10:42am 12 November 2026
NEWS
വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ സംഭവത്തിൽ നിതീഷ് കുമാറിനെതിരെ പരാതി
20/12/2025  11:53 AM IST
nila
 വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ സംഭവത്തിൽ നിതീഷ് കുമാറിനെതിരെ പരാതി

ശ്രീനഗർ: നിയമനക്കത്ത് വിതരണം ചെയ്യുന്നതിനിടെ വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പരാതി നൽകി പിഡിപി നേതാവ് ഇൽതിജ മുഫ്തി. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകളാണ് ഇൽതിജ. ശ്രീനഗറിലെ കോത്തിബാഗ് പൊലീസ് സ്റ്റേഷനിലാണ് ഇൽതിജ പരാതി നൽകിയത്.

സംഭവം മുസ്‌ലിം സമൂഹത്തെ അപമാനിക്കുന്നതാണെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ പരസ്യമായി മാപ്പ് പറയണമെന്നും ഇൽതിജ മുഫ്തി ആവശ്യപ്പെട്ടു. ആയുഷ് വകുപ്പിലെ ആയിരത്തിലധികം ഡോക്ടർമാർക്ക് നിയമനക്കത്ത് വിതരണം ചെയ്ത ചടങ്ങിനിടെയാണ് വിവാദ സംഭവം നടന്നത്. ചടങ്ങിനിടെ ഒരു വനിതാ ഡോക്ടറോട് സംസാരിക്കുന്നതിനിടെ നിതീഷ് കുമാർ അപ്രതീക്ഷിതമായി അവരുടെ നിഖാബ് വലിച്ചുമാറ്റുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

നുസ്രത്ത് പർവീൻ എന്ന ഡോക്ടർ നിയമനക്കത്ത് സ്വീകരിക്കാൻ വേദിയിലെത്തിയപ്പോൾ “ഇത് എന്താണ്?” എന്ന് ചോദിച്ച ശേഷമാണ് നിഖാബ് താഴേക്ക് വലിച്ചതെന്ന് ദൃശ്യങ്ങളിൽ കാണാം. സംഭവത്തിനിടെ സമീപത്തുണ്ടായിരുന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഇടപെടാൻ ശ്രമിച്ചെങ്കിലും സാഹചര്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

സംഭവത്തെ തുടർന്ന് ആർജെഡിയും കോൺഗ്രസും ശക്തമായ വിമർശനവുമായി രംഗത്തെത്തി. നിതീഷ് കുമാറിന്റെ പെരുമാറ്റം അപലപനീയമാണെന്നും സ്ത്രീശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന ഭരണകൂടത്തിന്റെ യഥാർത്ഥ നിലപാട് ഇതിലൂടെ വെളിപ്പെടുന്നതാണെന്നും ആർജെഡി നേതാക്കൾ ആരോപിച്ചു. കോൺഗ്രസ് ഈ സംഭവത്തെ “നീചവും നാണംകെട്ടതുമായ പ്രവർത്തി” എന്നാണ് വിശേഷിപ്പിച്ചത്.

അതേസമയം, കേന്ദ്രമന്ത്രി ഗിരിരാജ് സിങ് നിതീഷ് കുമാറിനെ പിന്തുണച്ച് രംഗത്തെത്തി. നിയമനക്കത്ത് സ്വീകരിക്കുമ്പോൾ മുഖം കാണിക്കേണ്ടതില്ലേയെന്ന് ചോദിച്ച ഗിരിരാജ് സിങ്, ഇത് ഇസ്‌ലാമിക രാജ്യമല്ലെന്നും ഇന്ത്യയിൽ നിയമങ്ങൾ നിലവിലുണ്ടെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ പരാമർശങ്ങൾ വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img