07:57pm 11 November 2026
NEWS
'ഇക്ഷക്': നാവിക സേനയുടെ കൂറ്റന്‍ സര്‍വേ
കപ്പല്‍ അഡ്മിറല്‍ തൃപാഠി കമ്മിഷന്‍ ചെയ്യും

06/11/2025  07:16 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഇക്ഷക് : നാവിക സേനയുടെ കൂറ്റന്‍ സര്‍വേ  കപ്പല്‍ അഡ്മിറല്‍ തൃപാഠി കമ്മിഷന്‍ ചെയ്യും

 

കൊച്ചി: ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി രൂപകല്പന ചെയ്തു നിര്‍മ്മിച്ച വന്‍കിട സര്‍വേ കപ്പലായ 'ഇക്ഷക്' നവംബര്‍ ആറിന് കൊച്ചിയില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. തൃപാഠി  കമ്മിഷന്‍ ചെയ്യും. കപ്പല്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന സ്വാശ്രയത്വത്തിന്റെ തിളക്കമാര്‍ന്ന ഉദാഹരണമാണ് കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എഞ്ചിനീയേഴ്‌സ് (ജിആര്‍എസ്ഇ) ലിമിറ്റഡില്‍ രൂപമെടുത്ത ഇക്ഷക് എന്ന് നാവിക സേനാ വക്താവ് അറിയിച്ചു.

നാവികസേനയിലെ വലിയ സര്‍വേ കപ്പലുകളില്‍ മൂന്നാമത്തേതാണ് 'ഇക്ഷക്'. ഡയറക്ടറേറ്റ് ഓഫ് ഷിപ് പ്രൊഡക്ഷന്‍, കൊല്‍ക്കത്ത വാര്‍ഷിപ് ഓവര്‍സീയിങ് ടീം എന്നിവയുടെ മേല്‍നോട്ടത്തിലായിരുന്നു  അത്യാധുനിക സാങ്കേതികവിദ്യയിലുള്ള നിര്‍മാണം.സര്‍വേയാണ് പ്രാഥമികലക്ഷ്യമെങ്കിലും ദുരന്തങ്ങളില്‍ രക്ഷാദൗത്യം, മാനുഷിക സേവനങ്ങള്‍ എന്നിവയ്ക്കും സജ്ജമാണ്. അടിയന്തരഘട്ടങ്ങളില്‍ ആശുപത്രിയായി മാറ്റാനും കഴിയും. വനിതകള്‍ക്ക് പ്രത്യേക താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയുടെ സമുദ്ര ചക്രവാളത്തില്‍ കൃത്യത, ലക്ഷ്യം, സ്വാശ്രയത്വം എന്നിവയുടെ ഒരു ദീപസ്തംഭമാണ് ഇക്ഷക് എന്ന് നാവികസേന വ്യക്തമാക്കി. ആത്മനിര്‍ഭര്‍ ഭാരത് സംരംഭത്തിന്റെ ഭാഗമായി ജിആര്‍എസ്ഇ യും ഇന്ത്യന്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും (എംഎസ്എംഇ) തമ്മിലുള്ള സഹകരണത്തിന്റെയും  സമന്വയത്തിന്റെയും വിജയത്തെ പ്രതിഫലിപ്പിക്കുന്ന ഈ കപ്പലില്‍ 80%  തദ്ദേശീയ ഉള്ളടക്കമാണുള്ളത്.നവംബര്‍ 6 ന് കൊച്ചി നേവല്‍ ബേസില്‍ നടക്കുന്ന ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി കപ്പല്‍ ഔപചാരികമായി സര്‍വീസില്‍ ഉള്‍പ്പെടുത്തും. 

ഉയര്‍ന്ന റെസല്യൂഷന്‍ മള്‍ട്ടിബീം എക്കോ സൗണ്ടര്‍, ഓട്ടോണമസ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍, റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ , നാല് സര്‍വേ മോട്ടോര്‍ ബോട്ടുകള്‍ എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക ഹൈഡ്രോഗ്രാഫിക്, സമുദ്രശാസ്ത്ര ഉപകരണങ്ങള്‍ ഈ  ഹൈഡ്രോഗ്രാഫിക് കപ്പലിന് സമാനതകളില്ലാത്ത വൈവിധ്യവും കഴിവും നല്‍കുന്നു. കപ്പലില്‍ ഒരു ഹെലികോപ്റ്റര്‍ ഡെക്കും ഘടിപ്പിച്ചിട്ടുണ്ട്. പ്രവര്‍ത്തന പരിധി വര്‍ദ്ധിപ്പിക്കാനും വൈവിധ്യമാര്‍ന്ന ദൗത്യങ്ങള്‍ നിര്‍വഹിക്കാനും ഹെലികോപ്റ്റര്‍ സേവനം കപ്പലിനെ പ്രാപ്തമാക്കുന്നു.

സംസ്‌കൃതത്തില്‍ 'വഴികാട്ടി' എന്നര്‍ത്ഥം വരുന്ന 'ഇക്ഷക്' എന്ന പേര്, കൃത്യതയുടെയും ലക്ഷ്യത്തിന്റെയും കാവല്‍ക്കാരന്‍ എന്ന നിലയില്‍ കപ്പലിന്റെ പങ്കിനെ ഉചിതമായി നിര്‍വചിക്കുന്നതായി നാവിക സേനാ വക്താവ് പറഞ്ഞു.ഇന്ത്യന്‍ നാവികസേനയുടെ സര്‍വേ, ചാര്‍ട്ടിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളില്‍ ഇക്ഷകിന്റെ കമ്മീഷനിംഗ് ഒരു സുപ്രധാന നാഴികക്കല്ലാകും. തുറമുഖങ്ങള്‍, നാവിഗേഷന്‍ ചാനലുകള്‍ എന്നിവയുടെ പൂര്‍ണ്ണ തോതിലുള്ള തീരദേശ, ആഴക്കടല്‍ ഹൈഡ്രോഗ്രാഫിക് സര്‍വേ നടത്തുന്നതിനാണ് കപ്പല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കടലില്‍ സുരക്ഷിതമായ നാവിഗേഷന്‍ ഉറപ്പാക്കുന്നതിന് സൃഷ്ടിക്കപ്പെടുന്ന ഡാറ്റ  രാജ്യത്തിന്റെ സമുദ്ര സുരക്ഷാ ചട്ടക്കൂടിനെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകമാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img