
സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള രാഷ്ട്രീയ- അധികാര തർക്കങ്ങളും കോടതി വ്യവഹാരങ്ങളും മൂലം കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം വൻപ്രതിസന്ധിയിലേക്ക് നീങ്ങുകയണ്. 13 സർവ്വകലാശാലകളിൽ പന്ത്രണ്ടിലും സ്ഥിരം വി.സിമാരില്ലെന്ന് പറയുന്നതിൽ തന്നെയറിയാം പ്രതിസന്ധിയുടെ ആഴം. ആരോഗ്യസർവ്വകലാശാല ഒഴികെ എല്ലായിടത്തും ഇൻചാർജ്ജ് വി.സിമാരുടെ ഭരണമാണ് നടക്കുന്നത്.
കേരള സർവ്വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട ഹർജി മുന്നിലെത്തിയപ്പോൾ കേരള ഹൈക്കോടതിയും സർവ്വകലാശാലകളിലെ ഭരണപ്രതിസന്ധി ചൂണ്ടിക്കാട്ടി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ കാലത്ത് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സർവ്വകലാശാലകളുടെ ഭരണപരവും അക്കാദമികവുമായ കാര്യങ്ങളിലേക്ക് കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങൾ ഗവർണർ വഴികടത്തിവിടാൻ ശ്രമിച്ചത് മുതലാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖല കലുഷിതമായത്.
സാങ്കേതികമായി ഒരു സംസ്ഥാനത്തിന്റെ ഭരണഘടനാ തലവൻ ഗവർണർ ആണെന്നാണ് സങ്കൽപ്പം. എങ്കിലും സംസ്ഥാനത്ത് ഭരണം നടത്തുന്നവരുടെ രാഷ്ട്രീയത്തോട് ഭിന്നാഭിപ്രായമുള്ള ഗവർണറാണെങ്കിലും അതതു സംസ്ഥാന സർക്കാരിന്റെ നയവും പരിപാടികളും അംഗീകരിക്കുക എന്നതായിരുന്നു കീഴ്‌വഴക്കം. എന്നാലിപ്പോൾ ബി.ജെ.പിക്കെതിരെ രാഷ്ട്രീയ നിലപാടുള്ള സംസ്ഥാന സർക്കാരുകളെ നിയന്ത്രിക്കാനുള്ള സമാന്തര അധികാരകേന്ദ്രമായി കേന്ദ്ര സർക്കാർ ഗവർണർമാരെ ഉപയോഗിക്കുന്നതാണ് സ്ഥിതിഗതികൾ വഷളാക്കുന്നത് എന്നു വ്യക്തമാണ്.
ഗവർണർ ആരിഫ് മുഹമ്മദ്ഖാനും പിണറായി സർക്കാരുമായുള്ള ഏറ്റുമുട്ടലുകൾ ഉന്നത വിദ്യാഭ്യാസരംഗത്ത് സൃഷ്ടിച്ച പ്രതിസന്ധി അദ്ദേഹം സ്ഥാനം ഒഴിഞ്ഞതോടെ പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ തുടക്കത്തിൽ പ്രകടമാക്കിയ സൗഹൃദവും മുഖ്യമന്ത്രി ഗവർണറെക്കുറിച്ച് പക്വമതിയെന്ന് വിശേഷിപ്പിച്ചതുമെല്ലാം നല്ല അന്തരീക്ഷം സൃഷ്ടിക്കും എന്ന് പ്രതീതി ഉണ്ടാക്കിയെങ്കിലും 'ഭാരതാംബ' വിവാദത്തോടെ പുതിയ ഗവർണറും സർക്കാരും തമ്മിലുള്ള ബന്ധവും വഷളായി.
താൻ പങ്കെടുക്കുന്ന പൊതുചടങ്ങുകളിൽ ആർ.എസ്.എസ് ഏറ്റവും പവിത്രമായി കരുതുന്ന 'കാവിപ്പതാകയുമായി സിംഹത്തിനരികെ നിൽക്കുന്ന ഭാരതാംബ'യുടെ ചിത്രം ഉണ്ടാകണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ശഠിക്കുമ്പോൾ സ്വാഭാവികമായും ഇതിനോട് യോജിക്കാത്ത വിരുദ്ധരാഷ്ട്രീയമുള്ളവർ നിസ്സഹകരിക്കുകയും പ്രതിഷേധിക്കുകയുമായിരുന്നു. ഫലത്തിൽ 'ഭാരതാംബ'യുടെ പേരിൽ ഇപ്പോൾ കേരള ഗവർണറുടെ നിലപാട് കാരണമുണ്ടായ സംഘർഷങ്ങളും വിവാദങ്ങളും ഉന്നത വിദ്യാഭ്യാസരംഗത്ത് ഭരണനിർവ്വഹണം അക്ഷരാർത്ഥത്തിൽ തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഭരണഘടനാദത്തമല്ലാത്ത ചാൻസലർ പദവി ഉപയോഗിച്ച് ഗവർണർമാർ സർവ്വകലാശാലാഭരണത്തിൽ കൈകടത്തുന്നത് സംസ്ഥാനത്തെ സർവ്വകലാശാലകളെ കൂടുതൽ കൂടുതൽ പ്രതിസന്ധിയിലാഴ്ത്തുന്നു എന്നതാണ് ദൗർഭാഗ്യകരം. സർവ്വകലാശാലകൾക്ക് മേൽ പരമാധികാരം ഗവർണർക്കോ സംസ്ഥാന സർക്കാരിനോ എന്നതിൽ വ്യക്തത വന്നാൽ മാത്രമേ ശാശ്വതപരിഹാരം ഉണ്ടാകൂ.