
'പി.എം.ശ്രീ പദ്ധതി' പിണറായി സർക്കാരിന്റെ അവസാനകാലത്ത് ഇടതുമുന്നണിയുണ്ടാക്കിയ അന്തഃച്ഛിദ്രം ചെറുതല്ല. ഈ പദ്ധതി ഉപാധികളോടെയാണെങ്കിലും നടപ്പാക്കേണ്ടി വരും എന്നുപറഞ്ഞത് യു.ഡി.എഫ് സർക്കാരിനെയും വിവാദത്തിലാഴ്ത്തിയിരിക്കുന്നു. എന്നാൽ പദ്ധതിയുടെ പേരിൽ എന്തിനാണ് ഈ കോലാഹലമെല്ലാം എന്ന് കേരളീയ പൊതുസമൂഹത്തിന്റെ മഹാഭൂരിപക്ഷത്തിനും ഒരു പിടിയുമില്ല.
രാജ്യത്തെ സർക്കാർ സ്‌ക്കൂളുകളെ നവീകരിച്ച് ആധുനിക അടിസ്ഥാനസൗകര്യങ്ങൾ, ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം, വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവും വളർച്ചയ്ക്ക് പ്രാധാന്യം നൽകുന്ന സമഗ്രവികസനം എന്നിവ സാധ്യമാക്കുന്ന മാതൃകാവിദ്യാലയങ്ങളാക്കി മാറ്റാൻ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് പി.എം.ശ്രീ (പ്രധാനമന്ത്രി സ്‌ക്കൂൾ ഫോർ റൈസിംഗ് ഇന്ത്യ). ദേശീയ വിദ്യാഭ്യാസനയം ((NEP 2020)) പൂർണ്ണമായി നടപ്പിലാക്കുന്ന സ്‌ക്കൂളുകളായി ഇവയെ മാറ്റുകയാണ് പ്രധാന ലക്ഷ്യം.
കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും തമ്മിൽ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്കുള്ള ചെലവുകൾ വഹിക്കുന്നത്. 60% കേന്ദ്രം 40% സംസ്ഥാനം എന്നതാണ് അനുപാതം. 2022-23 മുതൽ 2026-27 വരെയാണ് പദ്ധതിയുടെ കാലാവധി.
കേന്ദ്രമന്ത്രിസഭ 2020 ജൂലൈ 29നാണ് ദേശീയ വിദ്യാഭ്യാസനയത്തിന് അംഗീകാരം നൽകിയത്. സ്‌ക്കൂൾ കോളേജ് വിദ്യാഭ്യാസത്തിൽ കാലത്തിനൊത്ത പരിഷ്‌ക്കരണമാണ് നയം കൊണ്ട് ഉദ്ദേശിക്കുനനത് എന്ന് കേന്ദ്ര സർക്കാർ പറയുന്നു. എന്നാൽ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുക, വിദ്യാഭ്യാസക്കച്ചവടം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങളെന്ന് പ്രതിപക്ഷ പാർട്ടികളും വിമർശിച്ചു.
പദ്ധതിയെ എതിർത്ത സംസ്ഥാനങ്ങൾക്കുള്ള വിവിധ കേന്ദ്ര സഹായങ്ങളുമായി എൻ.ഇ.പിയെ ബന്ധിപ്പിച്ച് കേന്ദ്രഫണ്ട് തടഞ്ഞുവെച്ച് കേന്ദ്രം സംസ്ഥാനങ്ങളെ സമ്മർദ്ദത്തിലാക്കി. എൻ.ഇ.പിയിലെ വിവാദവ്യവസ്ഥകളെക്കുറിച്ച് ഒരിക്കൽപ്പോലും കേന്ദ്രം സംസ്ഥാനങ്ങളുമായി ചർച്ച നടത്താത്തതിനെ സോണിയാഗാന്ധി വിമർശിച്ചിരുന്നു. സമഗ്ര ശിക്ഷാഫണ്ട് തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി പി.എം.ശ്രീ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തെ 2025 ഏപ്രിലിൽ ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ സോണിയാഗാന്ധി സ്ഥിരമായി വിമർശിച്ചു.
ഇതൊക്കെയാണെങ്കിലും സി.പി.ഐയുടെ കടുത്ത എതിർപ്പ് വകവയ്ക്കാതെ 'പി.എം. ശ്രീ' പദ്ധതി നടപ്പാക്കാനുള്ള ധാരണാപത്രം ഒപ്പുവയ്ക്കാമെന്ന് രണ്ടാം പിണറായി സർക്കാർ 2024 മാർച്ചിൽ കേന്ദ്രസ്‌ക്കൂൾ വിദ്യാഭ്യാസവകുപ്പിന് ഉറപ്പുനൽകി. 2025 ഒക്‌ടോബർ 16 ന് തീയതി രേഖപ്പെടുത്തിയിട്ടുള്ള ധാരണാപത്രത്തിൽ കേരളത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പുസെക്രട്ടറി കെ. വസുകിയും കേന്ദ്രത്തിനായി വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി ധീരജ്‌സാഹുവും ഒപ്പിട്ടു.
സംഗതി വിവാദമായപ്പോൾ പി.എം. ശ്രീയുടെ ധാരണാപാത്രം മരവിപ്പിക്കണമെന്ന് കാണിച്ചു സംസ്ഥാന സർക്കാരിനുവേണ്ടി കേരള പൊതുവിദ്യാഭ്യാസ സെക്രട്ടറി 2025 നവംബർ 12 ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്ക് കത്തയച്ചു. കരാർ റദ്ദാക്കാനോ, പിന്മാറാനോ ഉള്ള ആവശ്യം അതിലില്ല. നിയമപരമായി അതിന് കഴിയുകയുമില്ല. ആശങ്കകൾ ഉയർന്നത് പരിശോധിക്കാൻ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടുവരുന്നതുവരെ തുടർനടപടി മരവിപ്പിക്കാനുള്ള കത്താണ് കേന്ദ്രത്തിന് മുന്നിലുള്ളത്.
അതുകൊണ്ട് സംസ്ഥാന പൊതുവിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി എന്തുകൊണ്ട് ധാരണപത്രം ഒപ്പിട്ടു എന്നതിന് പറഞ്ഞ കാര്യങ്ങളൊന്നും റദ്ദാകുന്നില്ല. ഒപ്പിടുന്നതിന് ശിവൻകുട്ടി പറഞ്ഞ കാര്യങ്ങൾ യു.ഡി.എഫ് മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസമന്ത്രിയും പറയുമ്പോൾ അതിനെ സി.പി.എം ഇപ്പോൾ എതിർക്കുന്നത് തികഞ്ഞ കാപട്യമാണ്, വില കുറഞ്ഞ രാഷ്ട്രീയമാണ്. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉള്ള വിഷയമായിരിക്കെ സംസ്ഥാനത്തിന് സ്വന്തം കരിക്കുലം തുടരാനുള്ള നിശ്ചയദാർഢ്യം വി.ഡി. സതീശൻ സർക്കാരിനുണ്ടെങ്കിൽ സംസ്ഥാനത്തിന്റെ നികുതിപ്പണം കൂടി ഉൾപ്പെടുന്ന കേന്ദ്ര ഫണ്ടുകൾ നഷ്ടപ്പെടുത്തേണ്ട ആവശ്യമില്ല. ഭരണത്തിലിരിക്കുമ്പോൾ ഒരു നയവും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നയവും എന്ന ഇരട്ടത്താപ്പ് ഉപേക്ഷിച്ച് തങ്ങൾ ഒപ്പുവെച്ച പി.എ. ശ്രീ പദ്ധതി നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുകയാണ് സി.പി.എം ചെയ്യേണ്ടത്.










