04:16pm 10 September 2026
NEWS
അങ്ങനെ സംഭവിച്ചാൽ അമേരിക്ക കമ്മ്യൂണിസ്റ്റ് രാഷ്ട്രമാകും; വമ്പൻ വാ​ഗ്ദാനങ്ങളുമായി ട്രംപ്
10/09/2026  01:03 PM IST
nila
അങ്ങനെ സംഭവിച്ചാൽ അമേരിക്ക കമ്മ്യൂണിസ്റ്റ് രാഷ്ട്രമാകും; വമ്പൻ വാ​ഗ്ദാനങ്ങളുമായി ട്രംപ്

വാഷിങ്ടൺ: അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ വീതം നൽകുമെന്ന വാഗ്ദാനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി അധികാരം നിലനിർത്തിയാൽ പദ്ധതി നടപ്പാക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

ഡാലസിൽ നടന്ന റിപ്പബ്ലിക്കൻ മിഡ്‌ടേം കൺവെൻഷനിലാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഒരാൾക്ക് 5,000 ഡോളർ എന്ന കണക്കിൽ പദ്ധതി നടപ്പാക്കാൻ ഒരു ട്രില്യൺ ഡോളറിലധികം ആവശ്യമായി വരുമെന്ന ചോദ്യവും ഉയർന്നു.

എന്നാൽ ഇത്രയും വലിയ തുക കണ്ടെത്തുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അമേരിക്ക ഇതിനാവശ്യമായ പണം സമ്പാദിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇടക്കാല തിരഞ്ഞെടുപ്പിൽ ഓരോ വോട്ടറും താൻ തന്നെയാണ് സ്ഥാനാർഥിയെന്ന് കരുതി വോട്ട് ചെയ്യണമെന്നും ട്രംപ് റിപ്പബ്ലിക്കൻ പ്രവർത്തകരോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇറാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഇറാനുമായുള്ള യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്ന സാഹചര്യത്തിലും തിരഞ്ഞെടുപ്പിന് ശേഷം എണ്ണവില വലിയ തോതിൽ കുറയുമെന്നാണ് ട്രംപിന്റെ അവകാശവാദം.

അധികാരത്തിലെത്തിയ ശേഷം റിപ്പബ്ലിക്കൻ സർക്കാർ നടപ്പാക്കിയ നികുതി വെട്ടിക്കുറയ്ക്കൽ, അതിർത്തി സുരക്ഷ ശക്തമാക്കൽ, മരുന്നുകളുടെ വില കുറയ്ക്കൽ എന്നിവയും ട്രംപ് നേട്ടങ്ങളായി ഉയർത്തിക്കാട്ടി.

ഡെമോക്രാറ്റിക് പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഫെറ്റർമാന്റെ വീഡിയോ സന്ദേശവും കൺവെൻഷനിൽ പ്രദർശിപ്പിച്ചു.

അതേസമയം, ട്രംപിന് തിരിച്ചടിയായി അമേരിക്കയിലെ വിലക്കയറ്റവും ഇറാനുമായുള്ള യുദ്ധവും മാറുന്നുവെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ട്രംപിന്റെ ജനപ്രീതി 30 ശതമാനത്തിലേക്ക് താഴ്ന്നതായും റിപ്പോർട്ടുകളുണ്ട്.

ഹൗസിലും സെനറ്റിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടാൻ സാധ്യതയുണ്ടെന്നാണ് നിലവിലെ പ്രവചനങ്ങൾ. ഈ സാഹചര്യത്തിലാണ് മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ വീതം നൽകുമെന്ന ട്രംപിന്റെ പ്രഖ്യാപനം ശ്രദ്ധ നേടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img