
ദോഹ: കേരളാ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ, ലഹരിക്കെതിരെ കേരള സർക്കാർ തുടക്കം കുറിച്ചിരിക്കുന്ന "ഓപ്പറേഷൻ തൂഫാൻ– ദി നാർക്കോ ഹണ്ട്" ക്യാമ്പയിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്, ഇൻകാസ് ഖത്തർ ആലപ്പുഴ ജില്ലാ കമ്മിറ്റി ലഹരി വിരുദ്ധ ബോധവത്കരണ സംഗമം സംഘടിപ്പിച്ചു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് എ. എ. ഷുക്കൂർ ഓൺലൈനായി സംഗമം ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിന്റെ കൂട്ടായ ഇടപെടൽ അനിവാര്യമാണെന്നും, യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കാൻ എല്ലാവരും കൈകോർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് നിഷാദ് മോഹൻ അധ്യക്ഷത വഹിച്ചു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഓൺലൈൻ വീഡിയോ സന്ദേശത്തിലൂടെ പരിപാടിയെ അഭിനന്ദിക്കുകയും, ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തെ പ്രശംസിക്കുകയും ചെയ്തു. പാലാ ഡി.വൈ.എസ്.പി സദൻ കുട്ടൻ ലഹരിവിരുദ്ധ സന്ദേശം നൽകി. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പ്രസാദ് ബോധവത്കരണ ക്ലാസ് നയിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ ഡോക്ടർമാരായ ഡോ. ജോയൽ മാത്യുവും ഡോ. അൻവറും ലഹരി ഉപയോഗം വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ക്ലാസെടുത്തു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ എം. എം. ഹാഷിർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് അഷറഫ് വടകര, ജനറൽ സെക്രട്ടറി കെ. വി. ബോബൻ എന്നിവർ ആശംസകൾ നേർന്നു.
പ്രശസ്ത ഗായിക എസ്. ജാനകിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കൂടാതെ, വിയറ്റ്നാമിൽ ബോട്ടപകടത്തിൽ ജീവൻ നഷ്ടമായ ഇന്ത്യക്കാരുടെ സ്മരണയ്ക്കായി രണ്ട് മിനിറ്റ് മൗനം ആചരിച്ച് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി ജോജി ജോസഫ് സ്വാഗതവും ജില്ലാ ചീഫ് പേട്രൺ ചാൾസ് ചെറിയാൻ നന്ദിയും രേഖപ്പെടുത്തി. സെൻട്രൽ കമ്മിറ്റി നേതാക്കളായ അബ്രഹാം കെ. ജോസഫ്, ബി. എം. ഫാസിൽ, ബി. എം ഹാഷിം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി











