07:34pm 06 November 2026
NEWS
പുനഃസംഘടനകൊണ്ട് കാര്യമുണ്ടാകണമെങ്കിൽ...
21/05/2025  06:51 PM IST
ചെറുകര സണ്ണീലൂക്കോസ്
പുനഃസംഘടനകൊണ്ട് കാര്യമുണ്ടാകണമെങ്കിൽ...

വലിയ ഒരു കൊടുങ്കാറ്റും പേമാരിയും നാശനഷ്ടമൊന്നും വരുത്താതെ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും. ഹൈക്കമാൻഡിനെ വെല്ലുവിളിക്കാൻ തുനിഞ്ഞ പ്രമാണിമാരായ മുതിർന്ന നേതാക്കൾക്ക് അവർ പ്രതീക്ഷിക്കാത്ത തിരിച്ചടി ലഭിച്ചതുമാണ് കെ.പി.സി.സി നേതൃത്വമാറ്റവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിലുണ്ടായ വിശേഷങ്ങൾ.
പാർട്ടിയെ ഒരു നിർണ്ണായകഘട്ടത്തിൽ കുഴപ്പത്തിലാക്കാനും, ജനങ്ങളുടെ വിദ്വേഷത്തിന് പാത്രമാകാനും ശ്രമിക്കുന്ന ചില മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ കേരളത്തിലെ മുഴുവൻ കോൺഗ്രസ് അണികളുടെയും വികാരവും ഹൃദയനൊമ്പരവും ഏറ്റെടുത്ത് സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ വാർത്താസമ്മേളനം നടത്തിയപ്പോൾ തന്നെ, അത് ഉത്തരവാദിത്തപ്പെട്ടവരുടെ അറിവോടെയാണെന്ന് വ്യക്തമായിരുന്നു. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും കെ.പി.സി.സി പ്രസിഡന്റിന്റെ മാറ്റവും പുതിയ നിയമനവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളും അഭിപ്രായപ്രകടനങ്ങളും നാണക്കേടാണെന്നും, സാധാരണ പ്രവർത്തകന്റെ ആത്മവിശ്വാസം തകരുമെന്നും രാഹുൽ പറഞ്ഞത് ഓരോ യു.ഡി.എഫ് അനുഭാവിയുടെയും വികാരമായിരുന്നു.

കേരളത്തിൽ ഒരു നേതൃമാറ്റം വേണമോ വേണ്ടയോ എന്നുപറയാനുള്ള കപ്പാസിറ്റിയെന്താണെന്ന് രാഹുൽ മാങ്കൂട്ടം ചോദിച്ചതു ആ നിലയ്ക്ക് അഭിപ്രായം പ്രകടിപ്പിച്ച ചില മുതിർന്ന നേതാക്കളോടായിരുന്നു. ഹൈക്കമാൻഡിന് ഈ വിഷയത്തിൽ വ്യക്തമായ ക്ലാരിറ്റി ഉണ്ടെന്നും, ഒരാൾക്ക് എപ്പോൾ പദവി നൽകണമെന്നും ഒഴിവാക്കണമെന്നും നേതൃത്വത്തിനറിയാമെന്നും രാഹുൽ മാങ്കൂട്ടം പറഞ്ഞതിന്റെ പൊരുൾ ചില പ്രത്യേക ഉദ്ദേശങ്ങളോടെ ഉപജാപങ്ങൾ നടത്തിയ കോൺഗ്രസ് നേതാക്കൾക്ക് ഇപ്പോൾ പിടികിട്ടികാണും.

നാടകമാകെ അരങ്ങേറി തിരശീല വീണപ്പോൾ ബലിയാടായത് പത്തനംതിട്ടയിൽ നിന്ന് നാലാം തവണയും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആന്റോ ആന്റണി മാത്രമാണ്. അദ്ദേഹത്തിന് ഹൈക്കമാൻഡ് നൽകിയ ഉറപ്പുപാലിക്കാൻ പറ്റാതെ പോയതുകൊണ്ട് നഷ്ടപരിഹാരമായി എന്തെങ്കിലും ഉത്തരവാദിത്തം നൽകികൂടെന്നില്ല.

2021 ജൂൺ ആദ്യമാണ് കെ. സുധാകരനെ കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി കോൺഗ്രസ് ഹൈക്കമാൻഡ് നിയമിക്കുന്നത്. 2021 ൽ നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസിനും യു.ഡി.എഫിനും കനത്ത പരാജയം സംഭവിക്കുകയും, ഇടതുപക്ഷ ജനാധിപത്യമുന്നണി ആദ്യമായി ഭരണത്തുടർച്ച നേടുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെ മാറ്റി വി.ഡി. സതീശനേയും കെ.പി.സി.സി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളിയെ മാറ്റി കെ. സുധാകരനെ നിയമിക്കുകയും ചെയ്തത്.

മുല്ലപ്പള്ളി ഒട്ടും ജനകീയനല്ലെന്നും സംഘടനയെ അടിമുടി ചലിപ്പിക്കാൻ കഴിയുന്നില്ലെന്നും കോൺഗ്രസിനുള്ളിൽ വ്യാപകമായ വിമർശം ഉയരുകയും, പകരം പല പേരുകളും പരിഗണിക്കപ്പെടുകയും ചെയ്‌തെങ്കിലും കെ. സുധാകരന്റെ പേരിലേക്ക് എത്താൻ കാരണമായതിൽ സുധാകരനുവേണ്ടി ആസൂത്രിതമായി നടത്തപ്പെട്ട സോഷ്യൽമീഡിയാപ്രചാരണവും പോസ്റ്റർ പ്രചാരണവും അത് വഴിയുണ്ടായ മാധ്യമ വാർത്തകളും ഒക്കെ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കണ്ണൂരിൽ സി.പി.എംനുള്ള സമഗ്രാധിപത്യത്തെ നെഞ്ചുവിരിച്ച് നിന്ന് നേരിടുന്ന നേതാവ് എന്ന പേര് സംസ്ഥാനമൊട്ടുള്ള കോൺഗ്രസുകാരിൽ അദ്ദേഹത്തിൽ ഒരു വീരപരിവേഷം നൽകിയിരുന്നു.

അണികൾക്ക് സുധാകരൻ ആവേശമാണെന്നത് വാസ്തവമായിരുന്നു. ഇടിമുഴക്കമുണ്ടാക്കുന്ന പ്രസംഗശൈലിയായിരുന്നു മറ്റൊരു സവിശേഷത. 73-ാമത്തെ വയസ്സിലാണ് സുധാകരൻ പ്രസിഡന്റായി നിയമിക്കപ്പെടുന്നത്. അദ്ദേഹത്തിന് പ്രായം സൃഷ്ടിക്കുന്ന പരിമിതികൾ ബോധ്യപ്പെടാൻ അധികനാൾ വേണ്ടി വന്നില്ല. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന മികവാർന്ന സംഘടനാസംവിധാനമുള്ള പണം ധാരാളമായുള്ള സി.പി.എമ്മിനോടും ബി.ജെ.പിയോടും മത്സരിക്കാൻ പ്രാപ്തമായ സംഘടനാസംവിധാനം എന്നതായിരുന്നു കേരളത്തിലെ കോൺഗ്രസ് പാർട്ടി അഭിമുഖീകരിച്ചിരുന്ന പ്രധാന പ്രശ്‌നം. ബൂത്ത് തലം മുതൽ സംസ്ഥാന തലം വരെ പ്രവർത്തിക്കുന്ന കമ്മിറ്റികളുടെ സംഘടനാപ്രവർത്തനം ചിട്ടപ്പെടുത്തുക എന്നതായിരുന്നു കെ.പി.സി.സി അധ്യക്ഷന്റെ പ്രധാനദൗത്യം.

രമേശ് ചെന്നിത്തലയും വി.എം. സുധീരനും പി.സി.സി അധ്യക്ഷൻമാരായിരുന്നപ്പോൾ താഴെതട്ടുവരെ സംഘടനാപ്രവർത്തനങ്ങളിൽ അവരുടെ കണ്ണും കാതും എത്തിയിരുന്നു. അതിനുശേഷമാണ് സംഘടനാ സംവിധാനം പാടെ തകർന്നുപോയത്.

സി.പി.എമ്മിൽ പിണറായി വിജയന്റെ സമഗ്രാധിപത്യം വന്നശേഷം കോൺഗ്രസ് അഭിമുഖീകരിക്കുന്ന ഒരു വെല്ലുവിളി ഒരു മധ്യവർഗ്ഗ പാർട്ടി എന്ന സ്‌പേസിലേക്ക് സി.പി.എമ്മും എത്തിയിരിക്കുന്നു എന്നതാണ്. കേരളത്തിലെ മധ്യവർഗ്ഗത്തിന്റെ ആവശ്യങ്ങളേയും താൽപ്പര്യങ്ങളേയും അഭിസംബോധന ചെയ്യാൻ സമീപകാലത്ത് സി.പി.എം നയപരമായി എടുത്തിട്ടുള്ള പ്രത്യേകതാൽപ്പര്യം അധികാരം നിലനിർത്താൻ ലക്ഷ്യമിട്ടുള്ള തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ആ നിലയിൽ നോക്കുമ്പോൾ പഴയ സി.പി.എം അല്ല ഇപ്പോഴത്തെ സി.പി.എം. മറ്റൊന്ന് സി.പി.എം ഇപ്പോൾ മതസാമുദായിക പിന്തുണ ഉറപ്പിക്കാൻ പ്രീണനത്തിന്റെ ഏതറ്റംവരെയും പോകാൻ സന്നദ്ധമാണ് എന്നതാണ്.

ബി.ജെ.പി കേരളത്തിൽ സമീപകാലത്ത് വളരേയേറെ ശക്തിയാർജ്ജിട്ടുണ്ട്. കോൺഗ്രസിനൊപ്പം നിന്ന ധാരാളം നായർവോട്ടുകളും മറ്റ് സവർണ വോട്ടുകളും കുറെയൊക്കെ ഈഴവ വോട്ടുകളും ബി.ജെ.പിയിലേക്ക് ചാഞ്ഞിരിക്കുന്നു എന്നത് പ്രകടമാണ്. മുസ്ലീം സമുദായത്തെയും ക്രൈസ്തവ സമുദായത്തേയും തമ്മിൽ അകറ്റാൻ, വിദ്വേഷം വളർത്താൻ നടന്ന ആസൂത്രിതശ്രമങ്ങളുടെ ഫലമായി മുസ്ലീം ലീഗ് നിൽക്കുന്ന പക്ഷത്തിന് തങ്ങൾ വോട്ട് ചെയ്യില്ലെന്ന് പറയുന്ന കുറെ ക്രൈസ്തവരെ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. ഈ ആളുകൾ മുമ്പ് യു.ഡി.എഫിന്റെ ഉറച്ച വോട്ടുകളായിരുന്നു.

ഇത്രയെല്ലാം പ്രതിബന്ധങ്ങൾ ഉള്ളപ്പോൾ സർക്കാർ വിരുദ്ധ മനോഭാവം കൊണ്ട് മാത്രം ഒരു പൊതുതെരഞ്ഞെടുപ്പ് ജയിക്കക അത്ര എളുപ്പമല്ല. സർക്കാർ വിരുദ്ധവോട്ടുകൾ മുമ്പ് ഒരു പ്രതിപക്ഷത്തെ ഒരു മുന്നണിക്ക് മാത്രമായി ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ അത് ബി.ജെ.പി മുന്നണിക്ക് കൂടി പകുത്തുപോകുന്ന സ്ഥിതിയുണ്ട്. ഈ പ്രതികൂല ഘടകങ്ങളെയെല്ലാം അതിജീവിച്ച് വോട്ട് നേടണമെങ്കിൽ ബൂത്ത് തലം മുതൽ സംസ്ഥാനതലം വരെ ശാസ്ത്രീയവും സുസംഘടിതവുമായ സംഘടനാസംവിധാനം വേണം. ആ കമ്മിറ്റികൾക്കെല്ലാം ജനങ്ങളുമായി നിരന്തരം ബന്ധം വേണം, ബഹുജനങ്ങളുടെ പ്രയാസങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാകണം.

അങ്ങനെ സംഘടനാപ്രവർത്തനത്തിൽ കാലത്തിനൊത്ത ദിശാബോധം പകരുന്നതിൽ കെ. സുധാകരനെ പി.സി.സി അധ്യക്ഷനായി നിയമിക്കുമ്പോൾ ഏറെ പ്രതീക്ഷകൾ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനമൊട്ടുക്ക് ഓടിനടന്ന് പാർട്ടി കെട്ടിപ്പൊക്കുന്നതിന് അദ്ദേഹത്തിനുള്ള പരിമിതി എല്ലാവർക്കും ബോധ്യമാകാൻ അധികദിവസം വേണ്ടി വന്നില്ല. സമ്മേളനത്തിലെ ആവേശ പ്രസംഗവും വാർത്താ സമ്മേളനങ്ങളിലെ മൂർച്ചയേറിയ വിമർശനശൈലിയും പഴയതുപോലെ തന്നെ സുധാകരന് നിലനിർത്താനായെങ്കിലും അത് വഴി അണികളെ ആവേശം കൊള്ളിച്ചതുകൊണ്ടുമാത്രം കോൺഗ്രസ് രക്ഷപ്പെടില്ല എന്നു വൈകാതെ തന്നെ ബന്ധപ്പെട്ടവർക്കെല്ലാം മനസ്സിയി.

സുധാകരൻ പ്രസിഡന്റായിരുന്ന നാലുവർഷത്തിനുള്ളിൽ വിരലിലെണ്ണാവുന്ന തവണകൾ മാത്രമാണ് അദ്ദേഹം കണ്ണൂരൂം തിരുവനന്തപുരവും ഒഴിച്ചുള്ള ജില്ലകളിൽ പോയിട്ടുള്ളത്. കെ.പി.സി.സി പ്രസിഡന്റുമാരുടെ ചരിത്രത്തിൽ തിരുവനന്തപുരത്തെ പാർട്ടി ഓഫീസിൽ വല്ലപ്പോഴം ഒരിക്കൽ മാത്രം വന്നുപോകുന്ന പി.സി.സി അധ്യക്ഷൻ സുധാകരൻ മാത്രമായിരുന്നു. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും കോൺഗ്രസ് പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളുടേയും സിരാകേന്ദ്രമെന്ന നിലയിൽ എപ്പോഴും സജീവമായിരുന്ന ഇന്ദിരാഭവൻ പലപ്പോഴും ആളും അനക്കവുമില്ലാതെ കിടന്നു.

പി.സി.സി അദ്ധ്യക്ഷനായി നിയമിക്കപ്പെടുമ്പോൾ 73 ലെത്തിയ സുധാകരന് ഇപ്പോൾ 77 ആയി. ഓർമ്മക്കുറവ് അടക്കം ഒട്ടേറെ പരിമിതികൾ അദ്ദേഹത്തിനുണ്ടെന്ന് പ്രസിഡന്റിനെ നേരിട്ട് ബന്ധപ്പെടേണ്ടി വരുന്നവർക്കെല്ലാം മനസ്സിലാക്കാൻ സാധിച്ചിരുന്നു. പുറമേ ഗർജ്ജിക്കുമെങ്കിലും ശുദ്ധന്റെ പ്രകൃതമായതുകൊണ്ട് സുധാകരനോട് ആർക്കും വിരോധമില്ലായിരുന്നു. എന്നാൽ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കാനും പ്രകോപിപ്പിക്കാനും എളുപ്പമായിരുന്നു. പി.സി.സി പ്രസിഡന്റിന്റെ പരിമിതികൾ സംഘടനാ പ്രവർത്തനത്തെ വല്ലാതെ ബാധിക്കുന്നു എന്നുവന്നതുകൊണ്ടാണ് ഒരു മാറ്റം അനിവാര്യമാണെന്നുള്ള റിപ്പോർട്ട് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഹൈക്കമാൻഡിന് നൽകിയത്.

എന്നാൽ കെ. സുധാകരനെ മാറ്റി വേറേ ആരെങ്കിലും പി.സി.സി അധ്യക്ഷനായി വരുന്നത് കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾ താൽപ്പര്യപ്പെട്ടില്ല. അത് സുധാകരനോടുള്ള താൽപ്പര്യം കൊണ്ടായിരുന്നില്ല. സുധാകരനല്ലാതെ വേറെ ആരുവന്നാലും പാർലമെന്ററി പാർട്ടി ലീഡറെ നിലനിർത്താനോ മൂക്കുകയറിടാനോ സാധിക്കില്ല എന്നതായിരുന്നു അവരെ അസ്വസ്ഥപ്പെടുത്തിയത്. ദീപാദാസ് മുൻഷിയുടെ റിപ്പോർട്ട് ഹൈക്കമാൻഡിന് കൈമാറിയെന്നറിഞ്ഞ ശേഷമാണ് സുധാകരന് പോലും ഇല്ലാത്ത താൽപ്പര്യത്തോടെ സുധാകരനെ മാറ്റാതിരിക്കാനുള്ള കരുനീക്കങ്ങളുമായി ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തുവരുന്നത്.

സുധാകരന്റെ മാറ്റം പല തവണ ചർച്ചയും വിവാദവുമാക്കി. സുധാകരൻ പ്രസിഡന്റായിരിക്കുമ്പോഴല്ലേ തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് ഉപതെരഞ്ഞെടുപ്പുകൾ ജയിച്ചത്. ലോകസഭാ ഇലക്ഷനിൽ 18 സീറ്റ് ലഭിച്ചത്, തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ മികവ് തെളിയിക്കാൻ സാധിച്ചത്, ആരോഗ്യമില്ലെങ്കിൽ ഒന്നേകാൽലക്ഷത്തിന്റെ വോട്ടുകൾക്ക് കണ്ണൂരിൽ നിന്ന് സുധാകരൻ ജയിക്കുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടു. ഇതിൽ കണ്ണൂരിലെ ജയം സുധാകരന്റെ ജനകീയതയ്ക്കുള്ള തെളിവാണെന്നതിൽ സംശയമില്ല. എന്നാൽ മറ്റ് നേട്ടങ്ങളിലൊക്കെ സുധാകരന്റെ പങ്ക് തുലോം പരിമിതമാണെന്നുള്ളതാണ് വാസ്തവം.

കെ.പി.സി.സി നേതൃത്വ പുനഃസംഘടന തടയുന്നതിൽ പലവട്ടം തൽപ്പരകക്ഷികൾ വിജയിച്ചു. നേതൃമാറ്റം സംബന്ധിച്ച് മാധ്യമചർച്ചകൾ ഏതാണ്ടടങ്ങിയ ഘട്ടത്തിലാണ് സുധാകരനെ വിശ്വാസത്തിലെടുത്ത് അദ്ദേഹത്തിന് ഒട്ടും അപമാനത്തിനിടയാക്കാതെ നേതൃമാറ്റം സാധ്യമാക്കാൻ ഹൈക്കമാൻഡ് തുനിഞ്ഞത്. സുധാകരനെ ഡെൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന കാർഗെയും രാഹുൽ ഗാന്ധിയും സുധാകരന് പരമാവധി ആദരവ് നൽകി സ്‌നേഹോഷ്മളമായ യാത്രയയപ്പ് നൽകുമ്പോൾ മാറ്റം ഉണ്ടാകും എന്ന് ബോധ്യപ്പെട്ടു. എന്നാൽ പരാതിയും പരിഭവവും ഇല്ലാതെ നിറഞ്ഞ മനസ്സോടെ സന്തോഷം പ്രകടിപ്പിച്ചാണ് അദ്ദേഹം കേരളത്തിലേക്ക് മടങ്ങിയത്.

എന്നാൽ ഇവിടെയെത്തിയ സുധാകരനോട് കെ. മുരളീധരനും ഡോ. ശശിതരൂരൂം പരസ്യമായും മറ്റുചില മുതിർന്ന നേതാക്കൾ പരോക്ഷമായും സ്ഥാനത്തുനിന്ന് മാറേണ്ടതില്ല എന്ന് ഉപദേശിച്ചു. എന്നാൽ സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അസൗകര്യം മൂലം പുതിയ പി.സി.സി നേതൃത്വത്തെ പ്രഖ്യാപിക്കുന്നത് രണ്ട് ദിവസം വൈകിയതിലൂടെ കെ.സുധാകരനെപ്പോലെ ഒരാളെ മനം മാറ്റിയെടുക്കാൻ തൽപ്പരകക്ഷികൾക്ക് ധാരാളം സമയം ലഭിച്ചു. അതോടെ ആത്മവിശ്വാസം വർദ്ധിച്ച സുധാകരൻ തന്നെ മാറ്റാൻ ആർക്കും കഴിയില്ല എന്ന് ഹൈക്കമാൻഡിനെ വെല്ലുവിളിക്കാൻ പോലും ധൈര്യപ്പെട്ടു.

സുധാകരനെ പ്രകോപിപ്പിച്ചതിന് പിന്നിൽ കേരളത്തിൽ ഗ്രൂപ്പിസം കത്തിച്ച് മുമ്പ് അവസരങ്ങൾ സ്വന്തമാക്കിയ മുതിർന്നവരായിരുന്നു. എന്നാൽ 2014 നുശേഷം അധികാരത്തോടും സ്ഥാനമാനങ്ങളോടും കൊതിയുള്ള നേതാക്കൾ എല്ലാം പോകട്ടെ, ആത്മാർത്ഥതയും കോൺഗ്രസ് സംസ്‌ക്കാരവും ഉള്ള നേതാക്കൾ മതി ഈ പാർട്ടിയിൽ എന്നുപറഞ്ഞുകൊണ്ട് പുതുതലമുറയുടെ ഒരു പുതിയ കോൺഗ്രസിനെ വാർത്തെടുക്കാനുള്ള രാഹുൽഗാന്ധി നടത്തിവരുന്ന പരിശ്രമം കേരളത്തിലും ഫലം കണ്ടിട്ടുണ്ട്.

പി.സി. വിഷ്ണുനാഥ്, ഷാഫിപറമ്പിൽ, വി.ടി.ബലറാം, റോജി എം#ം. ജോൺ, കെ.എസ്. ശബരിനാഥ്, ടി. സിദ്ദിഖ്, അബിൻ വർക്കി, ചാണ്ടി ഉമ്മൻ എന്നുതുടങ്ങി അഭ്യസ്തവിദ്യരും ഇന്റഗ്രിറ്റിയുള്ളവരുമായി ഒരു വലിയ സംഘം യൂവനേതാക്കൾ ഇന്ന് കോൺഗ്രസിന്റെ മുതൽകൂട്ടാണ്. സമീപവർഷങ്ങളിൽ കേരളത്തിലെ കോൺഗ്രസിന് പുതിയ ഉണർവ്വും ഊർജ്ജവും പകരാൻ ഈ യുവാക്കൾക്ക് സാധിച്ചിട്ടുണ്ട്. മിടുക്കന്മാരായ ഒരു യുവനിര ജനങ്ങൾക്ക് സ്വീകാര്യരായി മാറുമ്പോൾ തലമുറമാറ്റത്തിന് തടയിടാൻ കുതന്ത്രങ്ങൾ മെനയുന്ന നേതാക്കളെ ജനങ്ങൾ തള്ളിക്കളയും.

9 എം.എൽ.എമാരുമായി കരുണാകരന്റെ നേതൃത്വത്തിൽ നിയമസഭയിലിരുനന 1968-69കാലത്ത് യുവാക്കളുടെ മുന്നേറ്റം കോൺഗ്രസിലുണ്ടായ ശേഷം ഇപ്പോഴാണ് കോൺഗ്രസിൽ യുവാക്കൾ തിളങ്ങുന്നത്. മുപ്പതും നാൽപ്പതും വയസ്സിന് മുമ്പ് ഉയർന്ന പദവികൾ നേടിയെടുത്ത പല നേതാക്കൾക്കും അധികാരത്തോടുള്ള കൊതി തീരാത്തതുകൊണ്ടാണ് പാർട്ടിയിൽ ഒരു തലമുറ മാറ്റത്തെ തടയാൻ ശ്രമിക്കുന്നത്.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് സുധാകരൻ മാറിയാൽ ആന്റോ ആന്റണി വന്നേക്കും എന്ന ഊഹം വാർത്തയായപ്പോൾ നാലാം തവണയും കോൺഗ്രസ് എം.പിയായിരിക്കുന്ന അദ്ദേഹത്തെ വ്യക്തിഹത്യ നടത്താൻ വാർത്താമാധ്യമങ്ങൾ വഴിയും രാഷ്ട്രീയ നിരീക്ഷകരായ യൂ ട്യൂബർമാർ വഴിയും സമൂഹമാധ്യമങ്ങൾ വഴിയും വളരെ ആസൂത്രിതവും സംഘടിതവുമായ നീക്കമാണ് നടന്നത്. അതിന് പിന്നിൽ മറ്റേതെങ്കിലും പാർട്ടിക്കാരായിരുന്നില്ല.

സുധാകരൻ മാറ്റത്തിന് സമ്മതിക്കാതിരിക്കുകയും ആന്റോ ആന്റണിയെ അപകീർത്തിപ്പെടുത്തുകയും ചെയ്താൽ നേതൃമാറ്റത്തിൽ നിന്ന് ഹൈക്കമാൻഡ് പിന്മാറും എന്നാണ് ഉപജാപം സംഘടിപ്പിച്ചവർ കരുതിയത്. ആന്റോ ആന്റണി കത്തോലിക്കാസഭാവിശ്വാസിയാണ്. സഭയുടെ നോമിനിയാണ്. പ്രിയങ്കാഗാന്ധിയുടെയും റോബർട്ട് വധേരയുടെയും നോമിനിയാണ് എന്നൊക്കെയുള്ള വ്യാപകമായ നെഗറ്റീവ് പ്രചാരണം ഉണ്ടായതുകൊണ്ട് പുനഃസംഘടന ഉപേക്ഷിക്കാൻ ഹൈക്കമാൻഡ് തയ്യാറാവില്ല.

രാഹുൽഗാന്ധി തന്നെ കേരളത്തിലെ രണ്ട് ഡസനോളം പ്രധാനേ നേതാക്കളോട് അഭിപ്രായം ആരാഞ്ഞശേഷം സാമൂഹ്യയാഥാർത്ഥ്യങ്ങൾ കൂടി കണക്കിലെടുത്ത് കെ.പി.സി.സി പ്രസിഡന്റ്, വർക്കിംഗ് പ്രസിഡന്റുമാർ, യു.ഡി.എഫ് കൺവീനർ എന്നീ സ്ഥാനങ്ങളിലേക്ക് ഒരു ടീമിനെ പ്രഖ്യാപിച്ചപ്പോൾ ആരെല്ലാം തടയിട്ടാലും കോൺഗ്രസിൽ തലമുറമാറ്റം ഉണ്ടാകും എന്ന് വ്യക്തമായ സന്ദേശമാണ് രാഹുൽഗാന്ധിയും ഹൈക്കമാൻഡും നൽകിയിരിക്കുന്നത്.

അങ്ങനെ അനിശ്ചിതത്വത്തിനും നാടകീയത നീക്കങ്ങൾക്കും ഒടുവിൽ പേരാവൂർ എം.എൽ.എ സണ്ണീ ജോസഫ് പുതിയ കെ.പി.സി.സി പ്രസിഡന്റായി നിയമിതനായി. അടൂർ പ്രകാശിനെ യു.ഡി.എഫ് കൺവീനറാക്കി. എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എം.പി എന്നീ യുവതുർക്കികളേയാണ് വർക്കിംഗ് പ്രസിഡന്റുമാരാക്കിയിരിക്കുന്നത്. കെ. സുധാകരനെ പ്രവർത്തകസമിതിയിൽ സ്ഥിരം ക്ഷണിതാവാക്കി.

2011 ൽ പേരാവൂരിൽ സിറ്റിംഗ് എം.എൽ.എയായിരുന്ന കെ.കെ.ഷൈലജയെ തോൽപ്പിച്ച് നിയമസഭയിലെത്തിയ സണ്ണിജോസഫ് 2016 ലും 2021 ലും ജയം ആവർത്തിച്ചു. സൗമ്യതയും പക്വതയും കൊണ്ട് രാഷ്ട്രീയ എതിരാളികളുടെ പോലും ആദരം പിടിച്ചുപറ്റാൻ കഴിയുന്ന വ്യക്തിത്വമാണ് സണ്ണീജോസഫിന്റേത്. 2004 മുതൽ 2011 വരെ സംസ്ഥാനമന്ത്രിയായിരുന്ന അടൂർ പ്രകാശ് അഞ്ചുതവണ കോന്നി എം.എൽ.എ ആയിരുന്നു. ആറ്റിങ്ങലിൽ നിന്ന് 2019 ലും 2024 ലും എം.പിയായി.

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് ഈ പുനസംഘടനയിൽ നിർണ്ണായകറോൾ ഉണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ല. ഡെൽഹിയിൽ എ.ഐ.സി.സി വിളിച്ചുചേർത്ത യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയും തമ്മിൽ രമ്യതയോടെ നീങ്ങുന്നു എന്നാണ് അടുപ്പക്കാർ പറയുന്നത്. 9 വർഷം കേരളത്തിലും 11 വർഷം കേന്ദ്രത്തിലും അധികാരത്തിന് പുറത്തുനിന്നിരുന്നവർ ഇനിയെങ്കിലും സ്ഥാനമല്ല പാർട്ടിയുടെ വിജയമാണ് ആവശ്യം എന്നുകരുതിയില്ലെങ്കിൽ ഒരു പുനസംഘടന കൊണ്ടും കാര്യമുണ്ടാവില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img