ഞങ്ങളുടെ ആചാരപ്രകാരം അമ്മാവനാണ് ഓണക്കോടി തരേണ്ടത്. ഓണത്തിന് മുൻപേ അമ്മയുടെ വീട്ടിൽ പോയാൽ അമ്മാവൻ ഓണക്കോടി തരും. ആദ്യമൊക്കെ മുണ്ടായിരുന്നു തന്നത്. കാലം മാറിയതോടെ കാശ് തരും അല്ലെങ്കിൽ ഇഷ്ടമുള്ള വസ്ത്രങ്ങൾ എടുത്തുതരും. അധികവും കാശാണ് തന്നുകൊണ്ടിരുന്നത്. അതാകുമ്പോൾ കുട്ടികൾക്ക് ഇഷ്ടമുള്ളത് എടുക്കാമല്ലോ എന്ന അഭിപ്രായമായിരുന്നു അമ്മാവന്.
ഇല്ലത്തെ പെൺകുട്ടികളുടെ വേളി കഴിയുന്നതുവരെ ഓണക്കോടി നൽകാനുള്ള അവകാശം അവരവരുടെ അമ്മാവൻമാർക്കുള്ളതന്നെയാണ്. കുഞ്ഞുന്നാളിലേ ഞാനതാണ് കണ്ടുവളർന്നത്. ആ ലമ്പാടി ഇല്ലത്തുനിന്നും കൈതപ്രം കണ്ണാടി ഇല്ലത്തെ മരുമകളാകുന്നതുവരെ എനിക്ക് എന്റെ അമ്മാവനാണ് ഓണക്കോടി നൽകിയിരുന്നത്.
പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും ഗാനരചിയാവും നടനും സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനും സംഗീത സംവിധായകനും കർണ്ണാടക സംഗീതജ്ഞനുമായിരുന്ന കൈതപ്രം വിശ്വനാഥന്റെ പത്‌നി ഗൗരി അന്തർജനം ഇല്ലത്തെ ഓണവും തന്റെ പ്രിയതമന്റെ ഓർമ്മകളും വായനക്കാരുമായി പങ്കുവയ്ക്കുകയാണ്.
ഒരുമയുടെ പൂക്കളം
ഞാൻ ജനിച്ചതും വളർന്നതുമെല്ലാം കാസർഗോഡ് ജില്ലയിലെ മടിക്കൈ ഗ്രാമത്തിലെ ആലമ്പാടി ഇല്ലത്താണ്. അച്ഛൻ വാസുദേവ പട്ടേരി, അമ്മ ഗൗരി അന്തർജ്ജനം, മാധവ പട്ടേരി, പത്മനാഭ പട്ടേരി, വാസുദേവ പട്ടേരി എന്നീ മൂന്ന് സഹോദരങ്ങളും അടങ്ങിയതായിരുന്നു കുടുംബം. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ തന്ത്രിവര്യനായിരുന്നു വാസുദേവേട്ടൻ. ഏട്ടൻ ഇന്ന് ഞങ്ങളോടൊപ്പമില്ല. കഴിഞ്ഞ ഏപ്രിൽ ആണ് ഏട്ടൻ പോയത്. അതിപ്പോഴും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയാണ്. കണ്ണുകൾ തുടച്ചുകൊണ്ട് ഇല്ലത്തെ പൂക്കളത്തെക്കുറിച്ച് പറഞ്ഞുതുടങ്ങി.
ഇല്ലത്തിന് ചുറ്റും വയലാണ്. മഴക്കാലമായതിനാൽ വെള്ളത്തിന് നടുവിൽ ഒരു ദ്വീപ് പോലെയുള്ള സ്ഥലമാണ്. വീടിനടുത്തൊക്കെ പൂക്കൾ കുറവാണ്. വയൽ കടന്നുപോയാൽ പിന്നെയുള്ളത് പാറയാണ്. പാറ യിടുക്കിലുള്ള കാക്കപ്പൂവും വഴിയരികിലും വയൽക്കരയിലുമുള്ള പൂക്കളുമെല്ലാം ഞങ്ങൾ കുട്ടികൾ പറിച്ചെടുക്കും. ചിങ്ങം പിറക്കുന്നതോടെ മുറ്റത്തും അകത്തും പൂക്കളമൊരുക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും.
രണ്ട് നാലുകെട്ടുള്ള ഇല്ലമാണ് ഞങ്ങളുടേത്. വല്യച്ഛൻമാരും അവരുടെ മക്കളും അടങ്ങിയ വലിയ കൂട്ടുകുടുംബമാണ് അവിടെ ഉണ്ടായിരുന്നത്. മൂന്ന് നിലകളിലായിരുന്നു താമസിച്ചിരുന്നത്. അഞ്ച് അടുക്കളകൾ ഉണ്ടായിരുന്നു. ഓരോ കുടുംബവും വേറെ വേറെയായിരുന്നു ഭക്ഷണം പാചകം ചെയ്തിരുന്നത്. എന്നാൽ പൂക്കൾ പറിക്കുന്നതും പൂക്കളം ഒരുക്കുന്നതുമെല്ലാം ഒരുമിച്ച് ഒരേ മനസ്സോടെ. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും വലിയ ഒരു പൂക്കളം മുറ്റത്തിടും. പിന്നീട് അകത്തുമിടും. ഓരോ കുടുംബവും അവരവരുടെ ഓണസദ്യ സ്വയം ഉണ്ടാക്കും. അഞ്ചുതരം പായസമുണ്ടാക്കും. അത് പരസ്പരം കൈമാറും. അതാണ് ഞങ്ങളുടെ ഇല്ലത്തെ ഓണമധുരം.
നീയൊരു പുഴയായ് തഴുകുമ്പോൾ
ഒന്നാം ക്ലാസ് മുതൽ ഏഴ് വരെ ഞാൻ പഠിച്ചത് മടിക്കൈ ആലമ്പാടി ജി.യു.പി സ്‌ക്കൂളിലായിരുന്നു. ഇല്ലത്തുനിന്ന് അരമണിക്കൂർ നടക്കണം സ്‌ക്കൂളിൽ എത്താൻ. ഹൈസ്‌ക്കൂളിലേക്ക് മാറിയപ്പോൾ ഒരു മണിക്കൂറിലധികമായി ദൂരം. എൻ.എസ്.എസ് നെഹ്‌റു കോളേജിലും കാഞ്ഞങ്ങാട് എൽ.ബി.എസ്സിലുമൊക്കെയായി പഠനം പൂർത്തിയാക്കി. എം.എയ്ക്ക് ചേർന്ന സമയത്താണ് ഞാൻ വിശ്വേട്ടനെക്കുറിച്ച് കേൾക്കുന്നതും കാണുന്നതും വേളി കഴിക്കുന്നതുമെല്ലാം. 1996 ഡിസംബർ എട്ടിനായിരുന്നു വേളി.
എന്റെ അച്ഛനും സഹോദരങ്ങളുമെല്ലാം അമ്പലവും പൂജയുമായി ബന്ധപ്പെട്ട ജോലി ചെയ്തുവരുന്നവരായിരുന്നു.
വിശ്വേട്ടന്റെ ഇല്ലമായ കൈതപ്രം കണ്ണാടി ഇല്ലത്ത് വല്യേട്ടൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയും രണ്ടാമത്തെ ഏട്ടൻ വാസുദേവൻ നമ്പൂതിരിയും അമ്മ അദിതി അന്തർജ്ജനവും പിന്നെ ഒരു വല്യമ്മയുമായിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനും പ്രശസ്ത സംഗീതജ്ഞനുമായിരുന്ന കേശവൻ നമ്പൂതിരിയായിരുന്നു വിശ്വേട്ടന്റെ അച്ഛൻ. യോഗാചാര്യനായിരുന്നു രണ്ടാമത്തെ സഹോദരനായ വാസുദേവൻ നമ്പൂതിരി. സരസ്വതി, തങ്കം എന്നീ സഹോദരികളും.
കുടുംബത്തിലെ ഇളയ സന്തതിയായതിനാൽ അച്ഛന്റെ മരണശേഷം മൂത്ത ജ്യേഷ്ഠൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയായിരുന്നു വിശ്വേട്ടന്റെ എല്ലാ കാര്യവും കൂടുതൽ ശ്രദ്ധിച്ചിരുന്നത്. മറ്റ് സഹോദരങ്ങളുടെ ശ്രദ്ധയും പരിഗണനയുമെല്ലാം ഉണ്ടെങ്കിലും വല്യേട്ടനും ദേവിചേച്ചിക്കും വിശ്വേട്ടൻ അവരുടെ മൂത്തമകന്റെ സ്ഥാനത്തായിരുന്നു.
ഞങ്ങൾക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. അദിതി, നർമ്മദ, കേശവൻ(കേശു). മൂത്തയാൾ ബംഗളുരുവിൽ സോഫ്ട്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്നു. രണ്ടാമത്തെയാൾ സോഫ്ട് വെയർ എഞ്ചിനീയറായി കോഴിക്കോട്ടും ജോലി ചെയ്യുന്നു. മകൻ കേശു ഗോപിനാഥ് മുതുകാട് സാറിന്റെ കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റിലെ ഡിഫന്റ് ആർട്‌സ് സെന്ററിലെ വിദ്യാർത്ഥിയാണ്.
വിശ്വേട്ടൻ കുറെക്കാലം വല്ല്യേട്ടന്റെ സംഗീത സംവിധാന സഹായിയായി കൂടെനിന്നു. ജയരാജ് സാറ് സംവിധാനം ചെയ്ത ദേശാടനത്തിലാണ് സംഗീതസംവിധാന സഹായിയായി സിനിമയിലെത്തിയത്.
കണ്ണകിയിലെ 'കരിനീല കണ്ണഴകീ' എന്ന പാട്ടാണ് ആദ്യം ചെയ്തത് എന്നാണ് എന്റെ ഓർമ്മ. 'എന്നുവരും നീ...' എന്ന ഗാനവും വളരെ വേഗത്തിൽ സംഗീതം ചെയ്യുകയും ജയരാജ് സാറ് ഓകെ പറഞ്ഞതായും വിശ്വേട്ടൻ ഇല്ലത്ത് വന്നപ്പോൾ പറഞ്ഞു.
കണ്ണകിയുടെ ഷൂട്ടിംഗ് എല്ലാം കഴിഞ്ഞശേഷം ജയരാജ് സാറിന്റെ നിർദ്ദേശപ്രകാരം ആ സിനിമയുടെ പശ്ചാത്തലസംഗീതം ഒരുക്കാനും വിശ്വേട്ടന് ഭാഗ്യം ലഭിച്ചു. കണ്ണകി എന്ന ചിത്രത്തിലെ പശ്ചാത്തലസംഗീതത്തിനായിരുന്നു 2001 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചത്.
തിളക്കം സിനിമയിലെ 'സാറെ സാറെ സാമ്പാറെ', 'നീയൊരു പുഴയായ് തഴുകുമ്പോൾ' തുടങ്ങിയ എല്ലാ പാട്ടുകളും ഇല്ലത്തുവെച്ചാണ് ചെയ്തത്.
ഇനിയൊരു ജന്മമുണ്ടെങ്കിൽ
സംവിധായകനും ഗാനരചയിതാവും സംഗീത സംവിധായകനുമെല്ലാം കൈതപ്രത്തുകാരായ സിനിമയാണ് 2009 ൽ ഇറങ്ങിയ മധ്യവേനൽ എന്ന ചിത്രം. 'സ്വന്തം സ്വന്തം ബാല്യത്തിലൂടെ...' എന്ന ഗാനരചന നിർവ്വഹിച്ചത് വല്യേട്ടനും സംഗീത സംവിധാനം വിശ്വേട്ടനും സിനിമയുടെ സംവിധാനം നിർവ്വഹിച്ചത് മധു കൈതപ്രവുമാണ്. സത്യത്തിൽ കൈതപ്രത്തുകാരുടെ സിനിമ.
സ്വന്തം സ്വന്തം ബാല്യത്തിലൂടെ എന്ന് ദാസേട്ടൻ പാടിയ പാട്ടിന് ട്രാക്ക് പാടിയത് വിശ്വേട്ടനായിരുന്നു. വിശ്വേട്ടൻ മൂകാംബികയിൽ തൊഴാൻ പോയി വന്നാലും എവിടെ പോയി വരികയാണെങ്കിലും മക്കൾക്കുള്ള ഡ്രസ്സിനൊത്ത, വളയും മാലയും കമ്മലുമെല്ലാം വാങ്ങിയേ വരൂ. ഭക്ഷണത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ. ഓരോരുത്തരുടെയും ഇഷ്ടങ്ങൾക്കനുസരിച്ചുള്ള ഭക്ഷണങ്ങൾ കൊണ്ടുവരും. എല്ലാവരും ഒന്നിച്ചുകഴിക്കും. അതാണ് പതിവ്.
അച്ഛന്റെ പാട്ടുകളെല്ലാം ഇഷ്ടമാണെങ്കിലും ഏകാന്തത്തിലെ 'കയ്യെത്തുംദൂരം ഒരു കുട്ടിക്കാലം', 'എന്നു വരും നീ...' എന്നീ ഗാനങ്ങളാണ് അവർക്കേറെ ഇഷ്ടം.
വിശ്വേട്ടന്റെ എല്ലാ പാട്ടുകളും എനിക്കിഷ്ടമാണ്. 'ഇനിയൊരു ജന്മമുണ്ടെങ്കിൽ' എന്ന ഗാനം കേൾക്കുമ്പോൾ വല്ലാത്തൊരു അസ്വസ്ഥതയാണ്. നെഞ്ചുവേദന അനുഭവപ്പെടുന്നതുപോലെ തോന്നും.
ഭക്ഷണത്തിന്റെ കാര്യത്തിൽ വിശ്വേട്ടന് ഇഷ്ടം പച്ചരിച്ചോറ്, ചെറുപയർ, ഇഡ്ഡലി, ദോശ, പച്ചടി. എനിക്കാണെങ്കിൽ പച്ചരിച്ചോറും ചെറുപയറും ഇഷ്ടമല്ല. ഭക്ഷണക്കാര്യത്തിൽ ഞങ്ങൾ നേരെ എതിരാണ്. എന്തൊക്കെയാണെങ്കിലും ഞങ്ങൾ വളരെ സന്തോഷത്തോടെയായിരുന്നു ജീവിച്ചിരുന്നത്. മുറുക്കി ചുവപ്പിച്ച ചുണ്ടത്ത് പുഞ്ചിരിയുമായി താടി തടവി വിശ്വേട്ടൻ ഇപ്പോഴും ഞങ്ങൾക്ക് ചുറ്റുമുണ്ട്. വിശ്വേട്ടന് എന്നെയും കുട്ടികളെയും തനിച്ചാക്കി പോകാൻ കഴിയില്ല. അത്രയ്ക്കും തൊണ്ട ഇടറി.. നർമ്മദയും അദിതിയും അമ്മയെ വാരിപ്പുണർന്നു.
ഈ ഓണം പദ്മനാഭന്റെ മണ്ണിൽ
കേശുവിന്റെ പഠനവുമായി ബന്ധപ്പെട്ട് കിഴക്കെകോട്ടയിലാണ് ഇപ്പോൾ താമസം. എന്റെ ഏട്ടന്റെ മക്കളും ബന്ധുക്കളുമെല്ലാം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം തന്നെയാണ്. ഈ ഓണത്തിന് വലിയ ആഘോഷങ്ങളൊന്നുമില്ല. ഏട്ടൻ പോയിട്ട് അധികമൊന്നും ആയിട്ടില്ലല്ലോ. പിന്നെ മക്കൾ ജോലിസ്ഥലത്തുനിന്ന് വരും. അത് മാത്രമാണ് ഒരാശ്വാസം. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാരിമാരെല്ലാം തന്നെ കാസർഗോഡും കർണ്ണാടകയിലുള്ളവരുമാണ്. കാസർഗോട്ടെ പത്ത് ഇല്ലക്കാർക്കും കർണ്ണാടകയിലുള്ളവർക്കുമാണ് ക്ഷേത്രത്തിൽ പൂജ ചെയ്യാനുള്ള അവകാശം.
ആ്വി പത്മനാഭന്റെ നാടായ മടിക്കൈയിൽ നിന്നും തിരുവനന്തപുരത്തുള്ള അനന്തപദ്മനാഭൻ കാസർഗോഡ് ജില്ലയിലെ അനന്തപുരത്തുനിന്നും വന്നതാണ് എന്നാണ് ഞങ്ങൾ കരുതുന്നത്. ആദി പദ്മനാഭന്റെ ക്ഷേത്രത്തിൽ ഒരു ഗുഹയുണ്ട്. അതിലൂടെ വില്വമംഗലം സ്വാമിയുടെ കൂടെ തിരുവനന്തപുരത്തേയ്ക്ക് വന്നു എന്നാണ് ഐതിഹ്യം. അതുകൊണ്ടുതന്നെ കാസർഗോഡ് ജില്ലയിലെ പത്ത് ഇല്ലങ്ങളിൽ നിന്നുള്ളവരാണ് ഇവിടുത്തെ പൂജാരിമാരിൽ അധികവും.
ഒരു നിയോഗം പോലെ ഞാനും എന്റെ മക്കളും ഈ മണ്ണിൽ എത്തപ്പെട്ടു.
ഇനി ഞങ്ങൾക്ക് ശ്രീ പദ്മനാഭൻ തന്നെ തുണ...
എല്ലാ വായനക്കാർക്കും ഞങ്ങളുടെ ഓണാശംസകൾ.
Photo Courtesy - ഫോട്ടോ: ആനന്ദ് കോവളം