12:11am 18 August 2026
NEWS
മലയാളികളെ ലക്ഷ്യമിട്ട് കഞ്ചാവ് കൃഷി ആയിരക്കണക്കിന് ഏക്കർ സർക്കാർ ഭൂമിയിൽ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ


17/08/2026  09:09 PM IST
nila
മലയാളികളെ ലക്ഷ്യമിട്ട് കഞ്ചാവ് കൃഷി ആയിരക്കണക്കിന് ഏക്കർ സർക്കാർ ഭൂമിയിൽ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഭുവനേശ്വർ: രാജ്യത്തെ വിവിധ നഗരങ്ങളിലേക്കും കേരളത്തിലേക്കും ഒഴുകുന്ന വൻതോതിലുള്ള കഞ്ചാവിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഒഡീഷയിലെ ജനവാസം കുറഞ്ഞ ഉൾവനങ്ങളിലും ദുർഘട മലയോര മേഖലകളിലും ആയിരക്കണക്കിന് ഏക്കർ സർക്കാർ, റവന്യൂ ഭൂമി കൈയേറിയാണ് ലഹരി മാഫിയ കഞ്ചാവ് കൃഷി നടത്തുന്നത്. അധികൃതരുടെ നിരീക്ഷണം കുറവുള്ള പ്രദേശങ്ങളാണ് സംഘങ്ങൾ പ്രധാനമായും കൃഷിക്കായി ഉപയോഗിക്കുന്നത്.

കഞ്ചാവ് കൃഷിയുടെ പുതിയ സീസൺ ആരംഭിക്കാനിരിക്കെ അനധികൃത കൃഷി തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഒഡീഷ റവന്യൂ വകുപ്പ് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. മൽക്കൻഗിരി, കോരാപുട്ട്, രായഗഡ, കന്ധമാൽ, ബൗദ്ധ്, ഗജപതി ജില്ലകളിലാണ് കഞ്ചാവ് കൃഷി വ്യാപകമായി കണ്ടെത്തിയിരിക്കുന്നത്.

36,508 ഏക്കറിൽ കഞ്ചാവ് കൃഷി നശിപ്പിച്ചു

2025–26 വിളവെടുപ്പ് സീസണിൽ ഒഡീഷ പൊലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിൽ ആറു ജില്ലകളിലായി 36,508 ഏക്കർ അനധികൃത കഞ്ചാവ് കൃഷി നശിപ്പിച്ചു. ഇതിൽ 6,632 ഏക്കറിലധികം സർക്കാർ അല്ലെങ്കിൽ റവന്യൂ ഭൂമിയായിരുന്നു. ഒരിക്കൽ കൃഷി നടത്തിയ സ്ഥലങ്ങളിൽ തന്നെ വീണ്ടും കഞ്ചാവ് കൃഷിയിറക്കുന്ന പ്രവണതയുണ്ടെന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

സർക്കാർ ഭൂമിയിൽ കഞ്ചാവ് കൃഷി കണ്ടെത്തിയാൽ എൻഡിപിഎസ് നിയമത്തിലെ സെക്ഷൻ 47 പ്രകാരം ഉടൻ പൊലീസിനെയോ സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെയോ അറിയിക്കണമെന്ന് റവന്യൂ സെക്രട്ടറി അരബിന്ദ കുമാർ പാധി ജില്ലാ കളക്ടർമാർക്ക് അയച്ച കത്തിൽ നിർദേശിച്ചു. ലഹരി മാഫിയയ്ക്ക് സഹായം നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടിയുണ്ടാകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സാധാരണ വിളകളേക്കാൾ പത്തിരട്ടി വരുമാനം

ദുർഘടമായ മലയോര മേഖലകളിലെ ചില കർഷകരെ കഞ്ചാവ് കൃഷിയിലേക്ക് ആകർഷിക്കുന്നത് ഉയർന്ന വരുമാനമാണ്. സാധാരണ കാർഷിക വിളകളിൽനിന്ന് ലഭിക്കുന്നതിനേക്കാൾ പലമടങ്ങ് വരുമാനം കഞ്ചാവ് കൃഷിയിലൂടെ ലഭിക്കുന്നതായി അധികൃതർ പറയുന്നു. ഗ്രാമീണ മേഖലയിൽ ഉണങ്ങിയ കഞ്ചാവിന് കിലോഗ്രാമിന് ഏകദേശം 2,000 മുതൽ 3,000 രൂപ വരെ ലഭിക്കുന്നതായാണ് റിപ്പോർട്ടുകൾ.

എന്നാൽ കൃഷിക്ക് ആവശ്യമായ പണം നൽകുന്നതും വിള ശേഖരിക്കുന്നതും സംസ്ഥാനത്തിന് പുറത്തുള്ള വൻ ലഹരി സിൻഡിക്കേറ്റുകളാണെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. മുൻപ് മാവോയിസ്റ്റ് സ്വാധീനത്തിലായിരുന്ന നിരവധി പ്രദേശങ്ങളിൽ കഞ്ചാവ് കൃഷി പ്രധാന വരുമാന മാർഗമായി ഉപയോഗിച്ചിരുന്നുവെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

പ്രധാന വിപണി കേരളം 

ഒഡീഷ–ആന്ധ്ര അതിർത്തി മേഖലയിൽ പ്രധാനമായും കൃഷി ചെയ്യുന്ന ‘ശീലാവതി’ ഇനത്തിലുള്ള കഞ്ചാവിന് കേരളത്തിൽ വലിയ വിപണിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒഡീഷയിലെ മലയോര മേഖലകളിൽ കിലോഗ്രാമിന് 2,000–3,000 രൂപയ്ക്ക് ശേഖരിക്കുന്ന കഞ്ചാവ് കേരളത്തിലെത്തുമ്പോൾ വില പലമടങ്ങ് ഉയരുന്നു. ചില ഘട്ടങ്ങളിൽ കിലോഗ്രാമിന് ഒരു ലക്ഷം രൂപ വരെ വില ലഭിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ജൂൺ–ജൂലൈ മാസങ്ങളിൽ മാത്രം ഒഡീഷ പൊലീസ് നടത്തിയ പ്രത്യേക ഡ്രൈവിൽ 544 കോടി രൂപ വിലമതിക്കുന്ന 108 മെട്രിക് ടണ്ണിലധികം കഞ്ചാവ് നശിപ്പിച്ചതായാണ് കണക്ക്.

കടത്തിന് ട്രെയിനും ചരക്ക് ലോറികളും 

ഒഡീഷയിൽനിന്ന് ആന്ധ്ര അതിർത്തി വഴി കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകളാണ് കഞ്ചാവ് കടത്തുന്നതിനുള്ള പ്രധാന മാർഗങ്ങളിലൊന്ന്. യാത്രാ ബാഗുകളിലും ബാക്ക്പാക്കുകളിലും ഒളിപ്പിച്ചാണ് കാരിയർമാർ കഞ്ചാവ് വിവിധ നഗരങ്ങളിലേക്ക് എത്തിക്കുന്നത്.

അന്തർസംസ്ഥാന ചരക്ക് ലോറികളും കടത്തിന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പച്ചക്കറി, കൽക്കരി, തടി തുടങ്ങിയവ കയറ്റിയെത്തുന്ന ലോറികളിൽ കഞ്ചാവ് ഒളിപ്പിക്കുന്നതിന് പുറമെ ആഡംബര കാറുകളുടെ ബോണറ്റിനടിയിലും പ്രത്യേക അറകൾ ഒരുക്കി ലഹരി കടത്തുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.

കാരിയർമാർക്ക് 25,000 മുതൽ 30,000 രൂപ വരെ

കഞ്ചാവ് കടത്തുന്നതിനായി ഒഡീഷ സ്വദേശികളായ തൊഴിലാളികളെ കാരിയർമാരായി ഉപയോഗിക്കുന്നതും പതിവാണ്. ഓരോ യാത്രയ്ക്കും 25,000 മുതൽ 30,000 രൂപ വരെ പ്രതിഫലം വാഗ്ദാനം ചെയ്താണ് ഇവരെ ലഹരി സിൻഡിക്കേറ്റുകൾ ഉപയോഗിക്കുന്നത്.

അടുത്തിടെ അങ്കമാലി കരയാംപറമ്പിൽ നടത്തിയ പരിശോധനയിൽ 116 കിലോയോളം കഞ്ചാവുമായി നാല് ഒഡീഷ സ്വദേശികളെ എക്സൈസ് സംഘം പിടികൂടിയിരുന്നു. കേരളത്തിലേക്ക് ഒഡീഷയിൽനിന്നുള്ള കഞ്ചാവ് ഒഴുക്ക് തടയാൻ വിവിധ അന്വേഷണ ഏജൻസികൾ പരിശോധന ശക്തമാക്കുന്നതിനിടെയാണ് സംസ്ഥാനത്തെ സർക്കാർ ഭൂമികൾ പോലും ലഹരി മാഫിയയുടെ കൃഷിയിടങ്ങളായി മാറുന്ന വിവരം പുറത്തുവരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img