12:07pm 13 November 2026
NEWS
ഇൻകാസ് ഖത്തർ കുടുംബ സംഗമം നാളെ; വി.ഡി. സതീശൻ മുഖ്യാതിഥി
08/01/2026  07:40 PM IST
nila
ഇൻകാസ് ഖത്തർ കുടുംബ സംഗമം നാളെ; വി.ഡി. സതീശൻ മുഖ്യാതിഥി

ദോഹ: ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുടുംബ സംഗമം നാളെ (ജനുവരി 9ന് വെള്ളിയാഴ്ച) വൈകിട്ട് 5.00 മണിക്ക് അബൂ ഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഖത്തറിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരാകും.
ഭാവി കേരളത്തെക്കുറിച്ചും പ്രത്യേകിച്ച് കേരളത്തിന്റെ സാമ്പത്തിക വികസന ദിശയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ള നേതാവെന്ന നിലയിൽ വി.ഡി. സതീശന്റെ ഖത്തർ സന്ദർശനം വലിയ പ്രതീക്ഷയോടെയാണ് ഖത്തറിലെ മലയാളി സമൂഹം കാത്തിരിക്കുന്നത്. മതേതര ജനാധിപത്യ കേരളത്തിന്റെ മുന്നേറ്റത്തിൽ പ്രവാസികൾക്കും നിർണായക പങ്ക് വഹിക്കാനാകുമെന്ന സന്ദേശം മുന്നോട്ട് വെക്കുന്നതിനാണ് പ്രതിപക്ഷ നേതാവിനെ പങ്കെടുപ്പിച്ച് കുടുംബ സംഗമം സംഘടിപ്പിക്കുന്നതെന്ന് ഇൻകാസ് ഖത്തർ ഭാരവാഹികൾ വ്യക്തമാക്കി.
പ്രവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ ഖത്തറിലെ മുഴുവൻ മലയാളികളും കുടുംബസമേതം പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇൻകാസ് ഖത്തർ പ്രസിഡന്റ് സിദ്ധീഖ് പുറായിൽ, ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ട്രഷറർ ജീസ് ജോസഫ്, അഡ്വൈസറി ബോർഡ് ചെയർമാൻ ഷെമീർ ഏറാമല, രക്ഷാധികാരികളായ ജോപ്പച്ചൻ തെക്കെകൂട്ട്, മുഹമ്മദ് ഷാനവാസ്, ജോൺ ഗിൽബെർട്ട് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img