
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ഏഴു ജില്ലകൾക്കും നാല് താലൂക്കുകൾക്കുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, പാലക്കാട്, പത്തനംതിട്ട, വയനാട് ജില്ലകളിലെയും നിലമ്പൂർ, കുട്ടനാട്, ചേർത്തല, ഇരിട്ടി താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയെന്നാണ് ജില്ലാ കളക്ടർമാർ അറിയിച്ചിട്ടുള്ളത്.
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ വടക്കൻ ഒഡിഷ, ഗംഗ തട പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ജൂൺ 29 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിൽ മണിക്കൂറിൽ പരമാവധി 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു ശക്തമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലും, നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.











