07:47pm 03 May 2026
NEWS
കേന്ദ്ര നിരീക്ഷക സംഘം നാളെയെത്തും; യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ സർക്കാർ രൂപീകരണം അതിവേ​ഗം
03/05/2026  06:25 PM IST
nila
കേന്ദ്ര നിരീക്ഷക സംഘം നാളെയെത്തും; യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ സർക്കാർ രൂപീകരണം അതിവേ​ഗം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് അനുകൂലമായാൽ സർക്കാർ രൂപീകരണ നടപടികൾ അതിവേഗം തുടങ്ങാനൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്നെ എഐസിസി നിയോഗിച്ച നിരീക്ഷക സംഘം കേരളത്തിലെത്തി നിയുക്ത എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ നിലപാടും വിലയിരുത്തിയ ശേഷമാകും മുഖ്യമന്ത്രിയെ കുറിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകളിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലിന്റെ പേര് ശക്തമായി ഉയർന്നിരിക്കുകയാണ്. ഹൈക്കമാൻഡിന്റെ അനുകൂല നിലപാട് ലഭിച്ചാൽ അദ്ദേഹം തന്നെ മുഖ്യമന്ത്രിപദത്തിലെത്താൻ സാധ്യതയുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. എംഎൽഎമാരിൽ വലിയൊരു വിഭാഗത്തിന്റെ പിന്തുണ ഇതിനോടകം വേണുഗോപാൽ പക്ഷം ഉറപ്പാക്കിയതായും സൂചനകളുണ്ട്.

കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് ദേശീയ നേതൃത്വത്തിനും നിർണായകമായാണ് കണക്കാക്കുന്നത്. നാളെ വോട്ടെണ്ണുന്ന സംസ്ഥാനങ്ങളിൽ വ്യക്തമായ വിജയപ്രതീക്ഷ കോൺഗ്രസ് പുലർത്തുന്നത് കേരളത്തിലാണെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. 85 മുതൽ 90 വരെ സീറ്റുകൾ നേടാമെന്ന ആത്മവിശ്വാസത്തിലാണ് ഹൈക്കമാൻഡ്. ഫലം അനുകൂലമായാൽ സർക്കാർ രൂപീകരണം വൈകാതെ പൂർത്തിയാക്കാനാണ് നീക്കം.

സച്ചിൻ പൈലറ്റ്, ഇമ്രാൻ പ്രതാപ് ഗഡി, കെ.ജെ. ജോർജ്, കനയ്യ കുമാർ എന്നിവർ ഉൾപ്പെട്ട നിരീക്ഷക സംഘം നാളെ തന്നെ തിരുവനന്തപുരത്തെത്തുമെന്നാണ് വിവരം. ഇവർ നിയുക്ത എംഎൽഎമാരുടെ അഭിപ്രായം ശേഖരിച്ച് റിപ്പോർട്ട് ഹൈക്കമാൻഡിന് സമർപ്പിക്കും. തുടർന്ന് ഘടകകക്ഷികളുമായും കോൺഗ്രസ് നേതൃത്വം വീണ്ടും ചർച്ച നടത്തും. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും യുഡിഎഫിന്റെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img