR-4 ഫോമുകൾ ലഭ്യമായതിനാൽ അവസാന നിമിഷ തിരക്ക് ഒഴിവാക്കി ആവശ്യമായ രേഖകൾ ശേഖരിച്ച് എത്രയും വേഗം റിട്ടേൺ ഫയൽ ചെയ്യുന്നതാണ് ഉചിതം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img