
ദോഹ: വാഹനങ്ങളുടെ ലൈറ്റുകൾ തെറ്റായി ഉപയോഗിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്നും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആവശ്യമായ സമയങ്ങളിൽ അല്ലാതെ ഹൈബീം ലൈറ്റുകൾ (High Beams) ഉപയോഗിക്കുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്ന പെരുമാറ്റമാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.രാത്രി സമയങ്ങളിൽ ലൈറ്റുകൾ ഇല്ലാതെ വാഹനമോടിക്കുന്നത് ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 70 പ്രകാരം കുറ്റകരമാണ്.
ഹൈബീം ലൈറ്റുകളുടെ ഉപയോഗവും ഗ്ലാസ് മറയ്ക്കലും (ആർട്ടിക്കിൾ 69)
മോശം കാലാവസ്ഥ മൂലം കാഴ്ച തടസ്സപ്പെടുന്ന സാഹചര്യങ്ങളിൽ മാത്രമാണ് ഹൈബീം ലൈറ്റുകളോ ഉയർന്ന ടെയിൽ ലൈറ്റുകളോ ഉപയോഗിക്കാൻ അനുവാദമുള്ളത്. അല്ലാത്തപക്ഷം ഇവ ഉപയോഗിക്കുന്നത് കുറ്റകരമാണ്. കൂടാതെ, അധികൃതരുടെ പ്രത്യേക ലിഖിത അനുമതിയില്ലാതെ വാഹനങ്ങളുടെ വിൻഡോ ഗ്ലാസുകൾ മറയ്ക്കുന്നതിനും വിലക്കുണ്ട്.ലൈറ്റുകൾ ഓൺ ചെയ്യേണ്ട സമയവും ലൈറ്റ് മാറ്റുന്ന രീതിയും (ആർട്ടിക്കിൾ 70)
സൂര്യാസ്തമയം മുതൽ സൂര്യോദയം വരെയുള്ള സമയങ്ങളിലോ, പകൽ മോശം കാലാവസ്ഥ കാരണം കാഴ്ച വ്യക്തമല്ലാത്തപ്പോഴോ കൃത്യമായി ലൈറ്റുകൾ പ്രകാശിപ്പിക്കാതെ വാഹനമോടിക്കാൻ പാടില്ല. കൂടാതെ, രാത്രിയിൽ എതിർദിശയിൽ നിന്ന് മറ്റൊരു വാഹനം വരുന്നത് കാണുമ്പോൾ കണ്ണ് അഞ്ചാതിരിക്കാനായി ഹൈബീം മാറ്റി ഡിം ലൈറ്റുകളിലേക്ക് (മീറ്റിംഗ് ലൈറ്റ്) മാറ്റേണ്ടതുമാണ്.വാഹനം നിർത്തിയിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം (ആർട്ടിക്കിൾ 71)
തെരുവ് വിളക്കുകളില്ലാത്ത ഇരുട്ടുള്ള റോഡുകളിൽ രാത്രിയോ പകലോ വാഹനം പാർക്ക് ചെയ്യേണ്ടി വന്നാൽ, വാഹനം റോഡിന്റെ വശത്തേക്ക് മാറ്റിയിടണം. മറ്റു വാഹനങ്ങൾക്ക് മുൻകൂട്ടി സൂചന നൽകാനായി വാഹനത്തിന് പുറകിലായി റെഡ് ലൈറ്റോ റിഫ്ലക്ടീവ് ലൈറ്റോ തെളിയിച്ചു വെക്കേണ്ടതുമാണ്.നിയമലംഘനം നടത്തുന്നവർക്ക് ഒരു ആഴ്ചയിൽ കുറയാത്തതും ഒരു വർഷത്തിൽ കൂടാത്തതുമായ തടവുശിക്ഷയോ, 3,000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കുമെന്ന് ഭേദഗതി ചെയ്ത ആർട്ടിക്കിൾ 95 വ്യക്തമാക്കുന്നു.











