
ടെക്സാസ്: സർക്കാർ ഏജൻസികളിലും പൊതു സർവകലാശാലകളിലും പുതിയ എച്ച്-1ബി വിസ അപേക്ഷകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ടെക്സാസ് ഗവർണർ ഗ്രെഗ് അബോട്ട് നിർദ്ദേശം നൽകി. 2027 മേയ് 31 വരെ പുതിയ എച്ച്-1ബി അപേക്ഷകൾ മരവിപ്പിക്കാനാണ് റിപ്പബ്ലിക്കൻ ഗവർണറുടെ ഉത്തരവ്. അമേരിക്കൻ പൗരൻമാരുടെ തൊഴിൽ അവസരങ്ങൾ സംരക്ഷിക്കാനാണ് ഈ നീക്കമെന്നാണ് ഗവർണർ വിശദീകരിക്കുന്നത്. ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് വലിയ തിരിച്ചടിയാണ് പുതിയ ഉത്തരവ്.
ഫെഡറൽ വിസ സംവിധാനത്തിലെ ദുരുപയോഗങ്ങൾ തടയുകയും, അമേരിക്കൻ തൊഴിലാളികൾക്ക് മുൻഗണന ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് അബോട്ട് പറഞ്ഞു. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും സർവകലാശാലകളിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലുമുള്ള പരിശോധനകൾക്ക് പിന്നാലെയാണ് നടപടി.
യോഗ്യരായ അമേരിക്കൻ തൊഴിലാളികളെ നിയമിക്കുന്നതിന് സത്യസന്ധമായ ശ്രമങ്ങൾ നടത്താതെ വിദേശ തൊഴിലാളികളെ കുറഞ്ഞ വേതനത്തിന് നിയമിക്കുന്നതിനായി എച്ച്-1ബി സംവിധാനം ചിലർ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവും ഗവർണർ ഉന്നയിച്ചു. ചില സന്ദർഭങ്ങളിൽ നിലവിലുള്ള അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ട് പകരം എച്ച്-1ബി ജീവനക്കാരെ നിയമിക്കുന്നതായി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
തീരുമാനപ്രകാരം, ഗവർണർ നിയമിച്ച മേധാവികൾ ഉള്ള സർക്കാർ ഏജൻസികൾക്കും പൊതു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ടെക്സാസ് വർക്ക്ഫോഴ്സ് കമ്മീഷന്റെ എഴുത്തുപരമായ അനുമതിയില്ലാതെ പുതിയ എച്ച്-1ബി അപേക്ഷകൾ സമർപ്പിക്കാൻ കഴിയില്ല. കൂടാതെ, ബന്ധപ്പെട്ട എല്ലാ ഏജൻസികളും സർവകലാശാലകളും 2026 മാർച്ച് 27-നകം 2025-ൽ സമർപ്പിച്ച വിസ അപേക്ഷകൾ, നിലവിലുള്ള എച്ച്-1ബി വിസ ഉടമകളുടെ എണ്ണം, അവരുടെ രാജ്യം, ജോലി തരം, വിദേശികളെ നിയമിക്കുന്നതിന് മുൻപ് പ്രാദേശിക തൊഴിലാളികളെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾ എന്നിവ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കണം.
പ്രത്യേക വൈദഗ്ധ്യം ആവശ്യമായ തസ്തികകളിൽ പ്രാദേശികമായി ഉദ്യോഗാർഥികളെ ലഭിക്കാത്ത സാഹചര്യങ്ങളിൽ എച്ച്-1ബി വിസകൾ ഉപയോഗിക്കാമെങ്കിലും, അത് അമേരിക്കൻ തൊഴിലാളികളെ മാറ്റിസ്ഥാപിക്കുന്നതിനായി ഉപയോഗിക്കരുതെന്നതാണ് ഗവർണറുടെ നിലപാട്.
അതേസമയം, ട്രംപ് ഭരണകൂടം എച്ച്-1ബി നിയമങ്ങൾ കർശനമാക്കിയതിന്റെ ഭാഗമായി പുതിയ അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയിരുന്നു. 2024-ൽ അനുവദിച്ച ആകെ എച്ച്-1ബി വിസകളിൽ 71 ശതമാനവും ഇന്ത്യൻ പൗരന്മാർക്കായിരുന്നു. എന്നാൽ 2025-ലെ കണക്കുകൾ പ്രകാരം ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള വിസ അംഗീകാരങ്ങളിൽ വൻ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.











