NEWS
പ്രവാസി സൗഹൃദത്തിന്റെ നിറച്ചാർത്തിൽ ഐകെസാഖ് ഓണാരവം
14/09/2026 09:12 AM IST
nila

ദോഹ ഖത്തർ : ഇടുക്കി–കോട്ടയം എക്സ്പാട്രിയേറ്റ് സർവീസ് അസോസിയേഷൻ ഖത്തർ (ഐകെസാ ഖ് )സംഘടിപ്പിച്ച “ഓണാരവം” വിവിധ കലാപരിപാടികളോടും ഓണസദ്യയോടും കൂടി ആഘോഷിച്ചു. പ്രവാസി മലയാളികളുടെ സൗഹൃദവും സ്നേഹവും കൂട്ടായ്മയും വിളിച്ചോതിയ ആഘോഷം ശ്രദ്ധേയമായി.
കേരളത്തിന്റെ തനത് ഓണപ്പാരമ്പര്യത്തിന്റെ നിറം പകർന്ന ചടങ്ങിൽ ഓണസദ്യ, ഗാനങ്ങൾ, നൃത്തങ്ങൾ, തിരുവാതിര, ചെണ്ടമേളം, മാജിക്–മെന്റലിസം ഷോ തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി.
ചടങ്ങിൽ ഐസിബിഎഫ് സെക്രട്ടറി ജാഫർ തറയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഐസിബിഎഫ് പ്രതിനിധി മിനി സിബി, ഐസിസി വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡെ, ലോക കേരള സഭാംഗം അബ്ദുൽ റയീഫ് കൊണ്ടോട്ടി , സെപ്രോടെക് സി.ഇ.ഒ ജോസ് ഫിലിപ്പ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ഐകെസാഖ് ജനറൽ സെക്രട്ടറി ജെയ്മോൻ കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. മഹേഷ് മോഹനൻ അധ്യക്ഷത വഹിച്ചു. വിനോദ് ടി.പി. നന്ദി രേഖപ്പെടുത്തി.
പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും സാമൂഹിക സുരക്ഷയ്ക്കും പ്രാധാന്യം നൽകി ഐകെസാഖ് വിവിധ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നതായി ഭാരവാഹികൾ അറിയിച്ചു. മെഡിക്കൽ വിങ്, പ്രവാസി വെൽഫെയർ, ലീഗൽ സെൽ, വനിതാ വിങ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ സേവനങ്ങളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നു.
പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ജോബ് പ്രൊഫൈൽ/ജോബ് ഗ്രൂപ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ, പ്രവാസി സുരക്ഷാ പ്രവർത്തനങ്ങൾ, നോർക്ക ഇൻഷുറൻസ് ക്യാമ്പയിനുകൾ തുടങ്ങിയവയും സംഘടനയുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ്.
അർഹരായ കുടുംബങ്ങൾക്ക് സ്വന്തമായി ഒരു വീട് ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഐകെസാഖ് നടപ്പാക്കിവരുന്ന “സ്നേഹനിലയം” പദ്ധതിയും ചടങ്ങിൽ പ്രത്യേകമായി പരാമർശിക്കപ്പെട്ടു. സമൂഹത്തിൽ യഥാർത്ഥത്തിൽ അർഹരായ ഒരു കുടുംബത്തിന് സുരക്ഷിതമായ ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്.
പ്രവാസികളുടെ ക്ഷേമത്തിനും സമൂഹത്തിന്റെ നന്മയ്ക്കുമായി സേവനപ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ‘നമ്മൾ ഒരുമിച്ച് ’ എന്ന ഐകെസാഖ് -ന്റെ സന്ദേശം ഉയർത്തിപ്പിടിച്ച ഓണാരവം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും ആഘോഷമായി മാറി.
പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച പ്രോഗ്രാം കൺവീനർ. പ്രെജിത് ഹരിഹരൻ, പ്രോഗ്രാം കമ്മിറ്റി, വളണ്ടിയർമാർ, സ്പോൺസർമാർ, കലാകാരന്മാർ, അംഗങ്ങൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന് മാനേജ്മെന്റ് കമ്മിറ്റി നന്ദി അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











