11:48pm 24 August 2026
NEWS
സംഘപരിവാർ അജണ്ട നടപ്പാക്കുന്നു ; വഖഫ് വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം.
17/07/2026  03:29 PM IST
ചെറുകര സണ്ണിലൂക്കോസ്
സംഘപരിവാർ അജണ്ട നടപ്പാക്കുന്നു ; വഖഫ് വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം.

 

വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ സംസ്ഥാന സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം രംഗത്ത്. ഇത് സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണെന്നും സംസ്ഥാന സർക്കാർ അതിന് വഴിയൊരുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. 

വഖഫ് ബോർഡിന്റെ ഘടനയിൽ മാറ്റം വരുത്താനുള്ള നീക്കം രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. 

ഓരോ മതസമൂഹത്തിന്റെയും വിശ്വാസപരമായ സ്ഥാപനങ്ങൾ അതത് സമൂഹത്തിലെ അംഗങ്ങൾ തന്നെയാണ് ഇതുവരെ കൈകാര്യം ചെയ്തുവരുന്നതെന്നും, മുസ്ലിം സമൂഹത്തിന്റെ മതസ്ഥാപനമായ വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്നത് ആ തത്വത്തെ തകർക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങൾ സ്വീകരിക്കുന്ന നിലപാടിന് സമാനമായ സമീപനമാണ് കേരള സർക്കാരും ഇപ്പോൾ സ്വീകരിക്കുന്നതെന്നാണ് പിണറായി വിജയന്റെ വിമർശനം. 

വഖഫ് ബോർഡിന്റെ സ്വതന്ത്ര സ്വഭാവം ഇല്ലാതാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഹർജിക്കാരുമായി സംസ്ഥാന സർക്കാർ ഒത്തുകളിക്കുകയാണെന്നും ഇതിലൂടെ വഖഫ് ബോർഡിന്റെ സ്വയംഭരണ സ്വഭാവം ദുർബലമാക്കാനാണ് ശ്രമിക്കുന്നതെന്നും പിണറായി ആരോപിച്ചു. 

ഇന്ന് മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഇടപെടുന്ന സർക്കാർ, നാളെ മറ്റ് മതവിഭാഗങ്ങളുടെ സ്ഥാപനങ്ങളിലും സമാന സമീപനം സ്വീകരിക്കുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.

സംഘപരിവാർ താൽപ്പര്യങ്ങൾക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും, അത് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന് യോജിച്ചതല്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img