
ബംഗളുരു: " ഞാൻ ബിജെപി യുടെ ആശയങ്ങൾ മുറുകെ പിടിക്കുന്ന ആളാണ്. പ്രധാനമന്ത്രി മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ഞാൻ ബഹുമാനിക്കുന്നു. യഡിയൂരപ്പയുടെ കുടുംബ വാഴ്ചയെയാണ് ഞാൻ എതിർത്തത്. യു പിയിലെ ആദിത്യനാഥ്, മഹാരാഷ്ട്രയിലെ ഫെഡ്നാവിസ്, ആസ്സാമിലെ ഹിമന്ത ബിസ്വാസ് ശർമ്മ എന്നിവരെപ്പോലെ ഹിന്ദുമത വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കാൻ കർണാടകത്തിലെ ബിജെപിയ്ക്ക് കഴിയുന്നില്ല. നല്ലൊരുവിഭാഗം അണികൾ അസംതൃപ്തരാണ്. വിട്ടുവീഴ്ച്ച രാഷ്ട്രീയമാണ് സംസ്ഥാനത്ത് യഡിയൂരപ്പയുടെ നിർദ്ദേശപ്രകാരം പാർട്ടി അനുവർത്തിക്കുന്നത്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും യഡിയൂരപ്പയും തമ്മിൽ രഹസ്യധാരണകളുണ്ട്. വിജയേന്ദ്രയ്ക്ക് പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിയില്ല. വാസ്തവം മനസ്സിലാക്കി ദേശീയ നേതൃത്വം എന്നെ ആദരവോടെ തിരിച്ചെടുക്കുമെന്നാണ് എന്റെ വിശ്വാസം" ബിജെപിയിൽനിന്നും ആറു വർഷത്തേക്ക് പുറത്താക്കപ്പെട്ട വിമത നേതാവ് ബസന ഗൗഡ പാട്ടീൽ യത് നാൽ വ്യക്തമാക്കി. സംസ്ഥാന നേതൃത്വത്തെ നിരന്തരം വിമർശിച്ചിരുന്ന, മുൻ കേന്ദ്ര മന്ത്രി കൂടിയായ മുതിർന്ന നേതാവ് യത് നാളിന് നിലപാട് തിരുത്താൻ ദേശീയ നേതൃത്വം പലതവണ അവസരം നൽകിയിരുന്നു. അത് അനുസരിക്കാതെ യത് നാൽ വിമർശനം തുടർന്നു. നിവൃത്തി യില്ലാത്ത ഘട്ടം വന്നപ്പോഴാണ് അദ്ദേഹത്തെ പുറത്താക്കിയത്. മുമ്പും ഈ നേതാവ് അച്ചടക്ക നടപടി നേരിട്ട് ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട്. യഡിയൂരപ്പയുടെ മകനും എം എൽ എയുമായ വിജയേന്ദ്രയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ. അദ്ദേഹത്തിന്റെ നേതൃത്വം യത് നാൽ അംഗീകരിക്കുന്നില്ല. വിജയേന്ദ്രയെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന നിലപാടുള്ള രമേഷ് ജാർക്കിഹോളി, കുമാർ ബംഗാരപ്പ, മുൻ കേന്ദ്രമന്ത്രി സിദ്ദേശ്വർ തുടങ്ങിയവർ യത് നാളിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. നേതൃത്വത്തിന് എതിരായി പ്രവർത്തിച്ചാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് ദേശീയ നേതൃത്വം വിമത നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹിന്ദുത്വ ആശയങ്ങളിൽ വിശ്വസിക്കുന്ന നിരവധി ആളുകൾ പിന്തുണ അറിയിച്ചുകൊണ്ട് സന്ദേശങ്ങൾഅയക്കുന്നുണ്ടെന്ന് യത് നാൽ വെളിപ്പെടുത്തി. "വിജയേന്ദ്രയെ അധ്യക്ഷ സ്ഥാനത്ത് തുടരാൻ ദേശീയ നേതൃത്വം അനുവദിച്ചാൽ ഹിന്ദു പാർട്ടി രൂപീകരിക്കുമെന്ന് യത് നാൽ സൂചിപ്പിച്ചു. എന്നാൽ യത് നാൽ പുറത്തുപോയത് സന്തോഷകരമായ കാര്യമല്ലെന്നും അത് ആഘോഷിച്ചാൽ നേതൃത്വപദവിയിൽ ഇരിക്കാൻ താൻ അർഹനല്ലെന്നാണ് അർത്ഥമെന്നും വിജയേന്ദ്ര പറഞ്ഞു. "യത് നാൽ പുറത്തായത് തികച്ചും ദൗർഭാഗ്യകരമാണ്. സകലരും ബഹുമാനിക്കുന്ന യഡിയൂരപ്പയെ അദ്ദേഹം വിമർശിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്യുന്നത് എന്തിനാണെന്നറിയില്ല. ഏതായാലും യത് നാളിന് മറുപടി പറയാൻ ഞാൻ ആളല്ല" വിജയേന്ദ്ര വ്യക്തമാക്കി. കർണാടകത്തിൽ ബിജെപി വീണ്ടും ക്ഷീണിക്കുന്നു എന്നാണ് യത് നാളിനെ പുറത്താക്കിയതിൽ നിന്നും ബോധ്യപ്പെടുന്നത്.
Photo Courtesy - Google











