
തിരുവനന്തപുരം: സംസ്ഥാന നിയമ വകുപ്പിൽ സ്ഥിരം സെക്രട്ടറിയെ നിയമിക്കാതെ പകരം താത്കാലിക ആൾക്ക് ചുമതല നൽകി ഇൻ ചാർജ് ഭരണത്തിന് വഴിതുറക്കുന്നു. നിയമ സെക്രട്ടറിയായി അന്യത്രസേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്ന കെ. ജി. സനൽ കുമാർ കാലാവധി പൂർത്തിയാക്കി മാതൃവകുപ്പായ ജുഡീഷ്യൽ വകുപ്പിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് ഈ പുതിയ നീക്കം.
ഹൈക്കോടതിയിൽ നിന്ന് കൃത്യമായ പാനൽ വിളിച്ച് പുതിയ നിയമ സെക്രട്ടറിയെ നിയമിക്കുന്നതിനുള്ള അടിയന്തര നടപടികളിലേക്ക് കടക്കാതെ, നിലവിലെ സ്പെഷ്യൽ സെക്രട്ടറിയായ ജി. എസ്. ആശയ്ക്ക് നിയമ സെക്രട്ടറിയുടെ പൂർണ്ണ അധിക ചുമതല നൽകി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി
ടൈപ്പിസ്റ്റ് കാറ്റഗറിയിൽ സർവീസിൽ പ്രവേശിച്ച് തുടർ പ്രൊമോഷനുകളിലൂടെ സ്പെഷ്യൽ സെക്രട്ടറി പദവിയിലെത്തിയ ഉദ്യോഗസ്ഥയ്ക്കാണ് നിലവിൽ വകുപ്പിന്റെ പൂർണ്ണ ചുമതല നൽകിയിരിക്കുന്നത്. പുതിയ സെക്രട്ടറിയെ നിയമിക്കുന്നത് വരെയുള്ള താത്കാലിക ക്രമീകരണമാണെന്നും അന്യത്രസേവന വ്യവസ്ഥയിലുള്ള നിയമന നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഹൈക്കോടതി നടപടികൾ വൈകിപ്പിച്ച് നിയമ വകുപ്പിനെ തുടർച്ചയായ ഇൻ ചാർജ് ഭരണത്തിലേക്ക് തള്ളവിടുകയാണെന്ന ആക്ഷേപം ശക്തമാണ്.










