08:56pm 25 October 2026
NEWS
നവജ്യോതി മോംസ് വനിതാ വികസന കേന്ദ്രം ഉദ്ഘാടനം ( സെപ്തംബർ 4 )
03/09/2026  06:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നവജ്യോതി മോംസ് വനിതാ വികസന കേന്ദ്രം ഉദ്ഘാടനം  ( സെപ്തംബർ 4 )

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊട്ടാരക്കരയിൽ നിർമ്മിച്ച 'നവജ്യോതി മോംസ് വനിതാ വികസന കേന്ദ്ര'ത്തിന്റെ വിശുദ്ധ കൂദാശയും ഉദ്ഘാടനവും ഇന്ന് നടക്കും. കൂദാശയെത്തുടർന്ന് ഉച്ചയ്ക്ക് 3 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.നവജ്യോതി മോംസ് കേന്ദ്ര പ്രസിഡന്റ്  ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. കേന്ദ്ര ഡയറക്ടർ ഡോ. സിബി തരകൻ, ചീഫ് കോർഡിനേറ്റർ അഡ്വ. ഫാ. കെ. ജോൺകുട്ടി എന്നിവർ  പദ്ധതി അവതരണം നടത്തും.

കൊട്ടാരക്കര–പുനലൂർ ഭദ്രാസന മെത്രാപ്പോലീത്താ  ഡോ. യൂഹാനോൻ മാർ തേവോദോറോസ് മുഖ്യസന്ദേശം നൽകും. മലങ്കരസഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, നവജ്യോതി മോംസ്  വൈസ് പ്രസിഡന്റ് ഫാ.ബോബി പീറ്റർ, ഭദ്രാസന സെക്രട്ടറി ഫാ. ജോൺസൻ മുളമൂട്ടിൽ,   കേന്ദ്ര ട്രഷറർ റീറ്റ വർഗീസ്, വാർഡ് മെമ്പർ മിനി ഷീജോ, സോണൽ സെക്രട്ടറി ഡോ.അച്ചാമ്മ ജോർജ്, കൺവീനർ തോമസ് പി.ജോൺ, മിനിജോസ് എന്നിവർ  പ്രസംഗിക്കും.

വനിതകളുടെ  കഴിവുകളും സാധ്യതകളും വികസിപ്പിക്കുക, സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുക, കുടുംബത്തിലും സമൂഹത്തിലും വനിതകളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുക എന്നിവയാണ് നവജ്യോതി മോംസിന്റെ ലക്ഷ്യങ്ങൾ.

മൂന്നു ഘട്ടങ്ങളിലായി നിർമ്മാണം പൂർത്തിയാക്കുന്ന വനിതാ വികസന കേന്ദ്രത്തിന്റെ ആദ്യ ഘട്ടത്തിൽ വനിതകൾ സംഘംചേർന്ന് നിർമ്മിക്കുന്ന ഭക്ഷണവിഭവങ്ങളുടെ ശേഖരണവും വിതരണവുമാണ് നടത്തുന്നത്. അതോടൊപ്പം ആശ്രിതരില്ലാതെ കഴിയുന്ന വയോജനങ്ങൾക്ക് ഭക്ഷണവും സന്നദ്ധ പ്രവർത്തകരുടെ സഹായവും എത്തിക്കും. രണ്ടാം ഘട്ടത്തിൽ വനിതകൾക്കുള്ള പരിശീലന കേന്ദ്രവും മൂന്നാം ഘട്ടത്തിൽ തൊഴിൽചെയ്യുന്ന വനിതകൾക്ക് സുരക്ഷിതമായ ഹോസ്റ്റൽ സൗകര്യവുമാണ് നടപ്പിലാക്കുന്നത്.
 
എം.എൽ.എമാരായ ജ്യോതികുമാർ ചാമക്കാല, കെ. എൻ. ബാലഗോപാൽ, മേലില ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജിത്കുമാർ, നിയുക്ത മെത്രാപ്പോലീത്താ  വെരി. റവ. തോമസ് പോൾ റമ്പാൻ,എം.ജി.എം സ്ഥാപനങ്ങളുടെ ചെയർമാൻ  ഡോ. ഗീവർഗീസ് യോഹന്നാൻ,  പ്രസാദ് ഉമ്മൻ, കെ.ജി മത്തായിക്കുട്ടി, ഡാനിയേൽ വർഗീസ്‌, കുട്ടിയമ്മ കുഞ്ഞച്ചൻ എന്നിവരെ  ചടങ്ങിൽ ആദരിക്കും.സഭാ ,സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകൾ അർപ്പിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img