
തിരുവനന്തപുരം: മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനെതിരായ ആരോപണത്തിൽ പ്രതിരോധത്തിലായതിനെ തുടർന്ന് അനുനയ നീക്കവുമായി സംസ്ഥാന സർക്കാർ. ശസ്ത്രക്രിയ ഉപകരണങ്ങൾ കാണാനില്ലെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് അന്വേഷണത്തിന്റെ ഭാഗമായി മാത്രമാണെന്ന് ഡോ. ഹാരിസിനെ അറിയിച്ചു. നോട്ടീസിന് മറുപടി നൽകുന്നതോടെ ഈ വിഷയം അവസാനിക്കുമെന്നും സർക്കാർ അദ്ദേഹത്തിന് ഉറപ്പ് നൽകിയതായി സൂചനയുണ്ട്.
അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കി മന്ത്രി വീണാ ജോർജ് ശസ്ത്രക്രിയ ഉപകരണമായ ഓസിലോസ്കോപ്പിന്റെ ഒരു ഭാഗം കാണാനില്ലെന്ന് ആരോപിച്ചിരുന്നു. എന്നാൽ ഈ ഉപകരണം ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടെന്നും മന്ത്രി എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ഡോ. ഹാരിസ് പ്രതികരിച്ചതോടെയാണ് സർക്കാർ പ്രതിരോധത്തിലായത്. ഡോക്ടറുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ സർക്കാരിന് കഴിഞ്ഞില്ല.
വിഷയത്തിൽ മനംനൊന്ത് ഡോ. ഹാരിസ് മാധ്യമങ്ങൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടിയിരുന്നു. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതിന് ശേഷം താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, ഡോ. ഹാരിസിനെതിരായ വകുപ്പുതല അന്വേഷണം സ്വാഭാവിക നടപടി മാത്രമാണെന്ന് മന്ത്രി വീണാ ജോർജ് തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. കാണാതായ ഉപകരണങ്ങൾ കണ്ടെത്താൻ വകുപ്പുതല അന്വേഷണത്തിൽ കഴിഞ്ഞില്ലെങ്കിൽ പോലീസ് അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.











