
വാഷിങ്ടൺ: അമേരിക്ക ഗാസ മുമ്പ് ഏറ്റെടുക്കുമെന്ന നിലപാട് ആവർത്തിച്ച് ഡൊണാൾഡ് ട്രംപ്. അമേരിക്ക ഏറ്റെടുത്താൽ പിന്നെ പലസ്തീനികൾക്ക് ഗാസയിൽ അവകാശമുണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. പലസ്തീനികൾക്ക് അറബ് രാജ്യങ്ങളിൽ മികച്ച താമസസൗകര്യം ഒരുക്കുമെന്നും ട്രംപ് പറഞ്ഞു. ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് പലസ്തീൻ ഏറ്റെടുക്കൽ നടപടികളുമായി അമേരിക്ക മുന്നോട്ട് പോകുകയാണെന്ന് ട്രംപ് വ്യക്തമാക്കിയത്.
ഗാസ വാങ്ങുകയും സ്വന്തമാക്കുകയും ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ‘ഗാസ ഇടിച്ചുനിരത്തിയ ഇടമാണ്. അവശേഷിക്കുന്നതും പൂർണമായി നിരത്തും. അവിടെ ഇനി ഹമാസ് അടക്കം ആരുമുണ്ടാവില്ല. ഗാസ ഒരു വലിയ റിയൽ എസ്റ്റേറ്റ് സ്ഥലമാണ്. അമേരിക്ക അതു സ്വന്തമാക്കും. മനോഹരമായി പുനർനിർമിക്കും ’ – ട്രംപ് പറഞ്ഞു.
അതിനിടെ, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി ട്രംപ് ഇന്ന് കൂടിക്കാഴ്ച്ച നടത്തും. വൈറ്റ് ഹൗസിൽ നടക്കുന്ന കൂടികാഴ്ചയിൽ പലസ്തീനിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. എന്നാൽ, എന്ത് അധികാരത്തിലാണ് അമേരിക്ക ഗാസ മുനമ്പ് ഏറ്റെടുക്കുക എന്ന കാര്യത്തിൽ ട്രംപ് ഇനിയും വിശദീകരണം നൽകിയിട്ടില്ല.











