
ഗൂഡല്ലൂർ: ദേവാല കാട്ടിമട്ടത്ത് വീണ്ടും അനധികൃത സ്വർണഖനനം. അധികൃതർ നടത്തിയ പരിശോധനയിൽ നൂറിലധികം തുരങ്കങ്ങൾ കണ്ടെത്തി. സ്വർണവില വലിയതോതിൽ വർധിച്ചതോടെയാണ് ദേവാല മേഖലയിൽ അനധികൃത സ്വർണഖനനം വീണ്ടും വ്യാപകമാകുന്നത്. ദേവാല കാട്ടിമട്ടം ഭാഗത്ത് പുതുതായി നൂറിലധികം തുരങ്കങ്ങൾ നിർമിച്ചാണ് ഖനനം നടത്തിയതെന്ന് അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ ഗൂഡല്ലൂർ ആർഡിഒ ഗുണശേഖരന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു.
ഖനന പ്രവർത്തനങ്ങൾക്ക് പിന്നിലെ സംഘങ്ങളെ കണ്ടെത്താൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് 124 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, നടപടികൾ കർശനമാക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
ബ്രിട്ടീഷ് കാലത്തെ ഖനനചരിത്രം
ബ്രിട്ടീഷ് ഭരണകാലത്ത് ദേവാല–പന്തല്ലൂർ മേഖലകളിൽ 1831-ൽ ആൽഫ ഗോൾഡ് മൈനിങ് കമ്പനിയുടെ നേതൃത്വത്തിൽ സ്വർണഖനനം ആരംഭിച്ചിരുന്നു. എന്നാൽ ഉൽപാദനച്ചെലവ് വർധിച്ചതിനെ തുടർന്ന് 1893-ൽ പദ്ധതി ഉപേക്ഷിക്കുകയും വലിയ തുരങ്കങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. പിന്നീട് പ്രദേശവാസികൾ ഈ തുരങ്കങ്ങൾ തുറന്ന് വീണ്ടും ഖനനം ആരംഭിക്കുകയായിരുന്നു. നാടുകാണി, ദേവാല, കൈതക്കൊല്ലി, പൊൻവയൽ, കാട്ടിമട്ടം, ഗ്ലെൻറോക്ക് തുടങ്ങിയ പ്രദേശങ്ങളിലായി ഏകദേശം 640 ഹെക്ടർ ഭൂമിയിലാണ് വിവിധഘട്ടങ്ങളിലായി ഖനനം നടന്നത്. ഖനനത്തിനായി ശേഖരിച്ച മണ്ണും കല്ലും അരയ്ക്കാൻ പ്രദേശത്ത് സ്വകാര്യ മില്ലുകളും സ്ഥാപിച്ചിരുന്നു.
ജീവൻ കവരുന്ന സ്വർണവേട്ട
അനധികൃത തുരങ്കങ്ങളിൽ കുടുങ്ങി നിരവധി പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ടെന്നും, പല മരണങ്ങളും പുറത്തറിയാതെ പോയിട്ടുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മണ്ണിടിച്ചിലും ശ്വാസവായു ലഭിക്കാതെയും ആണ് കൂടുതൽ അപകടങ്ങൾ ഉണ്ടായത്. 80 അടി മുതൽ 200 അടി വരെ ആഴത്തിലുള്ള തുരങ്കങ്ങളിലാണ് മിക്ക ഖനനവും. ഖനനത്തിനിറങ്ങുന്നവരിൽ ഭൂരിഭാഗവും യുവാക്കളാണ്. മണ്ണും കല്ലും അരച്ച് മെർക്കുറി ചേർത്ത് സ്വർണം വേർതിരിക്കുന്ന രീതിയാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. ഇതിന്റെ ഫലമായി പ്രദേശത്തെ നീർച്ചാലുകളിൽ വലിയ തോതിൽ മെർക്കുറി കലർന്നതായി കണ്ടെത്തിയിട്ടുണ്ട്.
പരിസ്ഥിതിക്കും നിയമത്തിനും വെല്ലുവിളി
വനമേഖലകളിൽ നിരീക്ഷണം ശക്തമായതോടെ ഖനനം സമീപത്തെ തേയിലത്തോട്ടങ്ങളിലേക്ക് മാറിയതായും, ചില തോട്ടമുടമകൾക്ക് ഇതിൽ പങ്കുണ്ടെന്ന ആരോപണവുമുണ്ട്. സ്വർണവില ഉയർന്നതോടെ കേരളത്തിൽ നിന്നടക്കം പുറംപ്രദേശങ്ങളിൽ നിന്നുള്ള യുവാക്കൾ ഖനനത്തിനായി എത്തിയതോടെയാണ് വിഷയം വീണ്ടും ശ്രദ്ധയിൽപ്പെട്ടത്. അനധികൃത ഖനനം ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾക്കും മനുഷ്യജീവിതത്തിന് വലിയ അപകടത്തിനും കാരണമാകുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി.











