
ദോഹ: അമേരിക്കൻ സൈനിക താവളം
ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ട മിസൈലിന്റെ അവശിഷ്ടങ്ങളോ അസാധാരണമായ വസ്തുക്കളോ കണ്ടെത്തിയാൽ അധികൃതരെ അറിയിക്കണമെന്ന് ഖത്തർ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങൾ അറീയിച്ചു.
മിസൈൽ അവശിഷ്ടങ്ങൾ അപകടകരവും ഇവയുടെ സാമീപ്യം പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ദോഷകരമാകുമെന്നതിനാലും ഇത്തരം വസ്തുക്കൾ വിദഗ്ധ അതോറിറ്റികൾക്ക് മാത്രമേ കൈകാര്യം ചെയ്യാൻ കഴിയുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കി.
മിസൈൽ അവശിഷ്ടങ്ങളിൽ കൈകൊണ്ടു സ്പർശിക്കുകയോ സ്വന്തമായി കൈകാര്യം ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുന്നത് അപകടകരമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സംശയിക്കപ്പെടുന്ന തരത്തിൽ അവശിഷ്ടങ്ങൾ കണ്ടാലുടൻ 40442999 എന്ന ഹോട്ട്ലൈൻ നമ്പറിൽ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ജൂൺ 23നാണ് ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ ഭാഗമായി ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേർക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. താൽക്കാലികമായി വ്യോമപാത അടച്ച് ആകാശത്ത് വച്ച് തന്നെ മിസൈലുകൾ പ്രതിരോധിച്ചിരുന്നു. 19മിസൈലുകളാണ് അമേരിക്കയുടെ അൽ ഉദയിദ്സൈനിക താവളം ലക്ഷ്യമാക്കി ഇറാൻ അയച്ചത്.











