
തിരുവനന്തപുരം: ഐഎംഎ കേരളയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന IMAGE (IMA Goes Eco-Friendly) പദ്ധതി രാജ്യത്തിന് മാതൃകയായ ബയോമെഡിക്കൽ മാലിന്യ സംസ്കരണ സംവിധാനമാണെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സൗത്ത് പാർക്ക് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണത്തിലും ബയോമെഡിക്കൽ മാലിന്യങ്ങളുടെ അളവിലും വർധനവുണ്ടാകുന്നതിനാൽ, പാലക്കാട്ട് പ്രവർത്തിക്കുന്ന IMAGE പ്ലാന്റിന്റെ ശേഷി നിലവിൽ പൂർണമായും ഉപയോഗിക്കപ്പെടുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഭാവിയിൽ സംസ്ഥാനത്ത് കൂടുതൽ ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കേണ്ടതുണ്ടെന്നും, അത്തരം സംരംഭങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ മന്ത്രി അഡ്വ. സണ്ണി ജോസഫ് മുഖ്യാതിഥിയായി പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എൻവയോൺമെന്റൽ ഫ്രണ്ട് അവാർഡുകൾ വിതരണം ചെയ്തു.
ഐഎംഎ കേരള സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ ദേശീയ പ്രസിഡന്റുമാരായ ഡോ. എ. മാർത്താണ്ഡപിള്ള, ഡോ. ആർ.വി. അശോകൻ, ലോകാരോഗ്യ സംഘടനയുടെ മുൻ പ്രതിനിധി ഡോ. എസ്.എസ്. ലാൽ, IMAGE ചെയർമാൻ ഡോ. വി.യു. സീതി, ഡോ. ശ്രീവിലാസൻ, സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രൻ, ഡോ. ഗോപികുമാർ, ഡോ. ആർ.സി. ശ്രീകുമാർ, IMAGE സെക്രട്ടറി ഡോ. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.










