08:07am 27 June 2026
NEWS
തമിഴകത്തിൽ ജനനായകന്റെ തേരോട്ടം; എം ജി ആറിന്റെയും ജയലളിതയുടെയും പിൻഗാമിയായി ഇളയദളപതി വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകുമ്പോൾ
11/05/2026  07:32 AM IST
വിഷ്ണുമംഗലം കുമാർ
തമിഴകത്തിൽ ജനനായകന്റെ തേരോട്ടം; എം ജി ആറിന്റെയും ജയലളിതയുടെയും പിൻഗാമിയായി ഇളയദളപതി വിജയ് തമിഴ്‌നാട്  മുഖ്യമന്ത്രിയാകുമ്പോൾ

അനുഭവസമ്പന്നരായ രാഷ്ട്രീയനിരീക്ഷകരുടെയും സർവ്വേ പണ്ഡിറ്റുകളുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് സൂപ്പർ സ്റ്റാർ വിജയിന്റെ തമിഴക വെട്രി കഴകം(ടിവികെ) തമിഴ്‌നാട്ടിലെ നിയമസഭാതെരഞ്ഞെടുപ്പിൽ വിസ്മയകരമായ വിജയം കൈവരിച്ചത്. ഒരു സർവ്വേ ഒഴികെ മറ്റാരും തന്നെ വിജയ്‌യുടെ മഹാവിജയം പ്രവചിച്ചിരുന്നില്ല. ഒരു ചലച്ചിത്രത്തിലെന്നപോലെ അവിശ്വസനീയമായ വിധത്തിലാണ് വിജയ് തമിഴകരാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ചതും മുഖ്യമന്ത്രിക്കസേരയിൽ ഉപവിഷ്ടനാകുന്നതും. എംജി ആറിനെയും ജയലളിതയെയും പോലെ സിനിമയുടെ ഗ്ലാമർ ലോകത്തുനിന്നുമാണ് വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. എംജിആറിന് ഗുരുവായി അണ്ണാദുരൈയും സഹയാത്രികനായി കരുണാനിധിയും ഉണ്ടായിരുന്നു. ജയലളിതയ്ക്ക് എംജിആർ വഴികാട്ടിയായിരുന്നു. എന്നാൽ സിനിമയിൽ വീരപരിവേഷത്തോടെ മാസ്മരിക പ്രകടനം നടത്തി ആയിരങ്ങളെ രസിപ്പിച്ചിരുന്ന വിജയ് ഒരു സുപ്രഭാതത്തിൽ പുതിയൊരു രാഷ്ട്രീയപ്പാർട്ടിയുണ്ടാക്കി മത്സര രംഗത്തിറങ്ങുകയായിരുന്നു. സിനിമയിലൂടെ പണവും പ്രശസ്തിയും എളുപ്പത്തിൽ നേടാമായിരുന്നെങ്കിൽ പണം നഷ്ടപ്പെടുത്തുന്ന രാഷ്ട്രീയത്തിലേക്ക് വിജയ് ഇറങ്ങിയത് സാമൂഹ്യനന്മ ലക്ഷ്യമിട്ടുതന്നെയാണ്. 

രണ്ടുവർഷം മുമ്പ് ഒരു രാഷ്ട്രീയപ്പാർട്ടി രൂപീകരിച്ചു എന്നല്ലാതെ സംസ്ഥാനമൊട്ടാകെ അതിന്റെ പ്രവർത്തനം സജീവമാക്കാനുള്ള ആൾബലമോ അനുഭവസമ്പത്തോ വിജയ്ക്ക് ഉണ്ടായിരുന്നില്ല. രാഷ്ട്രീയത്തിലെ താപ്പാനകൾ അദ്ദേഹത്തിന്റെ വരവിനെ പലവിധത്തിൽ തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. ദ്രാവിഡരാഷ്ട്രീയം കളിക്കുന്ന ഡിഎംകെയും അണ്ണാ ഡി എം കെയുമാണ് തമിഴ്‌നാട് വാണിരുന്നത്. കോൺഗ്രസ്സ്, ബിജെപി എന്നീ ദേശീയ പാർട്ടികൾക്ക് തമിഴ്‌നാട്ടിൽ വേര് പടർത്താൻ കഴിഞ്ഞിട്ടില്ല. വിജയ്‌ന്റെ ജനപ്രീതി അറിയാവുന്നവർ അദ്ദേഹത്തെ തങ്ങളുടെ ഒപ്പം കൂട്ടി മുതലെടുക്കാനാണ് ശ്രമിച്ചത്. വഴങ്ങില്ലെന്ന് കണ്ടപ്പോൾ അവർ വിജയ്‌ന്റെ രാഷ്ട്രീയപ്പാർട്ടിയെ തളർത്താനും തകർക്കാനും ശ്രമിച്ചു. സംസ്ഥാനവും കേന്ദ്രവും വിജയ്‌നെ തളക്കാൻ വ്യത്യസ്ത വഴികൾ ആരാഞ്ഞു. പോലീസ് കേസുകളും ഇൻകം ടാക്‌സ് റെയിഡുകളും അതിന്റെ ഭാഗമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇറക്കാൻ അദ്ദേഹം പദ്ധതിയിട്ട ജനനായകൻ എന്ന സിനിമ ജനങ്ങളിൽ എത്താതിരിക്കാൻ പലരും ചരടു വലിച്ചു. 

വിജയിന്റെ ജീവിതപങ്കാളി പിണങ്ങി പിരിഞ്ഞതിന്റെ പിന്നിലും കറുത്ത കൈകളുണ്ട്. വിജയ്‌നെ താരമായി വളർത്തിയ സംവിധായകനായ പിതാവ് ചന്ദ്രശേഖർ മകൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു എതിരായിരുന്നു. പക്ഷെ എല്ലാ തടസ്സങ്ങളും അതിജീവിച്ചു മുന്നേറിയ വിജയ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ ടിവികെ സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിച്ചു. ആരാധകരുടെ പ്രളയമുണ്ടാകുമെന്നതിനാൽ പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കാൻ തന്നെ വിജയ്‌ന് പ്രയാസമായിരുന്നു. അതൊക്കെ അദ്ദേഹം വല്ല വിധേനെയും തരണം ചെയ്തു. തുടർഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രി സ്റ്റാലിന്റെ ഡിഎംകെയുമായും ബിജെപിയുടെ സഹായത്തോടെ അധികാരത്തിൽ തിരിച്ചെത്താൻ പദ്ധതിയിട്ട എടപ്പാടി പളനിസ്വാമിയുടെ അണ്ണാ ഡിഎംകെയുമായുമാണ് രാഷ്ട്രീയത്തിൽ കന്നിയങ്കക്കാരനായ വിജയ് ഏറ്റുമുട്ടിയത്. കോൺഗ്രസ്സും ഇടതുപക്ഷ പാർട്ടികളും മുസ്ലിം ലീഗുമൊക്കെ ഡിഎംകെ നയിച്ച പ്രോഗ്രസീവ് മുന്നണിയുടെ ഭാഗമായിരുന്നു.ബിജെപിയെ കൂടാതെ പ്രേമലത വിജയകാന്തിന്റെ ഡിഎംഡികെ പോലുള്ള പ്രാദേശിക കക്ഷികൾ അണ്ണാ ഡി എം കെ മുന്നണിയിലായിരുന്നു. തനിച്ച് മത്സരിച്ച വിജയിന്റെ ടിവികെ സകലരെയും അമ്പരപ്പിച്ചുകൊണ്ട് നേടിയ മിന്നുന്ന വിജയത്തിന് പിന്നിൽ ചിന്ന ദളപതിയെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആരാധകർ തന്നെയാണ്.

രണ്ടു ദ്രാവിഡമുന്നണികളെ യും ബഹുദൂരം പിന്നിലാക്കിയാണ് വിജയിന്റെ മുന്നേറ്റം. 234 അംഗ നിയമസഭയിൽ 107 പേരെ ജയിപ്പിച്ച് ടി വി കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. കുളത്തൂരിൽ മുഖ്യമന്ത്രി എം. കെ. സ്റ്റാലിനേറ്റ പരാജയം ഞെട്ടിപ്പിക്കുന്നതാണ്. ടി വി കെയുടെ വി. എസ്. ബാബു ഒമ്പതായിരത്തോളം വോട്ടുകൾക്കാണ് സ്റ്റാലിനെ മലർത്തിയടിച്ചത്. 15 മന്ത്രിമാരും പരാജയപ്പെട്ടു. 133 സീറ്റുകളുമായി ഭരണത്തിൽ വിലസിയിരുന്ന ഡിഎംകെ (മുന്നണിയുടെ അംഗസംഖ്യ 159) കേവലം 60 സീറ്റുകളിലൊതുങ്ങി. മുന്നണിക്ക് ഇത്തവണ കിട്ടിയത് 74 സീറ്റുകൾ. സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായിരുന്ന ഉദയനിധി സ്റ്റാലിൻ ടി.വി.കെയുടെ ഡി.സെൽവത്തെ തോൽപ്പിച്ച് ചെപ്പാക്ക്-തിരുവള്ളിക്കേരി മണ്ഡലം നിലനിർത്തി. ഉദയനിധിയാണ് ഇപ്പോൾ ഡി.എം.കെയെ നയിക്കുന്നത്. അണ്ണാ ഡി എം കെയ്ക്ക് 47 ഉം ആ പാർട്ടി നയിച്ച എൻഡിഎയ്ക്ക് 53 സീറ്റുകളുമാണ് ലഭിച്ചത്.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img