12:54pm 08 November 2026
NEWS
സർജിക്കൽ മോപ് ഗർഭപാത്രത്തിൽ വച്ച് തുന്നിയ സംഭവം : ഡോക്ടർക്കെതിരെ അച്ചടക്ക നടപടി തീരുമാനം സർക്കാരിന് വിട്ട് ആരോഗ്യവകുപ്പ് ഡയറക്ടർ.
24/03/2025  12:57 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സർജിക്കൽ മോപ് ഗർഭപാത്രത്തിൽ വച്ച് തുന്നിയ സംഭവം ഡോക്ടർക്കെതിരെ അച്ചടക്ക നടപടി തീരുമാനം സർക്കാരിന് വിട്ട് ആരോഗ്യവകുപ്പ് ഡയറക്ടർ.

സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്ന് വച്ച് തുന്നിയ സംഭവത്തിൽ സ്ഥിരം ലോക് അദാലത്ത് കുറ്റക്കാരിയെന്ന് കണ്ട സർക്കാർ ഡോക്ടർക്കെതിരെ വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന പരാതിയിലെ തീരുമാനം സർക്കാരിന് വിട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ .
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ സുജ അഗസ്റ്റിന് എതിരെ പ്ലാമൂട്ടുക്കട സ്വദേശി ജിത്തുവാണ് സ്ഥിരം ലോക് അദാലത്തിൽ കേസ് ഫയൽ ചെയ്തിരുന്നത് .   ശസ്ത്രക്രിയ നടത്തിയ സമയത്ത് സർജിക്കൽ മോപ് ഗർഭപാത്രത്തിൽ കുടുങ്ങിയത് അറിയാതെ മുറിവ് തുന്നിച്ചേർത്തിരുന്നു .   അസഹ്യമായ വയറുവേദന ,  പനി ,  മൂത്രത്തിൽ പഴുപ്പ് തുടങ്ങിയവ പതിവായതോടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ പലതവണ വീട്ടിൽ പോയി കണ്ട് ചികിത്സ നടത്തി .   എന്നാൽ വിശദമായ പരിശോധന നടത്തുന്നതിന് പകരം മരുന്നുകൾ നൽകി മടക്കി അയച്ചെന്നാണ്‌ ലോക് അദാലത്തിന് ലഭിച്ച പരാതിയിൽ ഉള്ളത് .
തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ പൂർത്തിയാക്കിയ സ്ഥിരം ലോക് അദാലത്ത് ഡോ. സുജ അഗസ്റ്റിൻ കുറ്റക്കാരിയെന്ന് വിധിക്കുകയും 3 ലക്ഷം രൂപ പിഴയും 10000 രൂപ ചികിത്സ ചിലവും ,  5000 രൂപ കോടതി ചിലവും നൽകണമെന്ന് വിധിക്കുകയും ചെയ്തു . എന്നാൽ സ്ഥിരം ലോക് അദാലത്ത് കുറ്റക്കാരിയെന്ന് കണ്ട സർക്കാർ ഡോക്ടർക്കെതിരെ വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിക്കാത്തതിനെതിരെ പൊതു പ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ .  കുളത്തൂർ ജയ്‌സിങ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് പരാതി നൽകി .   പ്രസ്തുത പരാതിയിൽ സർക്കാർ തീരുമാനമെടുക്കണമെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ.ജെ.  നിലപാട് സ്വീകരിച്ചിരിക്കുന്നത് . 

 

ശസ്ത്രക്രിയ സമയത്ത് ഉണ്ടായിരുന്ന മുഴുവൻ ജീവനക്കാരുടെ പേരും വിവരങ്ങളും ഇതോടൊപ്പം അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ പരാതിയും തീരുമാനത്തിനായി ആരോഗ്യ വകുപ്പ് ഡയറക്ടർ സർക്കാരിന് കൈമാറി .

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img