
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിലും അഡ്വക്കേറ്റ് ജനറലിന്റെ (എ.ജി) ഓഫീസിലെ നിയമനങ്ങളിലും ഉണ്ടായ തുടർച്ചയായ വീഴ്ചകളെ തുടർന്ന് പ്രതിച്ഛായ കാക്കാൻ കർശന നടപടികളിലേക്ക് കടന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ സഹോദരീ ഭർത്താവിനെ തിരുകിക്കയറ്റിയതും, ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകൻ അഡ്വ. കെ.ബി. പ്രദീപിനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിച്ചതും ഭരണപക്ഷത്തിന് വലിയ രാഷ്ട്രീയ ആഘാതമാണ് സൃഷ്ടിച്ചത്.
വിവാദം ഉയർന്നയുടൻ രണ്ടുപേരെയും മുഖ്യമന്ത്രി അതിവേഗം സ്ഥാനത്തുനിന്ന് ഒഴിവാക്കിയെങ്കിലും, സർക്കാരിനുണ്ടായ മാനക്കേട് ചെറുതല്ല. ഈ പശ്ചാത്തലത്തിലാണ് ഇതുവരെ നടത്തിയ എല്ലാ നിയമനങ്ങളും പുനഃപരിശോധിക്കാനും കർശനമായ 'സ്‌ക്രീനിംഗിന്' വിധേയമാക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടത്. ഇനി ശേഷിക്കുന്ന നിയമനങ്ങൾ അതീവ ജാഗ്രതയോടെയും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചും മാത്രമേ നടത്തൂ എന്നാണ് തീരുമാനം.
തുടരുന്ന ദുരൂഹത; കോൺഗ്രസിനുള്ളിൽ പുകയുന്ന അമർഷം
എ.ജി, ഡി.ജി.പി ഓഫീസുകളിലായി ആകെ നിയമിക്കേണ്ട 133 അഭിഭാഷകരിൽ, ആദ്യഘട്ടത്തിൽ നിയമനം ലഭിച്ച 90 പേരുടെ കൂട്ടത്തിലാണ് സ്മാർട്ട് ക്രിയേഷൻസ് കേസ് വാദിച്ചിരുന്ന അഭിഭാഷകൻ കയറിക്കൂടിയത്. ഇദ്ദേഹം എങ്ങനെ പട്ടികയിൽ ഉൾപ്പെട്ടു എന്നതിലെ ദുരൂഹത ഇപ്പോഴും നീങ്ങിയിട്ടില്ല.
പാർട്ടിക്കായി കഷ്ടപ്പെട്ടവരെ തഴഞ്ഞ് ശുപാർശകൾക്ക് മാത്രം മുൻഗണന നൽകുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പരസ്യമായി രംഗത്തെത്തി. "കൂട്ടത്തിലും കൺമുന്നിലും ഉള്ളവരെ കാണാതെ ശുപാർശകളിലെ പ്രാമുഖ്യം മാത്രം കാണരുതേ" എന്ന് സമൂഹമാദ്ധ്യമത്തിലൂടെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ. ജിന്റോ ജോൺ അതൃപ്തി രേഖപ്പെടുത്തിയത് കോൺഗ്രസിനുള്ളിലെ അതൃപ്തി വ്യക്തമാക്കുന്നു.
രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം
സർക്കാർ തെറ്റ് തിരുത്തിയെങ്കിലും ഈ വിഷയം രാഷ്ട്രീയമായി വിട്ടുകളയാൻ എൽ.ഡി.എഫ് തയ്യാറല്ല. വെറും ഏതാനും മണിക്കൂറുകൾ മാത്രമാണ് അഡ്വ. പ്രദീപ് പ്ലീഡർ പദവിയിൽ ഇരുന്നതെങ്കിലും, ശബരിമല കേസുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ ഇതിനകം ചോർന്നിട്ടുണ്ടാകാമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഈ നിയമനം ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിമർശനം.
സ്തംഭനാവസ്ഥയിൽ വകുപ്പുകൾ
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധനകൾ കർശനമാക്കിയതോടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾ വൈകുകയാണ്. ചുരുക്കം മന്ത്രിമാർ മാത്രമാണ് നിലവിൽ നിയമനം പൂർത്തിയാക്കിയത്. വലിയൊരു ശുപാർശ പട്ടിക സർക്കാരിന് മുന്നിലുണ്ടെങ്കിലും കൃത്യമായ ആഭ്യന്തര പരിശോധനകൾക്ക് ശേഷം മാത്രമേ ഇനി ആരെയും സ്റ്റാഫിലേക്ക് നിയമിക്കൂ എന്ന നിലപാടിലാണ് മുഖ്യമന്ത്രി. സ്റ്റാഫ് നിയമനം പൂർത്തിയാകാത്തത് പല വകുപ്പുകളുടെയും സുഗമമായ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്.











