
പ്രയാഗ് രാജിലെ മഹാകുംഭമേളയുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് വൈറലാകുന്നത്. അവയിൽ ഏറ്റവും ശ്രദ്ധേയമായത് 'ഐ.ഐ.ടി. ബാബ' എന്നറിയപ്പെടുന്ന അഭയ് സിങ് ആയിരുന്നു. കാനഡയിൽ പ്രതിവർഷം 36 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് ഹരിയാന സ്വദേശിയായ അഭയ് സിങ് ആത്മീയതയിലേക്ക് തിരിഞ്ഞത്. എന്നാൽ, അഭയ് സിങ്ങിനെ കുംഭമേളയിലെ അഖാരയിൽനിന്ന് പുറത്താക്കിയെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
തന്റെ ഗുരുവായ മഹന്ത് സോമേശ്വർ പുരിയെ തെറിവിളിച്ചതിനാണ് ഇദ്ദേഹത്തെ അഖാരയിൽനിന്ന് പുറത്താക്കിയത് എന്നാണ് റിപ്പോർട്ട്. 'അയാൾ ഞങ്ങളെ അപകീർത്തിപ്പെടുത്തുകയാണ്. അയാളൊരു സന്യാസിയൊന്നുമല്ല, അലഞ്ഞുതിരിഞ്ഞുനടക്കുന്നയാൾ മാത്രമാണ്. അയാൾ വായിൽ തോന്നിയതെല്ലാം ടി.വിയിൽ പറയും. അയാൾ ആരുടേയും ശിഷ്യനായിരുന്നില്ല. അയാളെ ഞങ്ങൾ പുറത്താക്കി', ജുന അഖാരയിലെ ഒരംഗം എൻ.ഡി.ടി.വിയോട് പറഞ്ഞു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ 'ഐ.ഐ.ടി. ബാബ' നിഷേധിച്ചു. അഖാരയിലെ സന്യാസിമാർ തന്നേക്കുറിച്ച് പരദൂഷണം പറഞ്ഞുനടക്കുകയാണെന്ന് അഭയ് സിങ് ഒരു വാർത്താചാനലിനോട് പറഞ്ഞു. 'ഞാൻ പ്രശസ്തനായെന്നും അവരെ കുറിച്ച് എന്തെങ്കിലും കാര്യം വെളിപ്പെടുത്തുമെന്നുമാണ് അവർ കരുതുന്നത്. അതിനാലാണ് ഞാൻ രഹസ്യധ്യാനത്തിന് പോയെന്ന് അവർ പറഞ്ഞുനടക്കുന്നത്. അവർ അസംബന്ധം പറയുകയാണ്'- ഐ.ഐ.ടി. ബാബ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ ലക്ഷത്തിലേറെ ഫോളോവർമാരുള്ളയാളാണ് ഐ.ഐ.ടി. ബാബ.











