11:24pm 06 November 2026
NEWS
നിങ്ങളുടെ മക്കളിൽ ഈ മാറ്റങ്ങൾ കണ്ടാൽ MDMA ഉപയോ​ഗിക്കുന്നുണ്ടോ എന്ന് സംശയിക്കണം
10/06/2025  05:27 PM IST
nila
നിങ്ങളുടെ മക്കളിൽ ഈ മാറ്റങ്ങൾ കണ്ടാൽ MDMA ഉപയോ​ഗിക്കുന്നുണ്ടോ എന്ന് സംശയിക്കണം

ഇന്ന് കേരളത്തിൽ എംഡിഎംഎയുമായി ബന്ധപ്പെട്ട് ഒരു വാർത്തയെങ്കിലും ഇല്ലാത്ത ദിവസമില്ല എന്ന് പറയും. യുവാക്കളും യുവതികളും വീട്ടമ്മമാരും ഉദ്യോ​ഗസ്ഥരും വിദ്യാർത്ഥികളും പോലും എംഡിഎംഎയുമായി പിടിയിലാകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. കഞ്ചാവെന്നും കള്ളെന്നും ബീഡിയെന്നും സി​ഗരറ്റ് എന്നും ചാരായമെന്നും മദ്യമെന്നുമൊക്കെയായിരുന്നു കുറച്ചുനാൾ മുമ്പുവരെ നാം കേട്ടിരുന്ന ലഹരിപദാർത്ഥങ്ങൾ. എന്നാൽ, അവിടെനിന്നും രാസലഹരിയുടെ മഹാനരകത്തിലേക്കാണ് ഇന്ന് മനുഷ്യരാശി പോകുന്നത്. എന്താണ് നാം ദിനവും കേൾക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎ എന്ന് അറിഞ്ഞുവരാം..

ഒറ്റനോട്ടത്തിൽ ഭസ്മമെന്നോ കൽക്കണ്ട പൊടിയെന്നോ പഞ്ചസാര പൊടിച്ചതെന്നോ തോന്നുന്ന പദാർത്ഥമാണ് ഈ എംഡിഎംഎ. എന്നാൽ, മേൽപ്പറഞ്ഞ സാത്വികതയോ മാധുര്യമോ ഒന്നും നമ്മുടെ മനസ്സിലും ശരീരത്തിലും  ജീവിതത്തിലുമൊന്നും പ്രദാനം ചെയ്യുന്ന വസ്തുവല്ല ഇത്.  മയക്കുമരുന്നുകളിലെ കാളകൂടവിഷമെന്നാണ് ഇതിനെ വിളിക്കുന്നത്. എത്രത്തോളം മാരകമാണിത് എന്നതിന് ഇതിനപ്പുറം ഒരു നിർവചനവുമില്ല. മെത്തലിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ എന്നതിന്റെ ചുരുക്കെഴുത്താണ് എംഡിഎംഎ. 

ക്രിസ്‌റ്റൽ രൂപത്തിലുള്ള എംഡിഎംഎയെ പല പേരുകളിൽ വിളിക്കുന്നു. ഐസ് മെത്ത്, കല്ല്, പൊടി, കൽക്കണ്ടം , ക്രിസ്റ്റൽ മെത്ത്, ഷാബു, ക്രിസ്റ്റൽ, ഗ്ലാസ്, ഷാർഡ് , ബ്ലൂ, ഐസ്, ക്രിസ്റ്റൽ ,സ്പീഡ്  തുടങ്ങിയവ പേരിൽ അറിയപ്പെടുന്നതും എംഡിഎംഎയാണ്. മുമ്പ് അപൂർവമായിരുന്നു എംഡിഎം. ഈ രാസലഹരി സംബന്ധിച്ച കേസുകളും കുറവായിരുന്നു. എന്നാൽ, ഇന്ന് ഈ മാരകലഹരി നമ്മുടെ നാട്ടിൽ പോലും സുലഭമാണ്.  രാജ്യാന്തര വിപണിയിൽ കോടികളും ഇന്ത്യൻ വിപണിയിൽ ലക്ഷങ്ങളുമാണ് ഇതിന്റെ മതിപ്പുവില. 

മനുഷ്യനെ ഉന്മാദത്തിന്റെ നരകത്തിലേക്ക് വലിച്ചെറിയുന്ന ഈ കാളകൂടത്തിന്റെ ജനനം ജർമ്മനിയിലാണ്. 1912-ൽ  ജർമ്മൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മെർക്ക് ആണ് എംഡിഎംഎ ആദ്യമായി സമന്വയിപ്പിച്ചത്. മെർക്കിലെ സതന്ത്രജ്ഞനായ ആൻ്റൺ കോലിഷ് ഈ രാസപദാർത്ഥം സൃഷ്ടിച്ചത് വിശപ്പിനെ ജയിക്കാനുള്ള മരുന്ന് എന്ന നിലയിലായിരുന്നു. 1970 കളിൽ സൈക്കോതെറാപ്പിയിൽ ഇത് ഉപയോഗിച്ചു. എന്നാൽ, 1980 കളായപ്പോഴേക്കും ഇത് ഒരു ജനപ്രിയ തെരുവ് മയക്കുമരുന്നായി മാറി.

കേരളത്തിൽ എംഡിഎംഎ വ്യാപകമായിട്ട് ഏകദേശം അഞ്ചു വർഷമേ ആയിട്ടുള്ളു . അതിന് മുമ്പ് വളരെ കുറച്ച് എംഡിഎംഎ കേസുകളാണ് ഇവിടെയുണ്ടായിരുന്നതെങ്കിൽ ഇന്ന് എവിടെയും ഈ രാസലഹരി കിട്ടുമെന്ന അവസ്ഥയിലേക്ക് കേരളമെത്തി. 

എംഡിഎംഎയുടെ അടിമകളും കച്ചവടക്കാരുമായി എങ്ങനെയാണ് നമ്മുടെ ബാലകൗമാരങ്ങളും യുവതീയുവാക്കളും വീട്ടമ്മമാരുമൊക്കെ മാറുന്നത് എന്നും നമ്മൾ അറിഞ്ഞിരിക്കണം. 

എപ്പോഴും ഊർജ്ജസ്ലരായിരിക്കാം എന്ന് കരുതിയാണത്രെ കൗമാരക്കാരും യുവാക്കളും എംഡിഎംഎയിൽ അഭയം തേടുന്നത്. തുടർച്ചയായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും നിശാ പാർട്ടികളിലും മറ്റും തളരാതെ ദീർഘനേരം സജീവമായിരിക്കാനും സഹായിക്കുമെന്നതായിരുന്നു മെത്ത് എന്ന പേരിൽ എംഡിഎംഎ യുവാക്കൾക്കിടയിൽ പ്രചരിക്കാൻ തുടങ്ങിയത്. സമ്പന്നരും സെലിബ്രിറ്റികളുമായിരുന്നു മെത്തിന്റെ ആദ്യ ഇരകൾ. കാരണം വലിയ വില കൊടുത്താലേ ഇത് കിട്ടൂ എന്നതുതന്നെ.

പാർട്ടി ഡ്രഗ് എന്ന വിളിപ്പേരും എംഡിഎംഎക്കുണ്ട്. ഡിജെ പാർട്ടികളിലെത്തുന്ന പെൺകുട്ടികളെ മയക്കാനും അതുവഴി ലൈംഗിക ചൂഷണത്തിനും ഉപയോഗിക്കുന്നത് എംഡിഎംഎയാണ്.  പാർട്ടി ഡ്രഗ് എന്ന പേര് ലഭിച്ചത് ഇങ്ങനെയാണ്. മണവും, രുചിയുമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. മെത്ത് അടിച്ചിട്ട് അടുത്ത് നിന്നാൽ പോലും മണം പിടിച്ച് നമുക്ക് തിരിച്ചറിയാനാകില്ല.

മൂക്കിലൂടെയാണ് പൊതുവെ ഇത് ആളുകൾ ഉപയോ​ഗിക്കുന്നത്. വായിലൂടെയും മൂക്കിലൂടെയും ഇഞ്ചക്ഷനായും ഈ ലഹരി മരുന്ന് ഉപയോഗിക്കുന്നു. പൊടിച്ചശേഷം സ്പൂണിലോ മറ്റോ ഇട്ട് മെഴുകുതിരിയോ, ലൈറ്ററോ ഉപയോഗിച്ച് ചൂടാക്കി ദ്രവരൂപത്തിലാക്കിയ ശേഷം കുത്തിവയ്ക്കുന്നതാണ് സാധാരണ രീതി. മെത്ത് പൗഡ‍ർ മൂക്കിൽ വലിക്കുക, സിഗരറ്റിനൊപ്പം പുകയ്ക്കുക, മെത്ത് അടങ്ങിയ ലായനി കുത്തിവെക്കുക തുടങ്ങിയ രീതിയിലാണ് ഇതിൻ്റെ ഉപയോഗം. അകത്തുചെന്നാൽ, അരമണിക്കൂറിനകം  നാഡി വ്യവസ്ഥയെ ബാധിക്കും. എട്ടുമണിക്കൂർ വരെ ലഹരി നീളും.

ആദ്യഘട്ടത്തിൽ ഇരകളെ ആകർഷിക്കാൻ ജ്യൂസിൽ  കലക്കി  നൽകുകയും ചെയ്യും. രുചിയില്ലാത്തതുകൊണ്ടുതന്നെ ആർക്കും സംശയം തോന്നുകയില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എംഡിഎംഎ ഒരു ഗ്രാം ശരീരത്തിൽ എത്തിയാൽ 12 മുതൽ 16 ‌മണിക്കൂർ വരെ ഉണർവ് ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഉറക്കം വരില്ലത്രെ. ലൈംഗികാസക്തി ഉയർത്താ‌നാണ് സ്ത്രീകൾ ഈ ലഹരിമരുന്ന് ഉപയോഗിക്കുന്നതെന്നാണ് പറയപ്പെടുന്നത്.  നീലച്ചിത്ര നിർമാണ്ണ മേഖലയിൽ ഉദ്ധാരണ ശേഷി വർധിപ്പിക്കാനും നിലനിർത്താനും ഉപയോഗിക്കുന്ന മയക്കുമരുന്നിന്റെ പേരും എംഡിഎംഎയാണ് എന്നറിയുമ്പോഴാണ് ആണും പെണ്ണും എംഡിഎംഎയെ അത്ഭുത മരുന്നായി കാണുന്നത്. ഒരു ഗ്രാം ഉപയോഗിച്ചാൽ തന്നെ മണിക്കൂറുകളോളം ക്ഷീണമില്ലാതെ നൃത്തം ചെയ്യാനും സാധിക്കും. അതിയായ ആഹ്ളാദവും ചെയ്യുന്ന പ്രവൃത്തികൾ വീണ്ടും വീണ്ടും ചെയ്യുവാനുള്ള തോന്നലും ഈ മയക്കുമരുന്ന് അടിക്കുന്നതിലൂടെയുണ്ടകുമെന്നും പറയപ്പെടുന്നു.  ആദ്യ ഉപയോഗത്തിൽ തന്നെ ആളുകൾ ഇതിന് അടിമകളായി മാറുന്നു. 

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും ഇവന്റെ പാർശ്വഫലങ്ങൾ ഭയങ്കരമാണ്. ഗുണ്ടാസംഘങ്ങൾ  ദുരുപയോഗിക്കുന്ന മാനസിക രോഗത്തിനുള്ള മരുന്നിനേക്കാൾ കൊടും മാരകമാണ്‌  എംഡിഎംഎ. വൃക്ക, ഹൃദയം എന്നിവയെ എംഡിഎംഎയുടെ ഉപയോ​ഗം പ്രതികൂലമായി ബാധിക്കും. എംഡിഎംഎ ഉപയോ​ഗത്തിലൂടെ മരണംവരെ സംഭവിക്കാമെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നുണ്ട് കേട്ടോ. ഇതൊന്നും വിദ​ഗ്ധർ വെറുതെ പറയുന്നതല്ല.

മെത്താംഫെറ്റാമൈൻ ശരീരത്തിൽ എത്തുന്നതോടെ വ്യക്തിക്ക് കൂടുതൽ ഊ‍ർജ്ജസ്വലത കൈവരുമെന്നത് മാത്രമാണ് ലഹരി കച്ചവടക്കാർ പ്രചരിപ്പിക്കുന്നത്. അമിതമായി ഇത് ഉപയോഗിക്കുന്നത് ആ വ്യക്തിയെ വളരെ വേഗം രോഗിയാക്കും. ചിലപ്പോൾ മാനസിക വൈകൃതം കാണിച്ച് ഒരു വ്യക്തിയെ കൊല്ലാനുള്ള മനസ്സുപോലുമുണ്ടാകുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.  ഉപയോഗിച്ചു തുടങ്ങിയാൽ മറ്റ് ലഹരി വസ്തുക്കളേക്കാൾ പതിന്മടങ്ങ് അപകടകാരിയാണിവ. അതിവേഗം നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കും. ശരീരത്തിൻ്റെ താപനിലയും രക്തസമ്മർദവും അസാധാരണമായി ഉയരുക വഴി ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയും ഇത് ഉപയോഗിക്കുന്നവരെ പിടികൂടാമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നത്. ഈ മയക്കുരുന്ന് മൂക്കിലൂടെ ഉപയോഗിക്കുന്നത് ശ്വാസകോശത്തെ തകരാറിലാക്കും. എംഡിഎംഎയുടെ അമിത ഉപയോഗം ചിലരെ അക്രമകാരികളാക്കി മാറ്റുകയും ചെയ്യും. 

എംഡിഎംഎ ഉപയോഗിക്കുന്ന ആളുകളെ പെട്ടെന്ന് തിരിച്ചിറയാൻ കഴിയും. ഉപയോഗിക്കുന്നുണ്ടെന്ന് സംശയമുണ്ടെങ്കിൽ അവരുടെ പല്ലുകൾ ശ്രദ്ധിച്ചാൽ മതി. പൊതുവെ പല്ലുകൾ കേട് വന്ന്  നശിച്ച രൂപത്തിലായിരിക്കും . `മെത്ത് മൗത്ത്´ എന്ന വാക്ക് സൂചിപ്പിക്കുന്നത് ഈ അവസ്ഥയെയാണ്. മെത്ത് മൗത്ത് വളരെ വേഗത്തിൽ സംഭവിക്കാം. ഒരു പുതിയ ആസക്തിയുള്ള ആൾക്ക് ആരോഗ്യമുള്ള പല്ലുകളുണ്ടെങ്കിൽ ഒരു വർഷത്തിനുള്ളിൽ തന്നെ എല്ലാ പല്ലുകളും നഷ്ടപ്പെടും. എംഡിഎംഎ ഉപയോഗത്തിലൂടെ അടിമയായി മാറിയ വ്യക്തിയുടെ ആയുസ്സ് അഞ്ചോ പത്തോ വർഷം മാത്രമാണെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. 

ഒരിക്കൽ എംഡിഎംഎയുടെ അടിമയായി കഴിഞ്ഞാൽ അതിൽ നിന്നും പുറത്തുവരാനും വലിയ പ്രയാസമാണ്. തുട‍ർച്ചയായ ഉപയോഗം അവസാനിപ്പിക്കുന്നതിലൂടെ ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത, നിസംഗത, തലവേദന തുടങ്ങിയ അവസ്ഥകളിലേക്ക് ആ വ്യക്തി പതിക്കും. ഈ മരക മയക്കുമരുന്നിന് അടിമകളാകുമ്പോൾ പിൻവലിയൽ ലക്ഷണങ്ങൾ കാണിക്കുന്നതും പതിവാണ്. 

ടാറ്റു ചെയ്യുന്ന സ്ഥാപനങ്ങളും, ചില മാളുകളും കേന്ദ്രീകരിച്ച് വൻതോതിൽ ഈ മയക്കുമരുന്ന്‌ വിൽക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എങ്ങനെയാണ് ഇവ കേരളത്തിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് റാക്കറ്റിന്റെ ഭാ​ഗമായാണ് എംഡിഎംഎ കേരളത്തിലേക്ക് എത്തുന്നത്. മുമ്പ് ശ്രീലങ്കയിൽ എൽടിടിഇക്ക് ഇപ്പോഴും സ്വാധീനമുള്ള സ്ഥലങ്ങളിലെ പ്രധാന വരുമാന മാർഗമായിരുന്നു എംഡിഎംഎ കടത്ത്. മലേഷ്യ, സിങ്കപ്പുർ തുടങ്ങിയ രാജ്യങ്ങളിൽ നിർമിച്ച് അവിടെ നിന്ന് കടൽമാർഗം ശ്രീലങ്കയിൽ എത്തിക്കുകയും അവിടെ നിന്ന് അഭയാർത്ഥികൾ വഴി ബോട്ട് മാർഗം ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ തുറമുഖ നഗരങ്ങളിൽ എത്തിക്കുകയുമായിരുന്നു രീതി. അവിടെ നിന്ന് മുംബൈ, ഗോവ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ന​ഗരങ്ങളിലേക്ക് ഈ മാരക മയക്കുമരുന്ന് എത്തും.

ബെം​ഗളുരുവാണ് എംഡിഎംഎയുടെ കാര്യത്തിൽ കേരളത്തിന്റെ കളക്ഷൻ പോയിന്റ്. നൈജീരിയൻ സ്വദേശികൾ ബെം​ഗളുരുവിൽ ലാബുകൾ സ്ഥാപിച്ച് എംഡിഎംഎ നിർമ്മിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും മുമ്പ് പുറത്തുവന്നിരുന്നു. കേരളത്തിലെ നഗരങ്ങളിൽ ഇപ്പോൾ എംഡിഎംഎക്ക് ആവശ്യക്കാരേറെയാണ്. യുവതീ യുവാക്കളും വിദ്യാർത്ഥികളും പ്രായപൂർത്തിയാകാത്ത കുട്ടികളും ഉൾപ്പെടെ ഇതിന്റെ ഇരകളാണ്. ആണും പെണ്ണും എംഡിഎംഎയുമായി കേരളത്തിൽ പിടിയിലാകുന്നുണ്ട്. 

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും പെൺകുട്ടികളും മുതൽ ഉദ്യോ​ഗസ്ഥരും വീട്ടമ്മമാരും സെലിബ്രിറ്റികളും പോലും എംഡിഎംഎ കേസുമായി പൊലീസിന്റെയും എക്സൈസിന്റെയും പിടിയിലാകുന്നുണ്ട്. അതായത്, നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഈ മാരക ലഹരി എല്ലാ വിഭാ​ഗം ജനങ്ങളിലേക്കും എത്തുന്നു. ഒരു നാടിനെ തന്നെ നശിപ്പിക്കാൻ ശേഷിയുള്ള ഈ കാളകൂട വിഷം പൂർണമായും നമ്മുടെ നാട്ടിൽ നിന്നും ഉന്മൂലനം ചെയ്തില്ലെങ്കിൽ വരാനിക്കുന്നത് വലിയ ദുരന്തങ്ങളാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img