
ഇന്ത്യയുടെ ശക്തമായ എതിർപ്പ് മറുകടന്ന് ഐഎംഎഫ് പാകിസ്ഥാന് വായ്പ അനുവദിച്ചു. 100 കോടി ഡോളറാണ് അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും പാകിസ്ഥാന് അനുവദിച്ചിരിക്കുന്നത്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. 700 കോടി ഡോളറിന്റെ വായ്പക്കായുള്ള അപേക്ഷയിലാണ് ഐഎംഎഫ് ഇപ്പോൾ 100 കോടി ഡോളർ അനുവദിച്ചത്. 700 കോടിക്ക് പുറമേ 130 കോടി ഡോളറിന്റെ മറ്റൊരു വായ്പക്കായും പാകിസ്ഥാൻ ഐഎംഎഫിനെ സമീപിച്ചിരുന്നു.
രണ്ടുവർഷമായി ഐഎംഎഫിന്റെ പരിഗണനയിലുണ്ടായിരുന്ന അപേക്ഷകളായിരുന്നു ഇവ. അപേക്ഷയിൽ വെള്ളിയാഴ്ച നടന്ന റിവ്യു യോഗത്തിൽ ഇന്ത്യ ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു. ഇത് മറികടന്നാണ് പണം അനുവദിച്ചിരിക്കുന്നത്. പാകിസ്ഥാന് വായ്പ അനുവദിച്ചാൽ അത് ഭീകരവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. മുൻകാലങ്ങളിലും പാകിസ്ഥാൻ ഇങ്ങനെ പ്രവർത്തിച്ചിട്ടുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. പാകിസ്താന്റെ മോശം ട്രാക്ക് റെക്കോർഡ് കണക്കിലെടുക്കുമ്പോൾ ധനസഹായ ഫണ്ടുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ പ്രതിഷേധം രേഖപ്പെടിത്തിയതിന് പിന്നാലെ വായ്പയുടെ കാര്യത്തിൽ തീരുമാനം എടുക്കാനായി ഐഎംഎഫ് വോട്ടെടുപ്പ് നടത്തുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വോട്ടെടുപ്പ് പോലും അസംബന്ധമാണെന്ന നിലപാടായിരുന്നു ഇന്ത്യയുടേത്. വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുകയും ചെയ്തു.











