
ടെഹ്റാൻ: അമേരിക്കയുമായുള്ള സൈനിക സംഘർഷം വീണ്ടും രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ആണവനിലയങ്ങൾക്ക് സമീപം താമസിക്കുന്നവർക്ക് അയഡിൻ ഗുളികകൾ വിതരണം ചെയ്ത് ഇറാൻ. 'ദ് ടൈംസ് ഓഫ് ലണ്ടനെ' ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അയഡിൻ ഗുളികകൾ വിതരണം ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിശ്വസിക്കാൻ കഴിയില്ലെന്നും ആണവായുധങ്ങൾ പ്രയോഗിക്കുന്നതിൽനിന്ന് അദ്ദേഹം പിന്നോട്ടുപോകണമെന്നില്ലെന്നുമാണ് ഇറാൻ ഉദ്യോഗസ്ഥരുടെ ആശങ്കയെന്നാണ് റിപ്പോർട്ട്. സൈനിക സംഘർഷം രൂക്ഷമാകുന്ന സാഹചര്യങ്ങളിൽ ആണവനിലയങ്ങളുടെ രണ്ടുമുതൽ മൂന്നുകിലോമീറ്റർ വരെ ചുറ്റളവിൽ താമസിക്കുന്നവർക്ക് മുൻകരുതൽ നടപടിയുടെ ഭാഗമായി അയഡിൻ ഗുളികകൾ നൽകാറുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആണവ വികിരണങ്ങൾ പുറത്തുവിടുന്ന സാഹചര്യത്തിൽ തൈറോയ്ഡ് ഗ്രന്ഥിയിൽ റേഡിയോ ആക്ടീവ് അയഡിൻ അടിഞ്ഞുകൂടുന്നത് തടയാൻ പൊട്ടാസ്യം അയഡൈഡ് ഗുളികകൾ സഹായിക്കും. ഇതിന്റെ ഭാഗമായാണ് മുൻകരുതൽ എന്ന നിലയിൽ ഗുളികകൾ വിതരണം ചെയ്യുന്നത്.
ഇറാന്റെ ആണവനിലയങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയേക്കാമെന്ന വിലയിരുത്തലിലാണ് രാജ്യം മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതെന്നാണ് റിപ്പോർട്ട്. ഇറാനെതിരായ സൈനിക നടപടി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് ദേശീയ സുരക്ഷാ സംഘവുമായി ചർച്ച നടത്തിയിരുന്നു. സൈനിക നീക്കം വീണ്ടും തുടങ്ങുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നാണ് ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.










