
കര്ണാടകം : കർണാടകത്തിലെ ബെളഗാവി( പഴയ ബെൽഗാം)യിൽ 1924- ൽ നടന്ന എ ഐസിസി സെഷനിൽ മഹാത്മാഗാന്ധിയായിരുന്നു അധ്യക്ഷത വഹിച്ചത്. മഹാത്മജി ആധ്യക്ഷ്യം വഹിച്ച ഏക എഐസിസി കൺവെൻഷൻ അതാണ്. അതിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി കോൺഗ്രസ്സ് മുന്നോട്ടുവെക്കുന്ന ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ പ്രചാരണ പരിപാടിയ്ക്ക് തുടക്കം കുറിച്ചത് ബെലഗാവിയിലാണ്. ഗാന്ധി ഭാരത് എന്ന് വിശേഷിപ്പിക്കപ്പെട്ട സമ്മേളനത്തിന്റെ ഭാഗമായി സുവർണ്ണ വിധാൻസൗധ അങ്കണത്തിൽ മഹാത്മജിയുടെ പ്രതിമ എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ അനാഛാദനം ചെയ്തു.

ബിജെപിയെയും ആർഎസ് എസ്സിനെയും അതിരൂക്ഷ ഭാഷയിലാണ് സമ്മേളനത്തിൽ കോൺഗ്രസ്സ് നേതാക്കൾ വിമർശിച്ചത്. ബിജെപിയും ആർഎസ്എസ്സും ഭീരുക്കളാണെന്നും ഭരണഘടന സംരക്ഷിക്കാൻ ജീവത്യാഗത്തിന് പോലും ഒരുക്കമാണെന്നും പ്രിയങ്ക പ്രഖ്യാപിച്ചു. "അംബേദ്കരുടെ കോലം കത്തിച്ചവരാണ് ആർ എസ്എസ്സുകാർ. അവരുടെ രാഷ്ട്രീയരൂപമായ ബിജെപി അംബേദ്കറെ നിരന്തരം അപമാനിക്കുന്നു" പ്രിയങ്ക കുറ്റപ്പെടുത്തി. പ്രിയങ്കയെ കിട്ടൂർ റാണി ചെന്നമ്മയോടാണ് ഖാർഗെ ഉപമിച്ചത്. "മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്സെ ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ ആചാര്യനായ സവർക്കറുടെ അനുയായിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മഹാത്മാജിയോട് ആദരവ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അവർ ആരാധിക്കുന്നത് ഗോഡ്സെയെയാണ്. അധികാര ദുരുപയോഗം ചെയ്ത് അവർ ഗാന്ധി നെഹ്റു കുടുംബങ്ങളെ നിരന്തരം അപമാനിക്കുന്നു. അംബേദ്കറോടും ഭരണഘടനയോടും ബിജെപിയ്ക്ക് ബഹിമാനമില്ല. ഈ രാജ്യദ്രോഹ നിലപാട് കോൺഗ്രസ്സ് തുറന്നുകാട്ടും" ഖാർഗെ പ്രഖ്യാപിച്ചു. പ്രിയങ്ക ഗാന്ധി, ഖാർഗെ, കെ സി വേണുഗോപാൽ, രൺദീപ് സുർജെവാല, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉൾപ്പെടെ നിരവധി നേതാക്കൾ സമ്മേളനത്തിൽ സംബന്ധിച്ചു.
Photo Courtesy - Google











