
കൊച്ചി: ഫെമ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ഇ ഡി നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച ട്വൻ്റി 20 പാർട്ടി പ്രസിഡൻ്റ് സാബു എം ജേക്കബ് ഉളുപ്പുണ്ടെങ്കിൽ ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. ഇ ഡി കേസിൽ നിന്ന് രക്ഷപെടാനാണ് പാർട്ടിയെ എൻ ഡി എ പാളയത്തിൽ എത്തിച്ചതെന്ന് ഇതോടെ വ്യക്തമായി. ആത്മാഭിമാനമുള്ളവർ ഇനിയും ട്വൻ്റി 20യിൽ അവശേഷിക്കുന്നുണ്ടെങ്കിൽ പാർട്ടി വിട്ട് പുറത്ത് വരണം. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അടക്കമുള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിൽ ചാക്കിട്ട് പിടുത്തവും ഭരണം പിടിച്ചെടുക്കലും നടത്തുന്ന ബി ജെ പി കേരളത്തിലും അതേ വഴികൾ പരീക്ഷിക്കുകയാണ്. ജയിലിൽ കിടക്കുന്നത് ഒഴിവാക്കാനാണ് സാബു ജേക്കബ് പാർട്ടിയെ ബിജെപിക്ക് അടിയറ വച്ചതെന്നും ഷിയാസ് ആരോപിച്ചു. പി ടി തോമസിനെതിരായ സാബുവിൻ്റെ ആരോപണങ്ങൾ കേരളത്തിലെ ജനങ്ങൾ പുച്ഛിച്ച് തള്ളും. നോട്ടീസ് അയക്കുന്നവരെയെല്ലാം ജയിലിൽ അടയ്ക്കാനായെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരും. സ്വന്തം താൽപര്യത്തിനായി ഒരു പാർട്ടിയെ ബിജെപിയുടെ തൊഴുത്തിൽ കൊണ്ട് കെട്ടിയ സാബു ജേക്കബ് പാർട്ടി പിരിച്ച് വിട്ട് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.
Photo Courtesy - Google








